കാലടി: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അങ്കമാലി നിയോജകമണ്ഡലത്തിൽ കനത്ത തിരിച്ചടി നേരിട്ട എൽ.ഡി.എഫിന് ആശ്വാസ തുരുത്തായ പഞ്ചായത്താണ് മഞ്ഞപ്ര. ഇവിടെ ഒപ്പത്തിനൊപ്പം മുന്നണികളെത്തിയപ്പോൾ നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫ്. അധികാരത്തിലെത്തിയത്. യു.ഡി.എഫ്. ഒരു തവണ അവിശ്വാസം പയറ്റിേനാക്കിയെങ്കിലും സ്വതന്ത്രയുടെ പിന്തുണ എൽ.ഡി.എഫിന്റെ അധികാരം നിലനിർത്തി. ഇവിടെ എൽ.ഡി.എഫിന്റേത് ഭരണത്തുടർച്ചയായിരുന്നു.
 മഞ്ഞപ്രയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.ഐ. ഇടതുമുന്നണിയിൽ ഉണ്ടായിരുന്നില്ല. മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വേണുവിന്റെ നേതൃത്വത്തിൽ കുറേ പ്രവർത്തകർ സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നു. മറ്റിടങ്ങളിൽ പരാജയപ്പെട്ടപ്പോഴും കൈവിടാത്ത പഞ്ചായത്ത് എന്ന നിലയിൽ മഞ്ഞപ്രയിലെ പ്രവർത്തനങ്ങൾക്ക് എൽ.ഡി.എഫ്. മുൻതൂക്കം നൽകുന്നുണ്ട്. എം.പി., എം.എൽ.എ. ഫണ്ടുകൾ വിവിധ പദ്ധതികൾക്കായി പഞ്ചായത്തിന് ലഭിച്ചു.
 13 വാർഡുകളാണ് പഞ്ചായത്തിൽ. 6042 പുരുഷ വോട്ടർമാരും 6220 സ്ത്രീ വോട്ടർമാരുമാണ്. നിലവിൽ സിപിഎമ്മിന് അഞ്ചും ജനതാദളിന് ഒരു സീറ്റുമാണുള്ളത്. കോൺഗ്രസിന് 6 അംഗങ്ങളുണ്ട്. ഒരു സ്വതന്ത്ര അംഗവും.