ഭരണത്തുടർച്ച തേടി യു.ഡി.എഫും ഭരണം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും കാലടിയിൽ അങ്കത്തിനൊരുങ്ങി.
പഞ്ചായത്തിന് ആസ്ഥാനം ഉണ്ടാക്കിയതുൾപ്പെടെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിലൂടെ ലക്ഷ്യം കാണാമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്. പ്രഖ്യാപനംനടത്തി തുക അനുവദിച്ച് മൂന്ന് കൊല്ലം പിന്നിട്ടിട്ടും കാലടി സമാന്തര പാലത്തിന് കല്ലിടാൻ പോലും കഴിയാതെ പോയതും മറ്റ് ജനകീയ വിഷയങ്ങളും ഉയർത്തിക്കാട്ടി ജനങ്ങളിലേക്കിറങ്ങിച്ചെല്ലാൻ എൽ.ഡി.എഫും നീക്കം തുടങ്ങി. 
 മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ പൊതു സ്വീകാര്യതയുള്ള സ്ഥാനാർഥികളെ രംഗത്തിറക്കി കരുത്തു കാട്ടാൻ ബി.ജെ.പി.യും സജീവമായുണ്ട്.
 17 വാർഡുകളാണ് പഞ്ചായത്തിൽ. യു.ഡി.എഫ് -10, എൽ.ഡി.എഫ് -7 എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസിന് എട്ടും കേരള കോൺഗ്രസ്-എമ്മിനും സോഷ്യലിസ്റ്റ് ജനതയ്ക്കും ഓരോ സീറ്റുമുണ്ട്.  എൽ.ഡി.എഫിൽ സി.പി.എമ്മിന് ആറും കേരള കോൺഗ്രസിന് ഒന്നും സീറ്റുകളാണുള്ളത്.
 കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ സജീവമായിരുന്നപ്പോഴും പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി അധികാരത്തർക്കങ്ങളില്ലാതെ നയിക്കാൻ പ്രസിഡന്റ് കെ.ബി. സാബുവിനായി. വരുന്ന തിരഞ്ഞെടുപ്പിൽ കാലടിയിൽ ഉയർന്നുവരുന്ന പ്രധാന വിഷയം സമാന്തരപാലം തന്നെയാകും. രാഷ്ട്രീയത്തർക്കം മൂലമാണ് പാലം ഇനിയും യാഥാർഥ്യമാകാത്തതെന്ന ജനങ്ങളുടെ തിരിച്ചറിവിനെ അഭിമുഖീകരിക്കൽ ഇരു മുന്നണികൾക്കും കടുപ്പമേറിയതാകും. ഇരു മുന്നണികളും മാറിമാറി അധികാരമേറുന്ന കാഴ്ചയാണ് കാലടിയിലേത്.