കക്ഷിനില
വാർഡുകൾ: 19
യു.ഡി.എഫ്.: 13 (കോൺ. ഐ)
എൽ.ഡി.എഫ്.: 6 (സി.പി.എം.)
രൂപവത്കരിച്ച
വർഷം: 1953

കരിയാട്: വിമാനത്താവളം സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് നെടുമ്പാശ്ശേരിയെങ്കിലും അതനു സരിച്ചുള്ള വികസനം ഇനിയുമായിട്ടില്ല. അധികൃതരെ ഭയപ്പെടുത്തുംവിധം അനുദിനം മാലിന്യ പ്രശ്നം രൂക്ഷമാകുന്നു. പൊതുജനങ്ങൾക്ക് ശല്യമാവാത്തവിധം മാലിന്യ സംസ്കരണത്തിന് വൻ സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ട്. അശാസ്ത്രീയമായ കാന നിർമാണം മൂലം അത്താണി കല്പക നഗർ മഴക്കാലത്ത് വെള്ളക്കെട്ട് ഭീഷണിയിലാണ്. ഇതിന് ശാശ്വത പരിഹാരമായിട്ടില്ല.
 അത്താണി പൊതു മാർക്കറ്റ് ഇപ്പോഴും ‘െെലവ്’ ആയിട്ടില്ല. മിക്ക മുറികളും അടഞ്ഞുകിടക്കുന്നു. 
നൂറുകണക്കിന് യാത്രക്കാരെത്തുന്ന അത്താണിയിലെ കംഫർട്ട് സ്റ്റേഷനും അടഞ്ഞുകിടക്കുകയാണ്.
 എന്നാൽ സേവന രംഗത്ത് ഫലപ്രദമായി ഇടപെടാൻ പഞ്ചായത്തിനായിട്ടുണ്ട്. 4 ഗവ. സ്കൂളുകളുടേയും അലോപ്പതി, ഹോമിയോ, ആയുർവേദ, മൃഗാശുപത്രികളുടെ പ്രവർത്തനം തൃപ്തികരമാക്കി.  പാലിയേറ്റീവ് കെയർ യൂണിറ്റും മികച്ചതാക്കി. ഇറിഗേഷൻ പദ്ധതികൾ ജലക്ഷാമത്തിന് പരിഹാരമായി.
 പ്രസിഡന്റിന്റെ ദുരിതാശ്വാസ ഫണ്ടിനെതിരെ പ്രതിപക്ഷം സമരവുമായി രംഗത്തുവന്നെങ്കിലും ഫലം കണ്ടില്ല. ഫണ്ട് 600 ഓളം രോഗികൾക്ക് ആശ്വാസമായി.
 19 അംഗ ഭരണസമിതിയിൽ യുഡിഎഫിന് 13-ഉം എൽഡിഎഫിന് 6-ഉം അംഗങ്ങളുണ്ട്.  ഇരുപക്ഷത്തുമായി 10 വനിതകളുണ്ട്. ആദ്യത്തെ ഒരു വർഷം പി.വി. പൗലോസാണ് പ്രസിഡന്റായത്. ഇക്കാലയളവിൽ പഞ്ചായത്ത് സമൂഹ വിവാഹം നടത്തി. തുടർന്ന് പാർട്ടിയിലെ ധാരണ പ്രകാരം പി.വൈ. വർഗീസ് പ്രസിഡന്റായി ചുമതലയേറ്റു. 4 വർഷമായി ഇത് തുടരുന്നു.
 ഭരണമികവിൽ അടുത്ത 5 വർഷവും ഭരണം നിലനിർത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ ഈ ഭരണസമിതിയുടെ അഴിമതിയും പോരായ്മയും ചൂണ്ടിക്കാട്ടി അടുത്ത ഭരണം പിടിക്കാനാണ് എൽഡിഎഫ് ശ്രമം. ചില വാർഡുകളിൽ ബിജെപിയും ശക്തമായി രംഗത്തു വന്നിട്ടുണ്ട്.