ജില്ലാപഞ്ചായത്ത്‌


തിരുവനന്തപുരം: യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളായ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലാ പഞ്ചായത്തുകൾ നിലനിർത്താനായെങ്കിലും ഇക്കുറി തിരുവനന്തപുരവും തൃശ്ശൂരും  മുന്നണിയെ കൈവിട്ടു. രണ്ട് സീറ്റ് നേടിയ ബി.ജെ.പി, കാസർകോട് ജില്ലാ പഞ്ചായത്തിൽ നിർണായക ശക്തിയായി. യു.ഡി.എഫിന് എട്ടും എൽ.ഡി.എഫിന് ഏഴും സീറ്റുകളാണ് ഇവിടെയുള്ളത്. വെങ്ങാനൂർ ഡിവിഷൻ സ്വന്തമാക്കി ബി.ജെ.പി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലും സ്ഥാനം ഉറപ്പിച്ചു.  

    2005-ൽ മലപ്പുറം, കോട്ടയം ജില്ലകൾ മാത്രമാണ് യു.ഡി.എഫിനൊപ്പമുണ്ടായിരുന്നത്. 2010-ൽ ആറ് ജില്ലകൾ കൂടി പിടിച്ചെടുത്തെങ്കിലും സംസ്ഥാനഭരണം കൈയാളുന്ന കോൺഗ്രസിന് ചുവട് പിഴക്കുകയായിരുന്നു. 
    17 സീറ്റുകളുണ്ടായിരുന്ന യു.ഡി.എഫിന്റെ സീറ്റെണ്ണം ഈ തിരഞ്ഞെടുപ്പോടെ ഏഴായി ചുരുങ്ങിയത് തൃശ്ശൂർ ജില്ലയെ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാക്കുന്നു. കഴിഞ്ഞതവണ ഇടുക്കിയിൽ 16 ഡിവിഷനുകൾ നേടി ചരിത്രത്തിലാദ്യമായി അധികാരം പിടിച്ച യു.ഡി.എഫിന് ഇക്കുറി 10 സീറ്റുകൊണ്ട് തൃപ്തിയടയേണ്ടിവന്നു. ഇടതുമുന്നണി നാല് സീറ്റ് നേടി. ജില്ലാ പഞ്ചായത്തുകളിലെ മൊത്തം 331 ഡിവിഷനുകളിൽ 177 എണ്ണം ഇടതുമുന്നണി നേടി. യു.ഡി.എഫിന് 147 ഉം ലഭിച്ചു.
    തിരുവനന്തപുരത്ത് ഇടതുമുന്നണി 19 സീറ്റും യു.ഡി.എഫ്. ആറ് സീറ്റുമാണ് നേടിയത്. നിലവിൽ  യു.ഡി.എഫിന് 14 ഉം ഇടതുമുന്നണിക്ക് 12 ഉം സീറ്റുകളാണുണ്ടായിരുന്നത്. കൊല്ലം ജില്ലയിൽ 22 ഡിവിഷനുകളാണ് ഇടതുമുന്നണി സ്വന്തമാക്കിയത്. നിലവിൽ 18 ഡിവിഷനുകളാണ് ഇടതുമുന്നണിക്കുണ്ടായിരുന്നത്. എട്ട് സീറ്റുകൾ ഉണ്ടായിരുന്ന യു.ഡി.എഫിന് ഇക്കുറി നാല് സീറ്റുകൊണ്ട് തൃപ്തിയടയേണ്ടിവന്നു. 
പത്തനംതിട്ടയിൽ യു.ഡി.എഫ്. സീറ്റെണ്ണം 11-ൽ നിലനിർത്തി. അഞ്ച് സീറ്റ് ഇടതുമുന്നണിയും നേടി. 

    ആലപ്പുഴയിൽ ഇടതുമുന്നണി സീറ്റ് 13-ൽ നിന്ന് 16 ആയി ഉയർത്തി. യു.ഡി.എഫ്. സീറ്റെണ്ണം പത്തിൽ നിന്ന് ഏഴായി ചുരുങ്ങി.  കോട്ടയത്ത് യു.ഡി.എഫ്. 19-ൽ നിന്ന് 14 ആകുകയും എൽ.ഡി.എഫ്. നാലിൽ നിന്ന് എട്ടാകുകയും ചെയ്തു. 

    16 സീറ്റുകളും കൈയിലുണ്ടായിരുന്ന ഇടുക്കിയിൽ യു.ഡി.എഫിന് ഇത്തവണ 10 സ്ഥാനം മാത്രമാണ് ലഭിച്ചത്. ഇടതുമുന്നണിക്ക് ആറ്. 

    എറണാകുളത്ത് യു.ഡി.എഫിനുണ്ടായിരുന്ന 23 സീറ്റുകൾ 16 ആയി ചുരുങ്ങി. എൽ.ഡി.എഫ്. സീറ്റുനില മൂന്നിൽ നിന്ന് 11 ആയി ഉയർന്നു. 
തൃശ്ശൂരിൽ ഇടതുമുന്നണിയുടെ നില 12-ൽ നിന്ന് 20 ആയി ഉയർത്തിയാണ് ഭരണം പിടിക്കുന്നത്. 17 സീറ്റുണ്ടായിരുന്ന യു.ഡി.എഫിന് ഇപ്പോൾ ഒമ്പതെണ്ണം മാത്രമാണ് ലഭിച്ചത്. 

    പാലക്കാട്ട് ഇടതുമുന്നണി സീറ്റുകൾ 18-ൽ നിന്ന് 27 ആയി ഉയർത്തി. കഴിഞ്ഞതവണ യു.ഡി.എഫിന് 11 സീറ്റുകളുണ്ടായിരുന്നെങ്കിലും ഇക്കുറി അത് മൂന്നായി ചുരുങ്ങി. 
മലപ്പുറത്തെ യു.ഡി.എഫ് സീറ്റുകൾ 30-ൽ നിന്ന് 27 ആയി ചുരുങ്ങി. ഇടതുമുന്നണി സീറ്റുകൾ രണ്ടിൽ നിന്ന് അഞ്ചായി ഉയർത്തി. 
കോഴിക്കോട് എൽ.ഡി.എഫ് സീറ്റുകൾ 14-ൽ നിന്ന് 16-ൽ എത്തി. 13 സീറ്റുകൾ കൈയിലുണ്ടായിരുന്ന യു.ഡി.എഫിന് 11 എണ്ണം മാത്രമാണ് ലഭിച്ചത്. 
-5വയനാട്ടിൽ യു.ഡി.എഫിന് 11 ഡിവിഷനുകളാണ് ലഭിച്ചത്. നിലവിൽ 13 ഡിവിഷനുകൾ അവർക്കുണ്ടായിരുന്നു. ഇടതുമുന്നണി സീറ്റുകൾ മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തി. കണ്ണൂരിൽ ഭരണം നിലനിർത്തിയെങ്കിലും ഇടതുമുന്നണിക്ക് തിരിച്ചടി നേരിട്ടു. 20 സീറ്റുകൾ കൈവശം വച്ചിരുന്ന അവർക്ക് ഇത്തവണ 14 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ആറിൽ നിന്ന് ഒമ്പതായി യു.ഡി.എഫ് നില മെച്ചപ്പെടുത്തി.-4 
    കാസർകോട് ജില്ലാ പഞ്ചായത്തിൽ 17-ൽ എട്ട് സീറ്റ് നേടിയ യു.ഡി.എഫ്. ഭരണത്തിലെത്താനാവുമെന്ന പ്രതീക്ഷയിലാണ്. എൽ.ഡി.എഫ്. ഏഴ് സീറ്റും നേടിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിൽ നിലവിലുള്ള ഒരു സീറ്റ് ബി.ജെ.പി. രണ്ടായി വർധിപ്പിച്ചു.