കൊച്ചി: അഴിമതി പ്രധാനവിഷയമായി ഉയര്‍ത്തിക്കാട്ടി ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ്പത്രിക പുറത്തിറക്കി. കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ സര്‍ക്കാറിന്റെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്. അഴിമതി, വര്‍ഗീയത, കുടുംബവാഴ്ച, സ്വജനപക്ഷപാതം എന്നിവ കൊണ്ട് ജനാധിപത്യമൂല്യങ്ങള്‍ തകര്‍ന്നതായി പത്രിക കുറ്റപ്പെടുത്തുന്നു.
അധികാരത്തിനകത്ത് കയറി തിരുത്തലുകള്‍ നടത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് പത്രിക പുറത്തിറക്കിക്കൊണ്ട് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സാറാ േജാസഫ് പറഞ്ഞു. 290-300 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. പാര്‍ട്ടിക്ക് സംഘടനാശക്തിയുള്ള സ്ഥലങ്ങളില്‍ മാത്രമാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടുള്ള തുക മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കുകയുള്ളൂ.
ബിജെപി-എസ്എന്‍ഡിപി കൈകോര്‍ക്കല്‍, ബിജെപിസര്‍ക്കാറിന്റെ തീവ്ര ഹിന്ദുത്വ അജന്‍ഡ എന്നിവയെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് അവര്‍ പറഞ്ഞു. പാര്‍ട്ടിസ്ഥാനാര്‍ഥി ഇല്ലാത്തിടത്ത് അനുയോജ്യനായ സ്വതന്ത്രന് വോട്ട്‌ചെയ്യുമെന്നും ആം ആദ്മി പാര്‍ട്ടിക്ക് ആരുമായും രാഷ്ട്രീയ സഖ്യമില്ലെന്നും പാര്‍ട്ടി നേതാവ് സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.
നേതാക്കളായ മനോജ് പദ്മനാഭന്‍, കെ.ജെ. സെബാസ്റ്റ്യന്‍, ബി.എസ്. ജോസഫ്, പി. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.