കൊച്ചി: കേരളത്തില്‍ ജാതിഗ്രാമങ്ങള്‍ സൃഷ്ടിക്കാനാണ് ബി.ജെ.പി. ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ജനസഭ 2015 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. യുടെ ശ്രമങ്ങള്‍ കേരളത്തില്‍ നടപ്പിലാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളം ഒരു രാഷ്ട്രീയ പരിണാമ ഘട്ടത്തിലാണ്. ഇതില്‍ ഏറ്റവുമധികം ക്ഷതമേറ്റത് സി.പി.എമ്മിനാണ്. ഇനിയും സി.പി.എമ്മിന് ക്ഷതമേല്‍ക്കും - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദളിതര്‍ക്കെതിരായ അതിക്രമങ്ങളോടും വര്‍ഗീയ അക്രമങ്ങളോടും സമരസപ്പെടാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് സാധിക്കില്ല. എസ്.എന്‍.ഡി.പി. യും ബി.ജെ.പി. യും തമ്മിലുള്ള രാഷ്ട്രീയ ബന്ധം തിരുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മും ബി.ജെ.പി.യും ഉന്മൂലന സിദ്ധാന്തത്തിന്റെ വക്താക്കളാണ്. ബി.ജെ.പി. യുടെ ദേശീയ തലത്തില്‍ തന്നെയുള്ള വലിയ ശത്രു കോണ്‍ഗ്രസ്സാണ്. ബി.ജെ.പി. യുമായി കോണ്‍ഗ്രസ്സിന് ബന്ധമുണ്ടെന്ന സി.പി.എം. നേതാക്കളുടെ ആരോപണം രാഷ്ട്രീയ പ്രതിരോധം മാത്രമാണ്. കൊച്ചി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ചയുണ്ടാക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ഈ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം കാര്യമായി ചര്‍ച്ചയായില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ വാര്‍ഡുകളിലെ വികസനം കൂടുതലായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീ സംവരണ സീറ്റുകളിലും ജനറല്‍ സീറ്റുകളിലും ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകളാണ് സ്ഥാനാര്‍ത്ഥികളാവുന്നതെന്നും ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.