കൊച്ചി: പോലീസ് വാഹനത്തില്‍ നിന്ന് സുനാമി മുന്നറിയിപ്പ് കേട്ടവര്‍ ആദ്യം ഒന്നമ്പരന്നു... മുന്നറിയിപ്പ് വാഹനം പോയതിനു പിന്നാലെ തന്നെ സജ്ജമായി നിലയുറപ്പിച്ചിരുന്ന പോലീസ് സംഘം വഴികളില്‍ കയറുപയോഗിച്ചും മറ്റും ഗതാഗതം തടസ്സപ്പെടുത്തി ബീച്ചിലേക്കുള്ള ജനപ്രവാഹം തടഞ്ഞിരുന്നു. 
 ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ എസ്.  സുഹാസിന്റെ നേതൃത്വത്തില്‍ നടത്തിയ സുനാമി മോക്ക് ഡ്രില്ലായിരുന്നു ഇതെന്ന് മനസ്സിലായതോടെ നാട്ടുകാര്‍ക്കും ആശ്വാസം. 

 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങിയ സുനാമി മോക്ക്ഡ്രില്‍ വൈകീട്ട് ആറരയോടെ അവസാനിച്ചു. ജില്ലയുടെ ദുരന്തനിവാരണ പദ്ധതി നടത്തിപ്പുകാര്‍ക്ക് കാര്യശേഷി തെളിയിക്കാനായി. 

  സുനാമി ഉണ്ടായാല്‍ അതിനെ എങ്ങനെ നേരിടാം എന്ന് പ്രായോഗിക തലത്തില്‍ അറിയാനുള്ള  ഈ പരിപാടിയില്‍ ഇന്ത്യന്‍ നേവിയുടെ പതിനഞ്ച് ഹെലികോപ്റ്ററുകള്‍, കോസ്റ്റ് ഗാര്‍ഡിന്റെ മൂന്ന് ബോട്ടുകള്‍ ഒരു ഡോണിയര്‍ വിമാനം എന്നിവ ഉപയോഗിച്ചു.

 എ.ഡി.എം എസ്. ലതിക, ഫോര്‍ട്ടുകൊച്ചി തഹസില്‍ദാര്‍ താഹിറ ബീഗം, ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസ് സി.ഐ. അനന്തലാല്‍, നേവി, കോസ്റ്റ്ഗാര്‍ഡ്, സംസ്ഥാന ദുരന്ത നിവാരണ സേന, അഗ്‌നിരക്ഷാ വിഭാഗം പ്രതിനിധികള്‍ എന്നിവര്‍ മോക്ക് ഡ്രില്ലിന് നേതൃത്വം നല്‍കി.