മൂവാറ്റുപുഴ: പൈപ്പ് അറ്റകുറ്റപ്പണിയുടെ പേരില്‍ നാട്ടുകാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി നഗരത്തില്‍ കുടിവെള്ളം മുടങ്ങി. ജല അതോറിട്ടിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് മൂന്ന് ദിവസമായി നഗരത്തില്‍ കുടിവെള്ള വിതരണം നിലച്ചത്.
കച്ചേരിത്താഴത്തെ പഴയ പാലത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് ജല അതോറിട്ടി പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയത്. കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ആകെയുള്ള പൈപ്പ് ലൈനിലൂടെയും കുടിവെള്ളം കിട്ടാതായതോടെ പ്രതിഷേധം ശക്തമായി.
രണ്ട് ദിവസം കുടിവെള്ളം മുടങ്ങുമെന്നായിരുന്നു അധികൃതരുടെ അറിയിപ്പ്. എന്നാല്‍ മൂന്ന് ദിവസം കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവും ഉയരുകയായിരുന്നു. ഇതിനിടെ വാട്ടര്‍ അതോറിട്ടി അധികൃതര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് വെള്ളം തുറന്നുവിട്ടെങ്കിലും പൈപ്പ് തള്ളിപ്പോയി. ഇതോടെ നൂറുകണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴായത്. തുടര്‍ന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ ഉച്ചയോടെ കുടിവെള്ള വിതരണം ഭാഗിഗമായി പുനരാരംഭിച്ചു. മൂവാറ്റുപുഴ നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ സിപിഐയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ വാട്ടര്‍ അതോറിട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു.
പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന്റെ മറവില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മൂവാറ്റുപുഴ ടൗണിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. കുടിവെള്ളം കിട്ടക്കനിയായതോടെ നഗരവാസികളുടെ ജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണ്. കുടിവെള്ളം മുടങ്ങിയതോടെ നഗരത്തിലെ പല ഹോട്ടലുകളും കൂള്‍ ബാറുകളും പൂട്ടി. എന്നാല്‍ പൈപ്പ് നന്നാക്കലിന്റെ മറവില്‍ കുടിവെള്ളം മുടങ്ങുമ്പോള്‍ പകരം സംവിധാനം ഒരുക്കാത്ത വാട്ടര്‍ അതോറിട്ടി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് സിപിഐയുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചത്.
സമരത്തിന് സിപിഐ മണ്ഡലം സെക്രട്ടറി എല്‍ദോ എബ്രാഹം, അസിസ്റ്റന്റ് സെക്രട്ടറി ടി.എം. ഹാരിസ്, കെ.എ. നവാസ്, ജോളി പി. ജോര്‍ജ്, പി.വൈ. നൂറുദ്ദീന്‍, അസീസ് തെങ്ങുംതോട്ടം, സി.എന്‍. ഷാനവാസ് എന്നിവര്‍ നേതൃത്വം നല്കി.
നഗരത്തിലെ കച്ചേരിത്താഴം, നെഹ്റു പാര്‍ക്ക്, തര്‍ബിയത്ത് നഗര്‍, കീച്ചേരിപ്പടി, പോസ്റ്റ് ഓഫീസ് ജങ്ഷന്, കിഴക്കേക്കര എന്നീ പ്രദേശങ്ങളില്‍ മൂന്ന് ദിവസമായി കുടിവെള്ളം കിട്ടുന്നില്ല.
ചെറിയപാലത്തില്‍ ഏതാനും മീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് മൂന്ന് ദിവസം ജനങ്ങളുടെ വെള്ളംകുടി മുട്ടിച്ച അധികൃതരുടെ നടപടി ജനദ്രോഹമാണെന്ന് സിപിഐ കുറ്റപ്പെടുത്തി.