ജില്ലയിലെ 73 പഞ്ചായത്തുകളിൽ 47 ലും വിജയിച്ചത് എൽ.ഡി.എഫ്.
നാല് മുനിസിപ്പാലിറ്റികളിൽ മൂന്നിടത്തും   ഇടതുമുന്നണി
ജില്ലാ പഞ്ചായത്തും  എൽ. ഡി.എഫിന്
 കോർപ്പറേഷനിൽ ബി.ജെ. പി.ക്ക് ആറിരട്ടി നേട്ടം

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇടതു മുന്നേറ്റം. ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും ഇടതുമുന്നണി വ്യക്തമായ മുന്നേറ്റം നടത്തി. 
ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിൽ മൂന്നിടത്ത് ഇടതുമുന്നണി ഭരണം ഉറപ്പാക്കി. ഒരിടത്ത് മുന്നിലെത്തിയെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല.         തിരുവനന്തപുരം കോർപ്പറേഷനിലും ഇടതുമുന്നണി മുന്നിലെത്തിയെങ്കിലും കേവല ഭൂരിപക്ഷത്തിനാവശ്യമായ സീറ്റ് ലഭിച്ചില്ല. സീറ്റുകളുടെ എണ്ണത്തിൽ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആറിരട്ടി നേട്ടമുണ്ടാക്കി ബി. ജെ.പി. കോർപ്പറേഷനിലെ അനിഷേധ്യ സാന്നിധ്യമായി. ഒരു മുന്നണിക്കും കോർപ്പറേഷൻ ഭരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ വന്നതോടെ തൂക്കുഭരണമാകുമെന്നത് ഉറപ്പായി.
      ജില്ലയിലെ 73 പഞ്ചായത്തുകളിൽ 47 എണ്ണത്തിലും ഇടതുമുന്നണി മുന്നിലെത്തി. 18 എണ്ണത്തിൽ യു.ഡി.എഫും രണ്ടെണ്ണത്തിൽ ബി.ജെ.പി.യും മുന്നിലെത്തിയിട്ടുണ്ട്.
    തിരുവനന്തപുരം നഗരസഭയിൽ എൽ.ഡി.എഫിന് 42 സീറ്റുകളാണ് ലഭിച്ചത്. ഒരു ഇടത് പിന്തുണയുള്ള സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. 2010 ലെ തിരഞ്ഞെടുപ്പിൽ 51 സീറ്റുണ്ടായിരുന്ന ഇടതുമുന്നണിക്ക് ഇക്കുറി 9 സീറ്റുകളാണ് നഷ്ടമായത്. യു.ഡി.എഫിനാകട്ടെ 20 സീറ്റുകളാണ് നഷ്ടമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 41 സീറ്റുകളുണ്ടായിരുന്ന യു.ഡി.എഫ്. ഇക്കുറി 21 ആയി തകർന്നടിഞ്ഞു. ഇടതുമുന്നണിയുടെയും ഐക്യമുന്നണിയുടെയും പ്രധാന സ്ഥാനാർത്ഥികളിൽ ചിലർ പരാജയപ്പെട്ടുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 
          -3 കോർപ്പറേഷൻ പ്രദേശത്ത് ഇത്തവണ താരമായത് ബി. ജെ.പി. യാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും ആറ് സീറ്റുണ്ടായിരുന്ന ബി.ജെ.പി. ഇത്തവണ വൻ മുന്നേറ്റം നടത്തിയാണ് തങ്ങളുടെ സീറ്റുകളുടെ എണ്ണം 34 ആക്കിയത്. പരാജയപ്പെട്ട വാർഡുകളിൽ പലതിലും രണ്ടാമതെത്തിയതും ബി.ജെ.പി.യുടെ മികച്ച പ്രകടനം തെളിയിക്കുന്നു. കോർപ്പറേഷൻ വാർഡുകളിൽ ചിലതിലെങ്കിലും യു.ഡി. എഫിന്റെയും എൽ.ഡി.എഫിന്റെയും പ്രധാന നേതാക്കളെ തറപറ്റിച്ച് കരുത്തുകാട്ടാനും ബി.ജെ.പി.ക്ക് കഴിഞ്ഞു. 34 സീറ്റുകൾക്ക് പുറമേ തങ്ങളുടെ പിന്തുണയോടെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനും ബി.ജെ.പി.ക്കായി. 
       യു.ഡി.എഫ്. ഭരിച്ചിരുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഇക്കുറി എൽ.ഡി.എഫ്. തിരിച്ചുപിടിച്ചു.
 2010-ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 12 സീറ്റുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇക്കുറി അത് ഏഴ് കൂടി വർധിച്ച് 19 ആയി. യു.ഡി.എഫ്. ആകട്ടെ 14-ൽ നിന്ന്‌ ആറിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ബി.ജെ.പി.യും ജില്ലാ പഞ്ചായത്തിൽ നേട്ടമുണ്ടാക്കി. വെങ്ങാനൂർ ഡിവിഷനിൽ നിന്ന് ബി.ജെ.പി.ക്ക് തങ്ങളുടെ പ്രതിനിധിയെ ജില്ലാ പഞ്ചായത്തിലേക്ക് എത്തിക്കാനായി.
           ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിൽ വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട് എന്നിവിടങ്ങളിൽ ഇടതുമുന്നണി ഭരണം ഉറപ്പാക്കി. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ എൽ. ഡി.എഫ്. മുന്നിലെത്തിയെങ്കിലും കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുണ്ടായി. ഇവിടെ 12 സീറ്റുകൾ യു.ഡി.എഫ്. നേടിയപ്പോൾ 5 സീറ്റുകളിൽ യു.ഡി.എഫ്. വിമതൻമാരും വിജയിച്ചു. കഴിഞ്ഞ തവണ വിമതരുടെ പിന്തുണയോടെ യു. ഡി.എഫ്. ഭരിച്ച പഞ്ചായത്താണ് നെയ്യാറ്റിൻകര. വർക്കല നഗരസഭ യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ്. പിടിച്ചെടുത്തതാണ്. 
         ജില്ലയിലെ 73 പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. 47 ഇടത്ത് വിജയിച്ച് ഗ്രാമപ്രദേശങ്ങളിൽ ആധിപത്യം ഉറപ്പിച്ചു.
 യു.ഡി.എഫിന് 18 പഞ്ചായത്തുകൾ മാത്രമാണ് നേടാനായത്. അഞ്ച് പഞ്ചായത്തുകളിൽ യു.ഡി.എഫും എൽ.ഡി.എഫും തുല്യമായ സീറ്റുകളിൽ വിജയിച്ചു.
 ഒരിടത്ത് യു.ഡി.എഫും ബി. ജെ.പി.യും സീറ്റുകളുടെ എണ്ണത്തിൽ തുല്യത പാലിച്ചു. കഴിഞ്ഞ തവണ പഞ്ചായത്തുകളിൽ മുന്നിലെത്താനാകാതിരുന്ന ബി.ജെ.പി. കല്ലിയൂർ, വെങ്ങാനൂർ  പഞ്ചായത്തുകളിൽ മുന്നിലെത്തി. 75 പഞ്ചായത്തുകളിൽ 35 ഇടങ്ങളിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ഉറപ്പാക്കാനായില്ല.