കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം തുറന്നുെവച്ചുകൊണ്ട് ജനകീയ കൂട്ടായ്മയായ ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ചു. ആകെയുള്ള 19 വാർഡുകളിൽ 17ഉം സ്വന്തമാക്കിക്കൊണ്ടാണ് ഈ വിസ്മയ വിജയം. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട കിഴക്കമ്പലം, പൂക്കാട്ടുപടി ഡിവിഷനുകളിലും ട്വന്റി 20 ജേതാക്കളായി.
 കേരളത്തിലെ ഏക ചതുഷ്കോണ പോരാട്ടം നടന്ന കിഴക്കമ്പലത്ത് ഇരു മുന്നണികളെയും ബിജെപിെയയും ബഹുദൂരം പിന്തള്ളിയാണ് ട്വന്റി 20 യുടെ വിജയം. കാവുങ്ങപ്പറമ്പിൽ എസ്ഡിപിഐക്കും ചേലക്കുളത്ത് ലീഗിനും മുന്നിൽ മാത്രമാണ് ട്വന്റി 20 പരാജയപ്പെട്ടത്. പതിറ്റാണ്ടുകളായി പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ് കിഴക്കന്പലം മണ്ഡലം പ്രസിഡന്റും ഇപ്പോഴത്തെ വൈസ് പ്രസിഡന്റുമായ ഏലിയാസ് കാരിപ്ര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജി പോൾ, പട്ടികജാതി സംവരണ വാർഡിനെ കുത്തകയാക്കിയ രാജൻ കൊമ്പനാലിൽ എന്നിവർ ട്വന്റി 20-യുടെ പ്രവാഹത്തിൽ തോൽവിയിലേക്കൊലിച്ചുപോയി.
 കിറ്റക്സ് ഗ്രൂപ്പ് എം.ഡി. സാബു എം. ജേക്കബ് നേതൃത്വം നൽകുന്ന ട്വന്റി 20 രണ്ടര വർഷമായി നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾക്ക് കിഴക്കമ്പലത്തെ ജനങ്ങൾ നൽകിയ അംഗീകാരമാണിത്. തുടക്കം തൊട്ടേ എതിർപ്പുമായി രംഗത്തുവന്ന യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ പ്രതിരോധത്തെ അതിജീവിച്ചായിരുന്നു ട്വന്റി 20-യുടെ പോരാട്ടം. അവശ്യസാധനങ്ങൾ വില കുറച്ച് നൽകിക്കൊണ്ടും വീട്, കക്കൂസ്, റോഡ്, പാലം തുടങ്ങിയവ നിർമിച്ചുനൽകിക്കൊണ്ടുമാണ് ട്വന്റി 20 ജനപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ചത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പോരാട്ടമാണ് മറ്റൊന്ന്. ഇതെല്ലാംകൊണ്ട് സ്ത്രീകൾ വൻ തോതിൽ ട്വന്റി 20-ക്ക് പിന്നിൽ അണിനിരന്നു. പുലർച്ചെ അഞ്ചുമണിക്ക് ക്യൂവിലെത്തി വോട്ട് ചെയ്യാൻ നിന്നു.
  കിഴക്കമ്പലത്തെ 2020-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച പഞ്ചായത്താക്കുമെന്ന വാഗ്ദാനമാണ് ട്വന്റി 20 മുന്നോട്ടുെവച്ചത്. നിലവിലുള്ള ഭരണസമിതിയുടെ പ്രവർത്തന വൈകല്യങ്ങൾ സ്വന്തം ദൗത്യങ്ങളിലൂടെ തുറന്നുകാട്ടാനും അവർക്കായി. ഇതെല്ലാം പ്രതിഫലിച്ചപ്പോൾ കിഴക്കന്പലം കൂട്ടത്തോടെ ബൂത്തിലേക്കൊഴുകി. 
 
 പഞ്ചായത്തിരാജ് വിഭാവനം ചെയ്യുന്ന ക്ഷേമപരിപാടികളാണ് ട്വന്റി 20-യെ വിജയത്തിലെത്തിച്ചതെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അധികാരമാണ് ട്വന്റി 20 മുന്നോട്ടുെവച്ച മറ്റൊരാശയം. കൃത്യമായ മാനദണ്ഡങ്ങളോടെയാണ് സ്ഥാനാർഥികളെ കണ്ടെത്തിയത്. പഞ്ചായത്തിലേക്കുള്ള 19 സ്ഥാനാർഥികളിൽ 11 പേരും സ്ത്രീകളായിരുന്നു. 90 ശതമാനവും 50 വയസ്സിൽ താഴെയുള്ളവർ. 70 ശതമാനം പേരും ബിരുദധാരികൾ. അഡ്വക്കേറ്റും എം.ബി.എ., എം.എ. ബിരുദധാരികളും ട്വന്റി 20 സ്ഥാനാർഥി പട്ടികയിലുണ്ടായിരുന്നു. 
 ട്വന്റി 20-യുടെ വിജയം മുന്നിൽ കണ്ട് രഹസ്യ കൂട്ടുകെട്ടും ആരോപണങ്ങളുമായി ഇരു മുന്നണികളും രംഗത്തെത്തിയിരുന്നു. ഇത് മാധ്യമ പ്രവർത്തകർക്കെതിരെയുള്ള ആക്രമണം വരെയായി മാറി. അവശ്യസാധനങ്ങൾ വിലക്കുറവിൽ നൽകുന്ന ട്വന്റി 20 മാർക്കറ്റ് അടപ്പിക്കാനും ശ്രമമുണ്ടായി. ഒടുവിൽ ഹൈക്കോടതി ഇടപെട്ടാണ് ഇതിന് പ്രവർത്തനാനുമതി നൽകിയത്.