തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ അടവുനയം സംബന്ധിച്ച ആകാംക്ഷകളുടെ പശ്ചാത്തലത്തിൽ മുസ്ലിം ലീഗുമായുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ മുന്നിലപാട് ആവര്ത്തിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. 
മുസ്ലിം ലീഗിനോട് മൃദുസമീപനം പ്രകടമാക്കി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്തുവന്നതിനു തൊട്ടുപിന്നാലെയാണ് വി.എസ്സിന്റെ പ്രഖ്യാപനം. വര്ഗീയ ശക്തികളെ അകറ്റിനിര്ത്തുകയും ഇടതുപക്ഷ കക്ഷികളുടെ ഐക്യം ഉറപ്പാക്കുകയും ചെയ്താല് ഇടതുമുന്നണിക്ക് വന്വിജയം ഉണ്ടാകുമെന്ന പ്രഖ്യാപനവുമായാണ് വി.എസ്സിന്റെ രംഗപ്രവേശം.    

മുസ്ലിം ലീഗിനോട് സി.പി.എം. അടുക്കുന്നുവെന്ന അഭ്യൂഹം ശക്തമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് ആവര്ത്തിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് മതനിരപേക്ഷമാണോ അല്ലയോ എന്ന വിഷയത്തിലേക്ക് ഇപ്പോള് പോകേെണ്ടന്ന പിണറായി വിജയന്റെ നിലപാടിനെ തള്ളി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തുവന്നിരുന്നു.
ഇടതുപക്ഷ സ്വഭാവമുള്ള ജനതാദളും ആര്.എസ്.പി.യും എല്.ഡി.എഫിലുണ്ടായിരുന്നതാണ് 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില് ഇടതുമുന്നണിക്ക് ഉജ്ജ്വലവിജയം ലഭിക്കാന് കാരണമെന്നാണ് വി.എസ്. മുന്നോട്ടുവെക്കുന്ന വാദം.
പുന്നപ്ര-വയലാര് രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി ആലപ്പുഴയിലെ കഞ്ഞിക്കുഴിയില് സംഘടിപ്പിച്ച യോഗത്തിലാണ് അദ്ദേഹം തന്റെ നിലപാട് ആവര്ത്തിച്ചത്. വര്ഗീയകക്ഷികളെ കൂട്ടുപിടിക്കാതെ 2004-ല് 18 ലോക്സഭാ സീറ്റ് നേടാന് കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

കോട്ടയത്ത് കേരളാ കോണ്ഗ്രസ്സിനും മലപ്പുറത്ത് മുസ്ലിം ലീഗിനും പ്രാധാന്യം കൊടുത്താണ് യു.ഡി.എഫ്. പ്രവര്ത്തിക്കുന്നതെന്നും വര്ഗീയ കക്ഷികള്ക്ക് മുന്തൂക്കം നല്കുന്ന തന്ത്രമാണ് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പിന്തുടരുന്നതെന്ന ആക്ഷേപവും വി.എസ്. ഉയര്ത്തിയിട്ടുണ്ട്.
2004-ലെ എല്.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് അദ്ദേഹം പരസ്യപ്രസ്താവന നടത്തുന്നത് ഇതാദ്യമല്ല. പാര്ട്ടിക്കുള്ളിലും വി.എസ്. ഈ നിലപാട് പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനശക്തി വാരികയ്ക്ക് നല്കിയ അഭിമുഖത്തില് ‘ഇടതുപക്ഷത്തിനൊപ്പം ശക്തമായി നിന്ന പാര്ട്ടികളെ ഒഴിവാക്കുകയും വര്ഗീയ ശക്തികളെ എടുക്കുകയും ചെയ്തതിന്റെ ഫലമായി തോല്വികളുണ്ടായതായി’ പറഞ്ഞിരുന്നു.    

2004-ല് 20-ല് 18 സീറ്റിലും ജയിച്ചു. അതേസമയം, വര്ഗീയശക്തികളുമായുള്ള കൂട്ടുകെട്ടും വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ജനതാദളിനെ ഒഴിവാക്കിയതിന്റെയും ഫലമായി 2009-ല് അത് നാലായി ചുരുങ്ങിയെന്നും വി.എസ്. പറഞ്ഞിരുന്നു.    
എന്നാല്, ഈ അഭിമുഖത്തിലെ പരാമര്ശങ്ങള് അദ്ദേഹം പിന്നീട് നിഷേധിച്ചു. അഭിമുഖത്തിന്റെ പേരില് അവാസ്തവമായ കാര്യങ്ങളാണ് മാധ്യമങ്ങള് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല് ഈ അഭിമുഖത്തില് പറഞ്ഞ കാര്യങ്ങളുടെ പരോക്ഷമായ ആവര്ത്തനമാണ് കഞ്ഞിക്കുഴിയിലെ പൊതുയോഗത്തില് വി.എസ്. നടത്തിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.