തിരുവനന്തപുരം: ഗ്രാമങ്ങളിലെ മേൽക്കോയ്മ വീണ്ടെടുക്കാനായതാണ് ഈ തദ്ദേശതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ ഏറ്റവും വലിയ നേട്ടം. ഇത്തവണ ഏതാണ്ട് 550ഓളം ഗ്രാമപ്പഞ്ചായത്തുകളിൽ ഇടതുമുന്നണിക്ക് മുന്നിലെത്താൻ കഴിഞ്ഞു. യു.ഡി.എഫിന് വെറും 360ഓളം പഞ്ചായത്തുകൾകൊണ്ട് തൃപ്തരാകേണ്ടിവന്നു. 

 ബി.ജെ.പി.ക്ക് കഴിഞ്ഞതവണ വെറും മൂന്ന് പഞ്ചായത്തുകളിലാണ് ഭരണം കിട്ടിയതെങ്കിൽ ഇത്തവണ 14 ഇടത്ത് അവർ മുന്നിലാണ്. പത്തോളം ഗ്രാമപ്പഞ്ചായത്തുകളിൽ മറ്റ് സഖ്യങ്ങൾക്കും കക്ഷികൾക്കുമാണ് ആധിപത്യം. 
 നിലവിൽ യു.ഡി.എഫിന് 605 ഗ്രാമപ്പഞ്ചായത്തുകളിലാണ് ഭരണമുള്ളത്. പകുതിയോളം പഞ്ചായത്തുകളിൽ അവർക്ക് ആധിപത്യം നഷ്ടപ്പെടുന്ന കാഴ്ചയാണിപ്പോൾ. 362ൽ നിന്നാണ് എൽ.ഡി.എഫ്. ഈ നിലയിലേക്കുയർന്നത്. തിരഞ്ഞെടുപ്പിനുശേഷം ഭരണത്തിനായി കൂട്ടുകെട്ടുകൾ മാറിമറിഞ്ഞതിനാൽ 565 പഞ്ചായത്തുകളിൽ യു.ഡി.എഫിനും 348 ഇടത്ത് എൽ.ഡി.എഫിനും അധ്യക്ഷസ്ഥാനം കിട്ടി. അന്ന് 978 ഗ്രാമപ്പഞ്ചായത്തുകൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് 941 ഗ്രാമപ്പഞ്ചായത്തുകളേയുള്ളൂ. 
 ബി.ജെ.പി.യുടെ സജീവസാന്നിധ്യം കാരണം സംസ്ഥാനത്ത് ഒട്ടേറെ ഗ്രാമപ്പഞ്ചായത്തുകളിൽ തൂക്കുഭരണത്തിനും അനിശ്ചിതത്വത്തിനും സാധ്യതയുണ്ട്.