എല്‍.ഡി.എഫിന് സ്ഥാനാര്‍ഥിയില്ല

ഏലപ്പാറ:
ഇടതുപക്ഷത്തിന് സ്ഥാനാര്‍ഥിയില്ലാത്ത ഏലപ്പാറ ഗ്രാമപ്പഞ്ചായത്തിലെ തണ്ണിക്കാനം വാര്‍ഡില്‍ വോട്ടുചെയ്യേണ്ടെന്ന് സി.പി.എം. നിര്‍ദ്ദേശം. എം.എല്‍.എ. ഇ.എസ്.ബിജിമോള്‍ വോട്ടുചെയ്യേണ്ട വാര്‍ഡില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയത് വാര്‍ത്തയായിരുന്നു. നാമനിര്‍ദ്ദേശപത്രികാ സൂക്ഷ്മപരിശോധനയില്‍ പത്രികയില്‍ സ്ഥാനാര്‍ഥിയുടെ ഒപ്പ് ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അസാധുവാകുകയായിരുന്നു.
സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന തണ്ണിക്കാനം വാര്‍ഡില്‍ ഓമന േപ്രമസുധന്റെ നാമനിര്‍ദ്ദേശപത്രികയാണ് സൂക്ഷ്മപരിശോധനയ്ക്കിടെ തള്ളിയത്. ഇതേതുടര്‍ന്ന് യു.ഡി.എഫിലെ ജ്യോതി ബോബിയും ബി.ജെ.പി.യിലെ സുനിതാ മധുവും തമ്മിലായി മത്സരം.
കഴിഞ്ഞതവണ കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ നടന്ന പോരാട്ടത്തില്‍ 52 വോട്ടുകള്‍ക്ക് സി.പി.എം. സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. സി.പി.എം. നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീടുകള്‍ കയറി പ്രചാരണം നടത്തുന്ന പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും വോട്ടുചെയ്യാനാണ് ആവശ്യപ്പെടുന്നത്. പാര്‍ട്ടി അനുഭാവികളോട് ഗ്രാമപ്പഞ്ചായത്തിലേക്കുള്ള വോട്ട് ഒഴിവാക്കാനും ആവശ്യപ്പെടുന്നുണ്ട്. സി.പി.എം. ആവശ്യപ്പെടുന്നതുപോലെ സി.പി.ഐ.യും വോട്ട് ബഹിഷ്‌കരിക്കാന്‍ അണികളോട് ആവശ്യപ്പെടാനാണ് സാധ്യത.