തൃശൂര്‍: തൃശൂര്‍ ജില്ലയിലെ യു.ഡി.എഫ് മേല്‍ക്കോയ്മയെ തകര്‍ത്തെറിയുന്ന ജനവിധിയായിരുന്നു ഇത്തവണത്തേത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ തന്നെ സീറ്റിനെച്ചൊല്ലിയും സ്ഥാനാര്‍ഥികളെ ചൊല്ലിയും യു.ഡി.എഫില്‍ ഉണ്ടായ അസ്വാരസ്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് വേണം കരുതാന്‍. നഗരസഭകളിലും ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും മിന്നുന്ന പ്രകടനമാണ് എല്‍.ഡി.എഫ് കാഴ്ചവെച്ചത്.
യു.ഡി.എഫ് ഭയന്നിരുന്ന പോലെ തന്നെ വിമത ശല്യവും യു.ഡി.എഫിന് തിരിച്ചടിയായി. കഴിഞ്ഞ തിരഞ്ഞടുപ്പില്‍ കോര്‍പ്പറേഷനില്‍ 55 ഡിവിഷനുകളില്‍ 47 ഉം യു.ഡി.എഫിനൊപ്പമായിരുന്നു. എന്നാല്‍ ഇത്തവണ അത് 21 ആയി കുറഞ്ഞു. ഭരണം ലക്ഷ്യമാക്കി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ എല്‍.ഡി.എഫിന് 25 ഡിവിഷനുകളില്‍ മുന്നേറാന്‍ സാധിച്ചു. എന്നാല്‍ അവരുടെ മേയര്‍ സ്ഥാനാര്‍ത്ഥി ഡോ. ഷീല വിശ്വനാഥന് പരാജയപ്പെട്ടു. യു.ഡി.എഫിന്റെ മുന്മേയറായിരുന്ന ഐ.പി പോളും പരാജയപ്പെട്ടു. മാത്രമല്ല ബി.ജെ.പിയും മികച്ച മുന്നേറ്റം തന്നെ കാഴ്ച വച്ചു. തൃശൂര്‍ കോര്‍പ്പറേഷനില്‍ ആറ് ഡിവിഷനുകളിലാണ് ബി.ജെ.പി വിജയിച്ചത്. എസ്.എന്‍.ഡി.പി. യോഗവുമായുള്ള ചങ്ങാത്തം ബി.ജെ.പിക്ക് ഗുണം ചെയ്തെന്നുവേണം കരുതാന്‍.
പുതുതായി രൂപംകൊണ്ട വടക്കാഞ്ചേരി നഗരസഭയടക്കം ഏഴ് നഗരസഭകളിലും എല്‍.ഡി.എഫ് അതിശക്തമായ മുന്നേറ്റം തന്നെ നടത്തി. മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ തട്ടകമായ വടക്കാഞ്ചേരി നഗരസഭയുടെ ആദ്യഭരണം എല്‍.ഡി.എഫിന്റെ കൈകളിലെത്തിയിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് തിരഞ്ഞൈടുപ്പിലും പ്രത്യേകിച്ച് 2010-ല്‍ മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ യു.ഡി.എഫിന് ഇക്കുറി ഇരിങ്ങാലക്കുടയില്‍ അടി പതറി. കഴിഞ്ഞ തവണ നേടിയ 28 ഡിവിഷനുകളിലെ വിജയം ഇത്തവണ അവര്‍ക്ക് ആവര്‍ത്തിക്കാനായില്ല. 19 ഡിവിഷനുകളിലാണ് അവര്‍ക്ക് വിജയം നേടാന്‍ സാധിച്ചത്. എല്‍.ഡി.എഫ് ശക്തമായ മുന്നേറ്റം കാഴ്ച വച്ചുവെങ്കിലും ഭരണം കൈയാളാനുള്ള ഭൂരിപക്ഷം ആര്‍ക്കും നേടാന്‍ സാധിച്ചിട്ടില്ല.
എല്‍.ഡി.എഫ് മേല്‍ക്കൈ നേടിയ കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ബി.ജെ.പിക്കുണ്ടായ ശക്തമായ മുന്നേറ്റമാണ് തൃശൂരില്‍ എടുത്തുപറയേണ്ട മറ്റൊരു പ്രധാന സംഗതി. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ഏറ്റവും വലിയ രണ്ടാംകക്ഷിയായി ബി.ജെ.പി വളര്‍ന്നു. 2010-ല്‍ ആറു ഡിവിഷനുകളില്‍ വിജയിച്ച ഇവര്‍ ആറില്‍ നിന്ന് 16 ലേക്കാണ് വിജയിച്ചു കയറിയിരിക്കുന്നത്. ഏഴുനഗരസഭകളില്‍ ചാവക്കാടൊഴികെയുളള ആറു നഗരസഭകളിലും യു.ഡി.എഫിന് വിമതശല്യം ഒരു ഭീഷണിയായിരുന്നു. എന്നാല്‍ ഈ ആനുകൂല്യം ചാവക്കാട് യു.ഡി.എഫിനെ പ്രത്യേകിച്ച് തുണച്ചതായി കരുതാന്‍ സാധിക്കില്ല. എന്നാല്‍ കഴിഞ്ഞ തവണത്തെ പതിനൊന്ന് ഡിവിഷനുകളിലെ വിജയം യു.ഡി.എഫ് ഇത്തവണയും നിലനിര്ത്തിയെന്നുള്ളത് ശ്രദ്ധേയമാണ്.
ചാലക്കുടിയിലും കുന്നംകുളത്തും എല്‍.ഡി.എഫ് തന്നെയാണ് മുന്നേറിയിരിക്കുന്നതെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം നേടാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. ഗുരുവായൂരില്‍ മാത്രമാണ് യു.ഡി.എഫിന് തങ്ങളുടെ ശക്തി തെളിയിക്കാന്‍ സാധിച്ചത്. ഇവിടെ കെ.പി.സി.സി മുന്‍. നിര്‍വാഹകസമിതി അംഗമായിരുന്ന ശാന്തകുമാരി ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിക്കുകയും ചെയ്തു.
കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തില്‍ 29 ഡിവിഷനുകളില്‍ 17ഉം യു.ഡി.എഫിനായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലും പതിനാറില്‍ ഒന്‍പതിടത്തും യു.ഡി.എഫ്. ഭരിച്ചു. മൂന്ന് മുനിസിപ്പാലിറ്റികളില്‍ എല്‍.ഡി.എഫ്. ഭരണം നിലനിര്‍ത്തിയപ്പോള്‍ മൂന്നിടത്ത് യു.ഡി.എഫിനാണ് ഭരണം ലഭിച്ചത്. ജില്ലയിലെ 88 ഗ്രാമപ്പഞ്ചായത്തുകളില്‍ 57 പഞ്ചായത്തുകളും യു.ഡി.എഫിനൊപ്പമായിരുന്നു. ഇത്തവണ ഗ്രാമപ്പഞ്ചായത്തുകള്‍ 86 ആയി കുറഞ്ഞു.
ഇത്തവണ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും എല്‍.ഡി.എഫ് മുന്നേറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇതുവരെ പുറത്ത് വന്നിരിക്കുന്ന ഫലങ്ങളില്‍ നിന്നും ഇതുവരെ കാണാന്‍ സാധിക്കുന്നത്. കോണ്‍ഗ്രസ്സിലുണ്ടായ ഉള്‍പ്പോരുകളും ഉടുപ്പൂരലുമൊക്കെ തങ്ങള്‍ക്കനുകൂലമായി മാറുമെന്നുള്ള എല്‍.ഡി.എഫ് വിശ്വാസം ശരിവെക്കുന്ന ഫലമാണ് എതായാലും തൃശൂര്‍ ജില്ലയില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്.