തിരുവനന്തപുരം: എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഈഴവസമുദായത്തെ പറ്റിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ.     മൈക്രോ ഫിനാൻസിന്റെ പേരിൽ 5000 കോടിയാണ് വിവിധ ബാങ്കുകളിൽനിന്നു വായ്പയായി എടുത്തിരിക്കുന്നത്. ഇത് ഇതുവരെ തിരിച്ചടച്ചിട്ടില്ല. ജപ്തിനടപടി ആരംഭിക്കുമ്പോൾ മാത്രമേ പാവങ്ങൾ തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം അറിയൂവെന്നും വി.എസ്. പറഞ്ഞു.   കോർപ്പറേഷനിലെ അണമുഖം, കടകംപള്ളി, കരിക്കകം വാർഡുകളിലെ ഇടതുപക്ഷ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. ഈഴവ സമുദായത്തിലെ പാവപ്പെട്ട സ്ത്രീകളെ രക്ഷിക്കാനാണ് മൈക്രോഫിനാൻസ് തുടങ്ങിയത്. എന്നാൽ ചെറിയ ശതമാനത്തിന് എടുത്ത വായ്പ 18 ശതമാനം പലിശയ്ക്കാണ് പാവങ്ങൾക്ക് നൽകിയിരിക്കുന്നത്.  
    എസ്.എൻ. ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി.യുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്ന അധ്യാപക നിയമനങ്ങളിലൂടെയും വിദ്യാർഥി പ്രവേശനത്തിലൂടെയും വെള്ളാപ്പള്ളി 841 കോടി രൂപ തട്ടിയെടുത്തുവെന്നും വി. എസ്. ആരോപിച്ചു.

1996 മുതൽ 2013 വരെ 904 അധ്യാപക നിയമനങ്ങളാണ് നടന്നത്. ഇതുവരെയുള്ള ഓഡിറ്റ് റിപ്പോർട്ട് തന്റെ കൈയിലുണ്ട്. അധ്യാപക നിയമനങ്ങളിലൂടെ ലഭിച്ച ഒരു രൂപ പോലും ഇതിൽ വരവ്‌ െവച്ചിട്ടില്ല. എസ്.എൻ.ഡി.പി.യിലും എസ്.എൻ. ട്രസ്റ്റിലും നടന്ന അഴിമതിക്കെതിരെ തന്റെ പോരാട്ടം തുടരും. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇതിനുവേണ്ടി കേസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.