കുന്നുകര: കുന്നുകര പഞ്ചായത്ത് കഴിഞ്ഞ അഞ്ച് വർഷമായി വികസനക്കുതിപ്പിലാണ്. 
ഊഴംകടവ്, കോരൻകടവ്, തടിക്കൽകടവ് പാലങ്ങൾ നാടിന് നേട്ടമായി. പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ പണിയും തുടങ്ങി. 
 ഇത് ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. പെരിയാറിലെ ഒാര് തടയാനുള്ള സ്ഥിരം സംവിധാനം മേഖലയിലെ ശുദ്ധജല സംരക്ഷണം ഉറപ്പുവരുത്തും. പുതിയതും പഴയതുമായ 50 ഓളം റോഡുകൾ നവീകരിച്ചു. 4 ആധുനിക ബസ് കാത്തുനില്പ് കേന്ദ്രങ്ങൾ നിർമിച്ചു.
 സംസ്ഥാനത്ത് ആദ്യമായി ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നത് കുന്നുകരയിലാണ്. 12 കോടി രൂപയാണ് ചെലവിടുന്നത്.
കന്നുകാലി വളർത്തൽ, പാല് ഉത്പാദനം എന്നിവ ഗ്രാമീണ പഞ്ചായത്തിന് ഉണർവാകും.
  70 ഏക്കർ തരിശുഭൂമി കൃഷിേയാഗ്യമാക്കി. എസ്.സി. വിഭാഗത്തിന്റെ ഉന്നമനത്തിന് ഒരുകോടി രൂപയോളം ചെലവിട്ടു. ഒടുവിൽ പൊതുജന സേവനത്തിന് സജ്ജമായതിനാൽ െഎ.എസ്.ഒ. സർട്ടിഫിക്കറ്റ് നേടി.
 നിലവിലുള്ള 15 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് 9 ഉം എൽ.ഡി.എഫിന് 5 ഉം ഒരു സ്വതന്ത്രനുമാണുള്ളത്. ഇരുപക്ഷത്തുമായി 8 വനിതകളുണ്ട്. 
 ഇരുമുന്നണിക്കും വളക്കൂറുള്ള മണ്ണാണ് കുന്നുകരയിലേത്. പക്ഷേ, പുഴുക്കുത്തായി രണ്ട് മുന്നണിക്കകത്തും ഗ്രൂപ്പ് പോര് ശക്തമാണ്. 
 അഞ്ച് വർഷത്തെ ഭരണ മികവിൽ വീണ്ടും തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എന്നാൽ, ഭരണം തിരിച്ചു പിടിക്കാൻ കച്ചകെട്ടി രംഗത്തിറങ്ങിയിരിക്കുകയാണ് എൽ.ഡി.എഫ്. ബി.ജെ.പി. പ്രവർത്തനവും ശക്തമാണ്.