കുറുപ്പംപടി: പ്ലൈവുഡ് കമ്പനികളുടെ ആധിക്യംമൂലം ദുരിതത്തിലായ വാര്‍ഡ് നിവാസികളെ രക്ഷിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥി. രായമംഗലം പഞ്ചായത്ത് 17-ാം വാര്‍ഡില്‍ രാജന്‍ കിടങ്ങോത്താണ് മുന്നണികളില്‍ വിശ്വാസം നഷ്ടപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത്. 17-ാം വാര്‍ഡില്‍ 27 പ്ലൈവുഡ് കമ്പനികളുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതു മൂലം ഇവിടെ സ്വൈരജീവിതം അസാധ്യമായി. ജനപ്രതിനിധികളോട് പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
സേവ് രായമംഗലം എന്ന സംഘടനയുടെ പ്രവര്‍ത്തകനായ രാജന്‍ വാര്‍ഡ് നിവാസികളെ കണ്ട് അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് പത്രിക സമര്‍പ്പിച്ചത്. 1447 വോട്ടര്‍മാരും 400 വീടുകളുമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നപക്ഷം, ഗ്രാമസഭയില്‍ 50 ശതമാനം വോട്ടര്‍മാര്‍ തന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് രേഖപ്പെടുത്തുന്ന അന്ന് രാജിവെച്ചൊഴിയുമെന്നും പ്രകടനപത്രികയില്‍ രാജന്‍ വ്യക്തമാക്കുന്നു.
പരിസ്ഥിതിയെ സംരക്ഷിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് പ്രഖ്യാപിച്ച് പഞ്ചായത്തീരാജ് കാമ്പയിന്‍ കമ്മിറ്റി ഏതാനും വാര്‍ഡുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. അശമന്നൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ജിബി ഏലിയാസ്, െവങ്ങോല 23-ാം വാര്‍ഡില്‍ സാനി ഔഗേന്‍ എന്നിവരാണ് സമിതിയുടെ സ്ഥാനാര്‍ത്ഥികള്‍. പ്ലൈവുഡ് കന്പനിയുടെ മലിനീകരണം രൂക്ഷമായ മേഖലകളാണിത്. വെങ്ങോല 23-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിക്ക് ഇടതുമുന്നണിയുടെ പിന്തുണയുമുണ്ട്.