തിരുവനന്തപുരം: വ്യക്തമായ ഭൂരിപക്ഷമില്ലാതെ മുപ്പതോളം മുനിസിപ്പാലിറ്റികളിൽ ഭരണം ത്രിശങ്കുവിൽ. ബി.ജെ.പി. അടക്കമുള്ള കക്ഷികളുടെയോ സ്വതന്ത്രരുടെയോ പിന്തുണയോടെ മാത്രമേ ഇവിടെ പ്രമുഖ കക്ഷികൾക്ക് ഭരണത്തിലെത്താനാവൂ. ചിലയിടത്ത് വിമതരെ കൂടെനിർത്തേണ്ടതായും വരും.  
  തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട് മുനിസിപ്പാലിറ്റികളിൽ ഇടതുമുന്നണി ഭരണം ഉറപ്പിച്ചു. നെയ്യാറ്റിൻകരയിൽ എൽ.ഡി.എഫ്. മുന്നിലെത്തിയെങ്കിലും തൂക്കുഭരണത്തിനാണ് സാധ്യത. 12 സീറ്റുകൾ യു.ഡി.എഫ്. നേടി. അഞ്ചെണ്ണം ബി.ജെ.പി.യും. യു.ഡി.എഫ്. വിമതരായ അഞ്ചുേപർ ജയിച്ചു. എൽ.ഡി.എഫിന് 22 സീറ്റാണുള്ളത്. കഴിഞ്ഞ തവണയും ഇതേ അവസ്ഥയായിരുന്നെങ്കിലും യു.ഡി.എഫ്. വിമതരുടെ പിന്തുണയോടെയാണ് ഇവിടെ ഭരിച്ചത്.  വർക്കലയിൽ യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫ്. ഭരണം പിടിച്ചെടുക്കുകയായിരുന്നു.  
കൊല്ലം ജില്ലയിൽ പുതുതായി രൂപവത്കരിച്ച കൊട്ടാരക്കരയടക്കം നാല് മുനിസിപ്പാലിറ്റികളിലും ഇടതുമുന്നണി ഭരണം നേടി. 
ആലപ്പുഴ ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റികളിൽ ബി.ജെ.പി. നിർണായകമാവും. ചെങ്ങന്നൂരിൽ യു.ഡി.എഫ്. 12 സീറ്റും എൽ.ഡി.എഫ്. 8 സീറ്റും നേടി. ആറ് സീറ്റ് നേടിയ ബി.ജെ.പി.യും ഒരു സീറ്റുള്ള സ്വതന്ത്രനും ഇവിടെ നിർണായകമാവും. കായംകുളത്ത് യു.ഡി.എഫിന് 16ഉം എൽ.ഡി.എഫിന് 19ഉം സീറ്റാണുള്ളത്. ബി.ജെ.പി.ക്ക് ഏഴ് സീറ്റും സ്വതന്ത്രർക്ക് രണ്ട് സീറ്റുമുണ്ട്. മാവേലിക്കരയിൽ യു.ഡി.എഫ്. ആറും എൽ.ഡി.എഫ്. 12ഉം സീറ്റുകൾ നേടി. ഇവിടെ ബി.ജെ.പി.ക്ക് ഒമ്പത് സീറ്റും സ്വതന്ത്രന് ഒരു സീറ്റുമുണ്ട്. ചേർത്തല, ആലപ്പുഴ, പുതിയ നഗരസഭയായ ഹരിപ്പാട് എന്നിവിടങ്ങളിൽ യു.ഡി.എഫ്. ഭരണം ഉറപ്പിച്ചു. 

പത്തനംതിട്ട ജില്ലയിലെ പുതിയ മുനിസിപ്പാലിറ്റികളായ പന്തളത്തും അടൂരും ഭരണം അനിശ്ചിതത്വത്തിലാണ്. 33 സീറ്റുള്ള പന്തളത്ത് എൽ.ഡി.എഫ്. 15 സീറ്റ് നേടിയപ്പോൾ യു.ഡി.എഫിന് 11 സീറ്റുകൾ ലഭിച്ചു. ഏഴ് സീറ്റ് നേടിയ ബി.ജെ.പി. ഇവിടെ നിർണായകമാവും. അടൂരിൽ യു.ഡി.എഫിന് 13 സീറ്റും എൽ.ഡി.എഫിന് 14 സീറ്റും ലഭിച്ചു. യു.ഡി.എഫ്. വിമതനും ഇവിടെ ജയിച്ചിട്ടുണ്ട്.  പത്തനംതിട്ട, തിരുവല്ല മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫ്. ഭരണം ഉറപ്പിച്ചു.

ഇടുക്കി ജില്ലയിലെ തൊടുപുഴ, കട്ടപ്പന മുനിസിപ്പാലിറ്റികളിലും ബി.ജെ.പി. നിർണായകമാവും. പുതുതായി രൂപവത്കരിച്ച കട്ടപ്പനയിൽ യു.ഡി.എഫ്. 17 സീറ്റും എൽ.ഡി.എഫ്. 14 സീറ്റും നേടി. ബി.ജെ.പി.ക്ക് ഇവിടെ മൂന്ന് സീറ്റ്‌ ലഭിച്ചു. തൊടുപുഴയിൽ യു.ഡി.എഫിന് 14 സീറ്റാണുള്ളത്. എൽ.ഡി.എഫ്. 13 സീറ്റ്‌ നേടി. ബി.ജെ.പി.ക്ക് എട്ട് സീറ്റുണ്ട്. 

കോട്ടയം ജില്ലയിെല ഏറ്റുമാനൂർ, വൈക്കം, ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റികളിലും സ്വതന്ത്രരും ബി.ജെ.പി.യും മറ്റും നിർണായകമാവും. ഏറ്റുമാനൂരിൽ യു.ഡി.എഫിന് 14 ഉം എൽ.ഡി.എഫിന് 10ഉം സീറ്റുകളാണുള്ളത്. ബി.ജെ.പി. അഞ്ച് സീറ്റും മറ്റുള്ളവർ ആറ്‌ സീറ്റും നേടി. ഈരാറ്റുപേട്ടയിൽ എൽ.ഡി.എഫ്. 13 സീറ്റ് നേടി. യു.ഡി.എഫിന് 11 സീറ്റുണ്ട്. നാല് സീറ്റ് നേടിയ എസ്.ഡി.പി.ഐ. ആണ് ഇവിടെ നിർണായകമാവുക. വൈക്കത്ത് എൽ.ഡി.എഫ്. 11 സീറ്റ് നേടി. മൂന്ന് സീറ്റ് നേടിയ സ്വതന്ത്രരാകും ഇവിടെ  ഭരണം നിശ്ചയിക്കുക. ചങ്ങനാശ്ശേരിയിൽ യു.ഡി.എഫിന് 17 സീറ്റും എൽ.ഡി.എഫിന് 12 സീറ്റുമുണ്ട്. ബി.ജെ.പി. നാല് സീറ്റും മറ്റുള്ളവർ നാല് സീറ്റും നേടി. കോട്ടയം, പാലാ മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫിനാണ് മേൽക്കൈ.  

എറണാകുളം ജില്ലയിലെ 13 മുനിസിപ്പാലിറ്റികളിൽ അഞ്ചിടത്ത് യു.ഡി.എഫും നാലിടത്ത് എൽ.ഡി.എഫും ഭരണം ഉറപ്പിച്ചു. കൂത്താട്ടുകുളം, മരട്, തൃക്കാക്കര മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫ്. മുന്നിലെത്തിയെങ്കിലും ഭരണത്തിന് സ്വതന്ത്രരുടെ പിന്തുണ വേണ്ടിവരും. പെരുമ്പാവൂരിൽ ഇടതുമുന്നണിക്ക് ഭരിക്കാനും സ്വതന്ത്രപിന്തുണ തേടേണ്ടിവരും.  


തൃശ്ശൂരിലെ അഞ്ച് മുനിസിപ്പാലിറ്റികളിൽ ഭരണം പിടിക്കാൻ പ്രമുഖ കക്ഷികൾക്ക് ബി.ജെ.പി.യുടെയോ സ്വതന്ത്രരുടെേയാ പിന്തുണ തേടേണ്ടിവരും. യു.ഡി.എഫ്. ഭരിച്ചിരുന്ന ചാലക്കുടി മുനിസിപ്പാലിറ്റിയിലെ 36ൽ 17 എണ്ണമാണ് എൽ.ഡി.എഫിന്. യു.ഡി.എഫ്. 16 സീറ്റ് നേടി. ബി.ജെ.പി. ഒരു സീറ്റിലും സ്വതന്ത്രർ രണ്ട് സീറ്റിലും വിജയിച്ചു. നിലവിൽ ഇടതുമുന്നണി ഭരിക്കുന്ന ഗുരുവായൂരിലെ 43 സീറ്റിലെ 21 എണ്ണം എൽ.ഡി.എഫും 20 യു.ഡി.എഫും നേടി. ബി.ജെ.പി. ഒരു സീറ്റ്‌ നേടി. ഇവിടെ കോൺഗ്രസ് വിമതയായി മത്സരിച്ച നഗരസഭയുടെ പ്രഥമ ചെയർപേഴ്‌സൺ പി.കെ.ശാന്താകുമാരിയുടെ പിന്തുണയോടെ  ഭരണം പിടിക്കാൻ ഇടതുമുന്നണി ചർച്ച തുടങ്ങി. ഇരിങ്ങാലക്കുടയിലെ 41ൽ 19 സീറ്റുകൾ വീതം ഇടത്‌ വലത്‌ മുന്നണികൾ നേടി. മൂന്ന് സീറ്റുകൾ നേടിയ ബി.ജെ.പി. നിർണായകമാവും. ബി.ജെ.പി. പിന്തുണയോടെ യു.ഡി.എഫ്. ഭരിച്ച കുന്നംകുളത്ത് ഇക്കുറി എൽ.ഡി.എഫ്. 15ഉം യു.ഡി.എഫ്. 12ഉം സീറ്റും നേടി. ബി.ജെ.പി.ക്ക് 12ഉം ബി.ജെ.പി. സ്വതന്ത്രന് ഒരു സീറ്റും ലഭിച്ചു. ആർ.എം.പി.യും ഇവിടെ മൂന്ന് സീറ്റ്‌ നേടി. 
-1പുതിയ മുനിസിപ്പാലിറ്റിയായ വടക്കാഞ്ചേരിയിൽ 25 സീറ്റുകളുമായി ഇടതുമുന്നണി വ്യക്തമായ ഭൂരിപക്ഷം നേടി. യു.ഡി.എഫ്. പഞ്ചായത്തുകൾ ചേർത്ത് രൂപവത്കരിച്ച ഇവിടെ യു.ഡി.എഫിന് 15 സീറ്റുകൾകൊണ്ട് തൃപ്തിയടയേണ്ടിവന്നു. കൊടുങ്ങല്ലൂർ, ചാവക്കാട് എന്നിവിടങ്ങളിൽ എൽ.ഡി.എഫ്. ഭരണം പിടിച്ചു. 

പാലക്കാട് ജില്ലയിലെ ഏഴ് നഗരസഭകളിൽ നാലിടത്തും ആർക്കും കേവല ഭൂരിപക്ഷമില്ല. ചെർപ്പുളശേരി, മണ്ണാർക്കാട്, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ ഭരണം നിർണയിക്കാൻ ചെറുകക്ഷികളുടെ പിന്തുണ വേണ്ടിവരും. പാലക്കാട്ട് 52 സീറ്റിൽ 24 എണ്ണവും ബി.ജെ.പി. നേടി. യു.ഡി.എഫിന് 17ഉം എൽ.ഡി.എഫിന് ഒമ്പതും സീറ്റാണുള്ളത്. ഒരിടത്ത് വെൽഫെയർ പാർട്ടിയും ഒരിടത്ത് ലീഗ് വിമത സ്ഥാനാർഥിയും ജയിച്ചു. 
മണ്ണാർക്കാട് ഇടത്‌ വലത്‌ മുന്നണികൾ 13 സീറ്റുകൾ വീതം നേടി. ബി.ജെ.പി. മൂന്നുസീറ്റ്‌ നേടി. ചെർപ്പുളശ്ശേരിയിൽ ഒരു സ്വതന്ത്രസ്ഥാനാർഥി മരിച്ചതിനാൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. 32 സ്ഥലത്താണ് തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ്. 16 എണ്ണം നേടി. മാറ്റിവെച്ച സ്ഥലം ലീഗിന്റെ കോട്ടയായതിനാൽ അവിടെ യു.ഡി.എഫ്. വിജയപ്രതീക്ഷയിലാണ്. ഒറ്റപ്പാലത്ത് 36 വാർഡിൽ 15 സീറ്റ് എൽ.ഡി.എഫ്. നേടി. യു.ഡി.എഫ്. എട്ടും ബി.ജെ.പി. ആറും സ്വതന്ത്രർ ഏഴും സീറ്റ്‌ നേടി. 
ചിറ്റൂർ തത്തമംഗലം, പട്ടാമ്പി എന്നിവിടങ്ങളിൽ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഷൊറണൂരിൽ എൽ.ഡി.എഫും ഭൂരിപക്ഷം നേടി. 

മലപ്പുറം ജില്ലയിലെ 12 മുനിസിപ്പാലിറ്റികളിൽ പരപ്പനങ്ങാടിയിൽ ജനകീയമുന്നണിക്ക് മേൽക്കൈയുണ്ടെങ്കിലും ഇവിടെയും ഭരണം അനിശ്ചിതത്വത്തിലാണ്. പൊന്നാനി, പെരിന്തൽമണ്ണ, തിരൂർ മുനിസിപ്പാലിറ്റികൾ ഇടതുമുന്നണിക്ക് ലഭിച്ചു. മലപ്പുറം, മഞ്ചേരി, േകാട്ടയ്ക്കൽ, നിലമ്പൂർ, താനൂർ, വളാഞ്ചേരി, തിരൂരങ്ങാടി എന്നിവിടങ്ങളിൽ യു.ഡി.എഫ്. ഭരണം ഉറപ്പിച്ചു. കൊണ്ടോട്ടിയിൽ ജനകീയ മുന്നണിക്കാണ് ഭരണം.  

കോഴിക്കോട് ജില്ലയിലെ ഫറോക്ക് മുനിസിപ്പാലിറ്റിയിലും തൂക്കുഭരണമാവും. 38ൽ 16 സീറ്റുകൾ യു.ഡി.എഫിനും 18 സീറ്റുകൾ എൽ.ഡി.എഫിനും ലഭിച്ചു. ബി.ജെ.പി. ഒരു സീറ്റും യു.ഡി.എഫ്. വിമതർ രണ്ട് സീറ്റും നേടി. വിമതന്റെ പിന്തുണകൂടി ലഭിച്ചാൽ യു.ഡി.എഫിന്റെ സീറ്റുനില 18ൽ എത്തും. രാമനാട്ടുകര, മുക്കം, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ എൽ.ഡി.എഫും പയ്യോളി, കൊടുവള്ളി എന്നിവിടങ്ങളിൽ യു.ഡി.എഫും ഭരണം ഉറപ്പിച്ചു.  

വയനാട് ബത്തേരിയിൽ 17 സീറ്റുകൾ വീതം ഇരുമുന്നണികളും നേടി. ബി.ജെ.പി.യും ഇവിടെ ഒരു സീറ്റിൽ ജയിച്ചിട്ടുണ്ട്. മാനന്തവാടിയിൽ എൽ.ഡി എഫും കൽപ്പറ്റയിൽ യു.ഡി.എഫും ഭരണത്തിലെത്തി. 
കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ യു.ഡി.എഫ്. 15ഉം എൽ.ഡി.എഫ്. 13ഉം സീറ്റ് നേടി. അഞ്ച് സീറ്റ് നേടിയ  ബി.ജെ.പി. ഇവിടെ നിർണായകമാവും. ആന്തൂർ, പയ്യന്നൂർ, തലശ്ശേരി, കൂത്തുപറമ്പ് എന്നിവ എൽ.ഡി.എഫും തളിപ്പറമ്പ്, പാനൂർ, ശ്രീകണ്ഠാപുരം എന്നിവ യു.ഡി.എഫും നേടി.
കാസർകോട് ജില്ലയിൽ എൽ.ഡി.എഫ്. നീലേശ്വരം നിലനിർത്തിയതിനൊപ്പം കാഞ്ഞങ്ങാട് തിരിച്ചുപിടിച്ചു. കാസർകോട് യു.ഡി.എഫ്. നിലനിർത്തിയെങ്കിലും സീറ്റ്‌ കുറഞ്ഞു. ലീഗിനുണ്ടായിരുന്ന 21 സീറ്റുകൾ 20 ആയി. രണ്ട് സീറ്റുണ്ടായിരുന്ന കോൺഗ്രസ്സിന് സീറ്റൊന്നും ലഭിച്ചില്ല. നിലവിലുള്ള 11ൽനിന്ന് സീറ്റ് 14 ആയി വർധിപ്പിച്ച് ബി.ജെ.പി. മുന്നേറ്റം നടത്തി. 
യു.ഡി.എഫ്. കടുത്ത വിമതശല്യം നേരിട്ട കാഞ്ഞങ്ങാട് നഗരസഭ ആറ് സ്വതന്ത്രരുടെ പിന്തുണയോടെ എൽ.ഡി.എഫ്. പിടിച്ചടക്കി.