കൊച്ചി : മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകള്‍ ഉഷയെ സി.പി.എം. കൊച്ചിയില്‍ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നു.
 രവിപുരം ഡിവിഷനിലാണ് ഉഷയെ മത്സരിപ്പിക്കാന്‍  ആലോചിക്കുന്നത്.നായനാരുടെ കുടുംബവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.   സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണീ  
തീരുമാനം. ഉഷ ജയിച്ചാല്‍  മേയര്‍ സ്ഥാനാര്‍ഥിയാവാന്‍ ഇടയുണ്ട്.

മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി ബന്ധമില്ലാത്തവരെ പരിഗണിക്കുന്നതില്‍ സി.പി.എമ്മില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായി ഏറ്റവും അടുത്ത കുടുംബത്തില്‍ നിന്നുതന്നെ സ്ഥാനാര്‍ഥിയെ ഇറക്കാന്‍ നേതൃത്വം ആലോചിക്കുകയായിരുന്നു.

പാര്‍ട്ടി തീരുമാനം വരട്ടെ എന്ന് ഉഷയുടെ ഭര്‍ത്താവ് ബിസിനസുകാരനായ പ്രവീണ്‍ മേനോന്‍ 'മാതൃഭൂമി'യോട് പ്രതികരിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ പഠിച്ച ഉഷ രവിപുരം മാണിക്കോത്ത് റോഡിലാണ് താമസം. വീട്ടമ്മയാണ്. മക്കള്‍: ഗോകുല്‍ കൃഷ്ണ, അംഗിത പ്രവീണ്‍.