കൊച്ചി: ബി.ജെ.പി. യുടെ വര്‍ഗീയ അജണ്ടയ്‌ക്കെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നാവു പൊങ്ങുന്നില്ലെന്ന് സിപി.ഐ. നേതാവ് ബിനോയ് വിശ്വം. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെവിടെയും ബി.ജെ.പി. യുടെയോ ആര്‍.എസ്.എസ്സിന്റെയോ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ഉമ്മന്‍ ചാണ്ടി ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചന്ദ്രബോസ് വധക്കേസ് ഒന്നാം സാക്ഷി അനൂപ് മൊഴി മാറ്റിയതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് കീഴില്‍ സാധാരണക്കാരന്റെ ജീവന് സുരക്ഷിതത്വമില്ലെന്ന് ഒന്നുകൂടി ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.
ഭരണ നേട്ടത്തെ കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി വിലക്കയറ്റത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല. വിപണിയില്‍ ഒരിടപെടലും നടത്താതെ ഇടത് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെല്ലാം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. വയലും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ സാധിച്ചില്ല. തോട്ടം മേഖല ഒന്നാകെ വന്‍കിടക്കാര്‍ക്ക് തീറെഴുതി. വൈദ്യുതി ബോര്‍ഡും റിലയന്‍സുമായി തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സര്‍ക്കാര്‍ കരാര്‍ ഒപ്പുവയ്ക്കുമെന്നും ഗാര്‍ഹിക ഉപഭോക്താക്കള്‍ വൈദ്യുതിക്ക് കൂടുതല്‍ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വികസനം പ്രസംഗിക്കുന്നവര്‍ 25 ശതമാനം പദ്ധതി പണം മാത്രമേ െചലവഴിച്ചുള്ളൂവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.