കോതമംഗലം: ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ വോട്ടുപിടിക്കാന്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും തന്ത്രങ്ങളുമായി ഓട്ടപ്പാച്ചിലില്‍. രാഷ്ട്രീയപരമായ വോട്ടുകള്‍ എങ്ങനെയെല്ലാം ലഭിക്കുമെന്നറിയാം. എതിരാളിയുടെ വോട്ട് തനിക്ക് അനുകൂലമാക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന കണക്കുകൂട്ടലിലാണ് ഇരുമുന്നണിയും ബി.ജെ.പിയും.
തന്ത്രങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിയുന്ന വോട്ടുകളാണ് വിജയ പരാജയങ്ങളെ നിര്‍ണയിക്കുന്നതെന്ന് മുന്‍കൂട്ടി കണ്ട് അത്തരം വോട്ടുകള്‍ ഉറപ്പിക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് മുന്നണികള്‍.നിഷ്പക്ഷരായ വോട്ടര്‍മാര്‍ക്ക് പുറമെ എതിരാളികളുടെ പാളയത്തിലുള്ളവരെ സ്വാധീനിക്കുകയെന്നത് തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണ്. ഇതിനായി പലവിധ മാര്‍ഗങ്ങളാണ് സ്ഥാനാര്‍ഥികളും നേതാക്കളും അവലംബിക്കുന്നത്. പണവും മദ്യവും ഭീഷണിയും വാഗ്ദാനങ്ങളുമെല്ലാം ഇനിയുള്ള ദിവസങ്ങളില്‍ പുറത്തെടുക്കും. രണ്ടാഴ്ചയോളം നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഉറപ്പിക്കാവുന്ന വോട്ടുകളെക്കുറിച്ച് കൂട്ടലും കിഴിക്കലും നടത്തി തിരഞ്ഞെടുപ്പ് മാനേജര്‍മാര്‍ വ്യക്തമായ ധാരണയുണ്ടാക്കിക്കഴിഞ്ഞു. പല വാര്‍ഡുകളിലും ഡിവിഷനുകളിലും അടിയൊഴുക്കുകള്‍ ശക്തമാണ്. ഇതില്‍ മുന്നണികള്‍ ഒരുപോലെ ആശങ്കയിലാണ്. എതിര്‍പക്ഷത്തിന് വോട്ട് ചെയ്യാന്‍ സാധ്യതയുള്ളവരുടെ കണക്കും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത്തരക്കാരെ കേന്ദ്രീകരിച്ചാകും ഇനിയുള്ള പ്രധാന നീക്കം. മതപരവും രാഷ്ട്രീയപരവുമായ സ്വാധീനങ്ങളും പ്രയോജനപ്പെടുത്തുന്നതും ഇനിയുള്ള ദിവസങ്ങളിലായിരിക്കും. മുഖ്യ പാര്‍ട്ടികളിലെ ഗ്രൂപ്പ് ഭിന്നതകളും സ്ഥനാര്‍ഥിയോടുള്ള ശത്രുതയുമെല്ലാം പല വാര്‍ഡുകളിലേയും വോട്ടിങ്ങില്‍ പ്രതിഫലിക്കാനിടയുണ്ട്.
ബി.ജെ.പി. സഖ്യത്തിന്റെ ശക്തമായ സാന്നിദ്ധ്യം എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വിജയങ്ങള്‍ക്ക് അടിയൊഴുക്കും തന്ത്രങ്ങളും കൂടുതല്‍ അനിവാര്യമാക്കിയിട്ടുണ്ട്. മുന്‍ തിരഞ്ഞെടുപ്പുകളിലെല്ലാം തങ്ങളുടെ പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്തിയിരുന്ന ഒരു വിഭാഗം വോട്ടര്‍മാരെ ഒട്ടേറെ വാര്‍ഡുകളില്‍ നഷ്ടപ്പെടുമെന്ന് രണ്ട് മുന്നണികള്‍ക്കും വ്യക്തമായ ധാരണയുമുണ്ട്. ഇത് മറികടക്കാന്‍ മറുപക്ഷത്തു നിന്നും സ്വാധീനങ്ങളിലൂടെ വോട്ട് മറിക്കേണ്ട അവസ്ഥയിലാണ് ഇരു മുന്നണികളും. പോളിങ് ബൂത്തിലേക്ക് ഇനി അവശേഷിക്കുന്നത് കേവലം അഞ്ച് ദിവസങ്ങള്‍ മാത്രമാണ്.