ഇടുക്കി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ സ്ഥാനാര്‍ത്ഥിയുടെ ഏജന്റായി പ്രവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് സ്ഥാനാര്‍ത്ഥികളാകാമെന്നതിനാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് വിട്ടുനില്‍ക്കാനായി സ്ഥാനാര്‍ത്ഥിയുടെ ഏജന്റായി പ്രവര്‍ത്തിക്കാന്‍ നിരവധി പേര്‍ അനുമതി തേടിയ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്രകാരമുള്ള ഒരു അറിയിപ്പ് പുറപ്പെടുവിച്ചത്.


സെന്‍സിറ്റീവ് ബൂത്തുകളില്‍ വീഡിയോഗ്രാഫി ഏര്‍പ്പെടുത്തും

ഇടുക്കി:
ജില്ലയിലെ തിരഞ്ഞെടുപ്പുദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും സെന്‍സിറ്റീവ് എന്ന് കണ്ടെത്തുന്ന ബൂത്തുകളില്‍ വീഡിയോഗ്രാഫി ഏര്‍പ്പെടുത്തും. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് മേധാവിയുമായി കൂടിയാലോചിച്ച് ശുപാര്‍ശ ചെയ്യുന്ന ബൂത്തുകളില്‍ പോളിങ് ദിവസം കമ്മീഷന്റെ െചലവിലും ഏതെങ്കിലും സ്ഥാനാര്‍ത്ഥികളോ സംഘടനകളോ രാഷ്ട്രീയപാര്‍ട്ടികളോ ആവശ്യപ്പെടുന്ന ബൂത്തുകളില്‍ അവരുടെ ചെലവിലും കമ്മീഷന്‍ നിശ്ചയിച്ച് നല്‍കുന്ന നിരക്കില്‍ വീഡിയോ ക്യാമറ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കും. പോളിങ് ദിവസത്തേക്ക് ബൂത്തൊന്നിന് 4000 രൂപയാണ് ഏകീകൃത നിരക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് അവലോകനം ഇന്ന്

ഇടുക്കി:
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇതുവരെ പൂര്‍ത്തിയായതും ഇനി പൂര്‍ത്തിയാകാന്‍ ഉള്ളതുമായ പ്രവര്‍ത്തനങ്ങളുടെ അവലോകനം വെള്ളിയാഴ്ച വൈകീട്ട് 6.30ന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരുമെന്ന് തിര
ഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.


സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ അറിയിക്കണം

ഇടുക്കി:
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സ്ഥാനാര്‍ത്ഥിയുടെ ഗുണകാംക്ഷികളോ രാഷ്ട്രീയ പാര്‍ട്ടികളോ ചെലവാക്കുന്ന തുക സംബന്ധിച്ച് ഏത് കാര്യത്തിന് ആര്‌ െചലവാക്കിയെന്നുള്ള വിവരങ്ങള്‍ രേഖാമൂലം ഉടനെ തന്നെ വരണാധികാരിയെ അറിയിക്കണം. ചെലവ് ചെയ്ത ആളോ പാര്‍ട്ടിയോ ചെലവുചെയ്ത തുക സംബന്ധിച്ച് എന്തിനുവേണ്ടിയാണ് ചെലവാക്കിയതെന്നുള്ള വിശദമായ വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.


പഞ്ചായത്തുകളിലേക്ക് സെക്ടറല്‍ ഓഫീസര്‍മാരെ നിയമിച്ചു

ഇടുക്കി:
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ ബ്ലോക്കുകളിലെ പഞ്ചായത്തുകളിലേക്കുള്ള സെക്ടറല്‍ ഓഫീസര്‍മാരെ നിയമിച്ചു. അഴുത ബ്ലോക്കില്‍ വിവിധ സെക്ടറുകളിലായി പത്ത് സെക്ടറല്‍ ഓഫീസര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. കട്ടപ്പന ബ്ലോക്കില്‍ ഒന്‍പതും ഇടുക്കി ബ്ലോക്കില്‍ പത്തും ദേവികുളം ബ്ലോക്കില്‍ പതിനഞ്ചും സെക്ടറല്‍ ഓഫീസര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. നെടുങ്കണ്ടം ബ്ലോക്കില്‍ 13 പേരെയും ഇളംദേശം ബ്ലോക്കില്‍ 11 പേരെയും അടിമാലിയില്‍ എട്ട് പേരെയുമാണ് നിയമിച്ചിരിക്കുന്നത്. തൊടുപുഴ ബ്ലോക്കില്‍ ആറ് പേരെ നിയമിച്ചപ്പോള്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ മൂന്ന് പേരെയും കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ രണ്ട് പേരെയുമാണ് നിയമിച്ചിട്ടുള്ളത്.