കരുമാല്ലൂര്‍: നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുവരെ നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ കരുമാല്ലൂരിലെ ഇരുപതാം വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം. അലിയാണ് സ്ഥാനാര്‍ത്ഥി.പഞ്ചായത്തിലെ 19 വാര്‍ഡുകളിലേയും സ്ഥാനാര്‍ത്ഥികളെ യു.ഡി.എഫ്. ദിവസങ്ങള്‍ക്ക് മുമ്പുതന്നെ തീരുമാനിച്ചു. എന്നാല്‍, ഇരുപതില്‍ നാലുപേരാണ് സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. അവരെല്ലാം പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനങ്ങള്‍ വഹിക്കുന്നവരും. അതുകൊണ്ടുതന്നെ താഴെത്തട്ടില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല.ഡി.സി.സി.യിലെത്തിയിട്ടും പെട്ടെന്നൊരു തീരുമാനത്തിന് സാധ്യമായില്ല. അവസാനം നാലുപേരോടും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഡി.സി.സി. നിര്‍ദേശിക്കുകയായിരുന്നു. പിന്നീട്, രണ്ട് ദിവസം കൂടി ചര്‍ച്ച നടത്തി. നാലുപേര്‍ രംഗത്തുണ്ടെങ്കിലും ബ്ലോക്ക് ജനറല്‍ സെക്രട്ടറി ടി.എ. നവാസിന്റേയും മണ്ഡലം പ്രസിഡന്റ് എ.എം. അലിയുടേയും പേരുകളാണ് അവസാന ചര്‍ച്ചയിലേക്കെത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് എ.എം. അലിയെ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ട് ഡി.സി.സി. തീരുമാനമെടുത്തത്.