ജില്ലാപഞ്ചായത്തിൽ യു.ഡി.എഫിന് നേട്ടം
എം.വി.ആറിന്റെ മകൾ തോറ്റു
എൻ.രാമകൃഷ്ണന്റെ മകൾ ജയിച്ചു
ഫസലിന്റെ ഭാര്യ തോറ്റു
കാരായി രാജനും സുമാബാലകൃഷ്ണനും ജയിച്ചു
യൂത്ത്കോൺഗ്രസ്സുകാർ കൂട്ടത്തോടെ തോറ്റു
കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ അപ്രതീക്ഷിത മുന്നേറ്റം കാണിച്ച എൽ.ഡി.എഫ്. ഗ്രാമപ്പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പ്രതീക്ഷകളെ തകർത്ത വിജയം നേടി. അതേസമയം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ്. മുൻകാലങ്ങളെ അപേക്ഷിച്ച് മികച്ച നേട്ടം ഉണ്ടാക്കി. പുതിയ നഗരസഭകൾ ഒന്നൊഴിച്ച് മൂന്നും യു.ഡി.എഫ്. നേടി.
ആകെയുള്ള 24 ഡിവിഷനുകളിൽ 9 എണ്ണം അവർക്ക് ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെയുള്ള 26 സീറ്റിൽ 6 സീറ്റുകൾ മാത്രമേ യു.ഡി.എഫിന് ലഭിച്ചിരുന്നുള്ളൂ. ഇക്കുറി ആലക്കോട്, ചെറുകുന്ന്, കൊളച്ചേരി, കൊളവല്ലൂർ, നടുവിൽ, പയ്യാവൂർ, പേരാവൂർ, തില്ലങ്കേരി, ഉളിക്കൽ എന്നിവിടങ്ങളിലാണ് യു.ഡി.എഫ്. വിജയിച്ചത്.
ജില്ലയിലെ ആകെയുള്ള 71 ഗ്രാമപ്പഞ്ചായത്തുകളിൽ 52 എണ്ണവും എൽ.ഡി.എഫ്. നേടി. ഇത് 2005, 2010 വർഷത്തെക്കാൾ നേട്ടമാണ്. അതേസമയം യു.ഡി.എഫ് 19ൽ ഒതുങ്ങി. 30 പഞ്ചായത്തിലെങ്കിലും ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു എൽ.ഡി.എഫ്. ഭരണം പിടിച്ച 52 പഞ്ചായത്തുകളിൽ പത്ത് പഞ്ചായത്തുകളിൽ പ്രതിപക്ഷമേ ഇല്ലാത്ത സ്ഥിതിയാണ്. ഈ പത്തുൾപ്പെടെ 12 പഞ്ചായത്തുകളിൽ യു.ഡി.എഫിന് ഒറ്റ വാർഡുപോലും ലഭിച്ചില്ല. സ്വതന്ത്രനും ബി.ജെ.പിക്കുമാണ് ഒാരോ സീറ്റ് ലഭിച്ചത്. ഗ്രാമപ്പഞ്ചായത്തുകളിൽ ബി.ജെ.പിക്ക് 17 വാർഡുകൾ ലഭിച്ചു. കഴിഞ്ഞതവണ 12 സീറ്റുകളാണ് കിട്ടിയത്. അതേസമയം നഗരസഭകളിൽ കഴിഞ്ഞവർഷത്തെ രണ്ട് സീറ്റിൽ നിന്ന് 15ലേക്ക് ഉയർത്താനും കഴിഞ്ഞു.
ആന്തൂർ നഗരസഭയിൽ നേരത്തെ എതിരില്ലാതെ 14 സീറ്റിൽ എൽ.ഡി.എഫ്. വിജയിച്ചിരുന്നു. ബാക്കി തിരഞ്ഞെടുപ്പ് നടന്ന 14 സീറ്റിലും അവർ തന്നെ വിജയിച്ച് നഗരസഭയെ പ്രതിപക്ഷമില്ലാ നഗരസഭയാക്കി മാറ്റി. അതേസമയം പുതുതായി രൂപം കൊടുത്ത മറ്റു മൂന്നു നഗരസഭകളും യു.ഡി.എഫ്. വിജയിച്ചത് അവർക്ക് അഭിമാനിക്കാനായി. ശ്രീകണ്ഠപുരം, പാനൂർ, ഇരിട്ടി നഗരസഭകളിൽ അവർക്ക് വിജയിക്കാനായി. അതോടൊപ്പം തളിപ്പറമ്പ് നഗരസഭയും യു.ഡി.എഫിനൊപ്പമായി.
ബ്ലോക്കുകളിൽ എൽ.ഡി.എഫിന്റെ വിജയം സമ്പൂർണമാണ്. ആകെയുള്ള 11ൽ 11 ബ്ലോക്കുകളും അവർ പിടിച്ചു. ഇതിൽ പാനൂരിൽ പ്രതിപക്ഷമേയില്ല. കഴിഞ്ഞതവണ കണ്ണൂർ ബ്ലോക്ക് യു.ഡി.എഫിനായിരുന്നു. ഇത്തവണ ആകെയുള്ള 13 വാർഡിൽ രണ്ടെണ്ണമേ അവർക്ക് ലഭിച്ചുള്ളൂ.
പാട്യത്ത് ജില്ലാപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാർഥി കാരായി രാജൻ വൻഭൂരിപക്ഷത്തിൽ വിജയിച്ചു. അതേസമയം തലശ്ശേരി കോർപ്പറേഷനിൽ കാരായി ചന്ദ്രശേഖരൻ വിജയിച്ചെങ്കിലും പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ല.
പ്രമുഖരുടെ തോൽവികൾ ഇരുമുന്നണികളിലും ഉണ്ടായി. കണ്ണൂർ കോർപ്പറേഷനിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥി സുമാബാലകൃഷ്ണനും മുൻനഗരസഭാ വൈസ് ചെയർമാൻ അഡ്വ.ടി.ഒ.മോഹനനും ജയിച്ചു. അതേസമയം മുൻ കണ്ണൂർ നഗരസഭാ ചെയർപേഴ്സൺ റോഷ്നി ഖാലിദ് തോറ്റു. സുമാബാലകൃഷ്ണനെതിരെ മത്സരിച്ച എം.വി.ആറിന്റെ മകൾ എം.വി.ഗിരിജയും തോറ്റു. തലശ്ശേരിയിൽ കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ തോറ്റു.
ജില്ലാ പഞ്ചായത്തിൽ മത്സരിച്ച യൂത്ത് കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ഫൈസൽ, രജിത് നാറാത്ത്, സുദീപ് ജയിംസ് തുടങ്ങിയവർ പരാജയപ്പെട്ടു. ഐ.എൻ.എൽ. നേതാവ് അഷറഫ് പുറവൂർ, സി.എം.പി. നേതാവ് മാണിക്കര ഗോവിന്ദൻ എന്നിവരും തോറ്റു. അതേസമയം കേരളാ കോൺ. മാണി നേതാവ് േജായി കൊന്നക്കൽ, ഡി.വൈ.എഫ്.ഐ. നേതാവ് പി.പി. ദിവ്യ, ജനതാദൾ യു.നേതാവ് കെ.പി.ചന്ദ്രൻമാസ്റ്റർ, യൂത്തുകോൺ.നേതാവ് അജിത് മാട്ടൂൽ, ലീഗിലെ അൻസാരി തില്ലങ്കേരി തുടങ്ങിയവരും വിജയിച്ചു. സി.പി.ഐയ്ക്ക് രണ്ട് സീറ്റ് ലഭിച്ചു. കൂടാളിയിൽ കെ.മഹിജയും കോളയാട്ടിൽ വി.കെ.സുരേഷ്ബാബുവും.
ബി.ജെ.പി. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട വിജയം നേടി. പഞ്ചായത്തുകളിൽ 16 വാർഡും നഗരസഭകളിൽ 15 ഡിവിഷനും അവർ നേടി.