വരാപ്പുഴ: കൊച്ചി നഗരത്തിലേക്കുള്ള പ്രധാന കവാടങ്ങളിലൊന്നാണ് വരാപ്പുഴ. ജില്ലയിൽ പൊക്കാളി നെൽകൃഷി അവശേഷിക്കുന്ന ചരുക്കം പഞ്ചായത്തുകൂടിയാണ്. 1989ൽ ഏലൂർ പഞ്ചായത്ത് വിഭജിച്ചാണ് വരാപ്പുഴ പഞ്ചായത്ത് രൂപവത്കരിച്ചത്. 16 വാർഡുകൾ ഉൾപ്പെടുന്ന പഞ്ചായത്തിന്റെ വിസ്തീർണം 7.74 ചതുരശ്ര കിലോമീറ്ററാണ്. 26755 ജനസംഖ്യയുള്ള വരാപ്പുഴ ജില്ലയിലെ ചെറിയ പഞ്ചായത്തുകളുടെ ഗണത്തിൽപ്പെടുന്നു. ദേശീയപാത 17 ഉം, സംസ്ഥാന പാതയും പഞ്ചായത്തിലൂടെ കടന്നുപോകുന്നുണ്ട്. ജില്ലയിൽ യു.ഡി.എഫിന് തുടർച്ചയായ ഭരണം കിട്ടുന്ന പഞ്ചായത്തുകളിലൊന്നാണ് വരാപ്പുഴ.
നിലവിൽ യു.ഡി.എഫിന് 12 ഉം എൽ.ഡി.എഫിന് നാലും സീറ്റാണുള്ളത്.
കൊച്ചി നഗരത്തിന് സമീപത്തുള്ള  പഞ്ചായത്താണെങ്കിലും അതിന് അനുസൃതമായ വികസനം പ്രദേശത്തുണ്ടായിട്ടില്ലെന്നാണ് മേഖലയുടെ മുഖ്യപോരായ്മ. ദേശീയപാത 17 കടന്നുപോകുന്നുണ്ടെങ്കിലും ഗതാഗത പ്രശ്നങ്ങൾ ഏറെയാണ്. ടൂറിസമടക്കമുള്ള മേഖലകളിൽ ധാരാളം സാധ്യതകൾ വരാപ്പുഴയ്ക്കുണ്ട്.