തിരുവനന്തപുരം: ഭരണം ഭദ്രമാക്കിയ ഭൂരിപക്ഷം കൊല്ലം, കോഴിക്കോട്, കൊച്ചി കോർപ്പറേഷനുകളിൽ മാത്രം. മറ്റ് മൂന്നിടങ്ങളിലും ഭരണം നിശ്ചയിക്കുക പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകളോ വിമതരോ ആയിരിക്കും. 

 ബി.ജെ.പി. നിർണായക ശക്തിയായ തിരുവനന്തപുരത്ത് ഭരണാനിശ്ചിതത്വം  ഉറപ്പായി. നൂറ്‌ വാർഡുകളുള്ള ഇവിടെ ആർക്കും കേവലഭൂരിപക്ഷമില്ല. എങ്കിലും പിന്തുണ നൽകിയ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 43 അംഗങ്ങളുള്ള എൽ. ഡി.എഫിനാണ് മേൽക്കൈ. കഴിഞ്ഞ കൗൺസിലിൽ ആറംഗങ്ങളുണ്ടായിരുന്ന ബി.ജെ.പി.യാണ് ഇക്കുറി 35 സീറ്റുമായി രണ്ടാമത്തെ വലിയ കക്ഷിയായത്.  കഴിഞ്ഞ തവണ 41 അംഗങ്ങളുണ്ടായിരുന്ന യു.ഡി.എഫിന് ഇക്കുറി 21 സീറ്റേ നേടാനായുള്ളു.  മുന്നണികളുടെ പിന്തുണയില്ലാതെ ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്.  നിലവിൽ 51 സീറ്റുണ്ടായിരുന്ന ഇടതുമുന്നണിയാണ് കോർപ്പറേഷൻ ഭരണം കൈയാളിയിരുന്നത്.  

55ൽ 46 സീറ്റുമായി യു.ഡി.എഫ്. ഭരിച്ചിരുന്ന തൃശ്ശൂർ കോർപ്പറേഷനിലും ആർക്കും കേവലഭൂരിപക്ഷമില്ല.  ഇക്കുറി ഇടതുമുന്നണി 25 സീറ്റ് നേടി. യു.ഡി.എഫിന് 21 സീറ്റുമുണ്ട്. ബി.ജെ.പി. ആറുസീറ്റിലും ജയിച്ചു. ജയിച്ച മൂന്നുവിമതരിൽ ഒരാൾ എൽ.ഡി.എഫിനൊപ്പമുള്ള സി.എം.പി.ക്കാരനാണ്. വിമതനെക്കൂടി ഒപ്പം നിർത്താൻ ഇടതുമുന്നണി ശ്രമംതുടങ്ങി. 
കണ്ണൂർ കോർപ്പറേഷനിലും വിമതൻ ഭരണം നിർണയിക്കുന്ന സ്ഥിതിയാണ്. 55 സീറ്റിൽ 27 സീറ്റുവീതം ഇടതു വലതുമുന്നണികൾ സ്വന്തമാക്കി. കോൺഗ്രസിൽ നിന്ന് ആറു വർഷത്തേക്ക് പുറത്താക്കിയ പി.കെ. രാഗേഷാണ് വിജയിച്ച വിമതൻ. 
കൊല്ലം, കോഴിക്കോട് കോർപ്പറേഷനുകളിൽ ഇടതുമുന്നണി വ്യക്തമായ ഭൂരിപക്ഷം നേടി. കൊല്ലത്ത് 55 സീറ്റുകളിൽ 36 സീറ്റാണ് എൽ.ഡി.എഫിന്. യു.ഡി.എഫിന് 16.  രണ്ട് സീറ്റുകൾ നേടി ബി.ജെ.പി. കോർപ്പറേഷനിൽ ചുവടുറപ്പിച്ചുവെന്ന സവിശേഷതയും ഇക്കുറിയുണ്ട്. എസ്.ഡി.പി.ഐ.യും ഇവിടെ ഒരു സീറ്റ് നേടി. 34 സീറ്റുമായി കഴിഞ്ഞതവണ ഇടതുമുന്നണി ഇവിടെ അധികാരത്തിലെത്തിയെങ്കിലും ആർ.എസ്.പി.യുടെ ചുവടുമാറ്റത്തോടെ സീറ്റുനില 27 വീതമായി.  

കോഴിക്കോട് നഗരസഭയിലെ 75 സീറ്റുകളിൽ 47 ഉം ഇടതുമുന്നണി നേടി. 20 സീറ്റുകൊണ്ട് യു.ഡി.എഫിന് തൃപ്തി പ്പെടേണ്ടി വന്നു. ആറുസീറ്റ്‌ നേടി ബി.ജെ.പി.യും കോർപ്പറേഷനിൽ കടന്നുകയറി.  മറ്റുള്ളവർ അഞ്ചും സീറ്റുകൾ നേടി. നിലവിൽ 41 സീറ്റുകൾ എൽ.ഡി.എഫിനും 34 സീറ്റ് യു.ഡി.എഫിനുമായിരുന്നു. 
കൊച്ചി നഗരസഭയിൽ 74 ൽ 38 സീറ്റുമായി യു.ഡി.എഫ്. ഭരണം ഉറപ്പിച്ചു.  ഇടതുമുന്നണിക്ക് 23 സീറ്റുകളാണുള്ളത്. ബി.ജെ.പി. രണ്ട് സീറ്റിലും മറ്റുള്ളവർ 11 സീറ്റിലും ജയിച്ചു. ജയിച്ചവരിൽ രണ്ട് ഇടതുവിമതരും ഒരു യു.ഡി.എഫ്. വിമതനും ഉൾപ്പെടുന്നു. കഴിഞ്ഞതവണ 48 സീറ്റുകളാണ് യു. ഡി.എഫിനുണ്ടായിരുന്നത്.