കക്ഷിനില 
വാർഡുകൾ -13
യു.ഡി.എഫ്. (കോൺ -10)
എൽ.ഡി.എഫ്. (സി.പി.എം. -3)

പിറവം: യു.ഡി.എഫിന്റെ കോട്ടയായി അറിയപ്പെടുന്ന മണീട് ആരംഭകാലം മുതൽ ഇന്നോളം, ഒരുവട്ടമൊഴികെ എന്നും യു.ഡി.എഫിനൊപ്പമായിരുന്നു. 2005-ൽ യു.ഡി.എഫിലുണ്ടായ വിള്ളൽ ഇടതുമുന്നണിക്ക് ഗുണം ചെയ്തു. 
പന്ത്രണ്ടിൽ ഏഴ് സീറ്റ് നേടിയാണ് അന്ന് ഇടതുമുന്നണി ഭരണം പിടിച്ചത്. പിന്നീട് 2010-ലെത്തിയപ്പോൾ ഭരണം നഷ്ടമായെങ്കിലും നില മെച്ചപ്പെടുത്താൻ ഇടതുമുന്നണിക്കായി.
 നിലവിൽ പതിമൂന്നംഗ ഭരണസമിതിയിൽ പത്ത് സീറ്റും യു.ഡിഎഫിനാണ്. എന്നാൽ മൂന്ന് വാർഡുകളിൽ മുന്നണികൾ തമ്മിൽ നേരിയ അന്തരമേയുള്ളൂവെന്നത് ശ്രദ്ധേയമാണ്.
  വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കടുത്തതായിരിക്കുമെന്നതിന് സംശയമില്ല. പോയ അഞ്ച് കൊല്ലത്തെ നേട്ടങ്ങളും പഞ്ചായത്തിന് ലഭിച്ച പുരസ്കാരങ്ങളും തങ്ങൾക്ക് കരുത്ത് പകരുമെന്ന് യു.ഡി.എഫിന് ഉറപ്പുണ്ട്. 
സാധാരണക്കാരനെ ‘ഒരു ഗ്രാം’ പോലും സ്പർശിക്കാത്ത ‘സേവാഗ്രാം’ അടക്കമുള്ള പുരസ്കാരങ്ങളുടെ മുഖവില ജനം തിരിച്ചറിയുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി.
 2014-ലെ കണക്കുകൾ പ്രകാരം 13 വാർഡുകളിലായി 5,900 കുടുംബങ്ങളുള്ള മണീടിൽ 787 കുടുംബങ്ങൾ പട്ടികജാതിയിൽപ്പെട്ടതാണ്.

മണീട് ഗ്രാമപഞ്ചായത്ത് രൂപവത്കൃതമായത് 1953-ൽ 
വിസ്തൃതി 26.19 ചതുരശ്ര കി.മീ.
ജനസംഖ്യ -16,986