കൊച്ചി: സംസ്ഥാനത്തൊട്ടാകെ തിരിച്ചടിയുണ്ടായപ്പോള്‍ എറണാകുളത്ത് മുഖം രക്ഷിച്ച് യുഡിഎഫ്. യുഡിഎഫിന്റെ കയ്യിലുണ്ടായിരുന്ന പല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നേടി ഇടതുപക്ഷം നേട്ടം കൊയ്‌തെങ്കിലും ജില്ലയില്‍ കനത്ത തിരിച്ചടിയുണ്ടാകാതെ കാക്കാന്‍ ഭരണ മുന്നണിയ്ക്കായി. ജില്ലയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ബിജെപിയ്ക്കുമായി.

പഞ്ചായത്തുകളുടെ എണ്ണത്തിലാണ് യുഡിഎഫിന് ഇത്തവണ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. കഴിഞ്ഞ തവണ 72 പഞ്ചായത്തുകള്‍ നേടിയ ഐക്യമുന്നണി ഇത്തവണ 45-ലേക്ക് ഒതുങ്ങി. അതേസമയം 12 പഞ്ചായത്തുകളുടെ ഭരണം മാത്രമുണ്ടായിരുന്ന ഇടതുപക്ഷം അത് 35 ആയി മെച്ചപ്പെടുത്തുകയും ചെയ്തു.

ജില്ലയില്‍ ആറ് മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടിയപ്പോള്‍ എട്ടെണ്ണത്തില്‍ യുഡിഎഫ് മുന്നിലെത്തി. കഴിഞ്ഞ തവണ ഒമ്പത് മുനിസിപ്പാലിറ്റികള്‍ യുഡിഎഫിനായിരുന്നു. എല്‍ഡിഎഫില്‍ നിന്നും നേടിയ അങ്കമാലിയിലെ ഭരണം ഇത്തവണ വലതുപക്ഷം കൈവിടുകയും ചെയ്തു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകൊണ്ട് ശ്രദ്ധനേടിയ മുനിസിപ്പാലിറ്റിയായിരുന്നു ഇത്.

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ മണ്ഡലത്തിലെ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയതാണ് ജില്ലയില്‍ ഏറെ ശ്രദ്ധേയമായ ഫലങ്ങളില്‍ ഒന്ന്. 49 വാര്‍ഡുകളില്‍ വലതുപക്ഷത്തിന് നേടാനായത് വെറും ഒമ്പതെണ്ണം മാത്രം. 25 വാര്‍ഡുകളോടെ എല്‍ഡിഎഫ് കേവല ഭൂരിപക്ഷം നേടിയപ്പോള്‍ 13 സീറ്റുകളോടെ ബിജെപിയാണ് പ്രതിപക്ഷ സ്ഥാനം നേടിയത്.

ജില്ലാ പഞ്ചായത്തുകളുടെ എണ്ണത്തില്‍ ഇടതുപക്ഷം ഇത്തവണ ജില്ലയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കി. മൂന്നില്‍ നിന്ന് പത്തിലേക്കാണ് അവര്‍ നില മെച്ചപ്പെടുത്തിയത്. ഇതിന് ആനുപാതികമായി യുഡിഎഫ് ഡിവിഷനുകളുടെ എണ്ണത്തില്‍ കുറവുണ്ടാവുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണത്തിലും ഇതേ മുന്നേറ്റം ദൃശ്യമായി. 14 ബ്ലോക്കുകളില്‍ ഒമ്പതെണ്ണം നേടി യുഡിഎഫ് ആധിപത്യം നിലനിര്‍ത്തിയെങ്കിലും, കഴിഞ്ഞ തവണ ഒരു ബ്ലോക്കു മാത്രം നേടാനായ എല്‍ഡിഎഫ് അഞ്ച് ബ്ലോക്കുകള്‍ സ്വന്തമാക്കി തിരിച്ചുവരവ് നടത്തി.

കൊച്ചി കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താനായത് സംസ്ഥാനതലത്തില്‍ തന്നെ യുഡിഎഫിന് ആശ്വാസം പകരുന്ന നേട്ടമായി. അതേസമയം കൊച്ചിയിൽ മേയര്‍ സ്ഥാനത്തിനായുള്‍പ്പെടെ കോണ്‍ഗ്രസിനകത്ത് വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ തവണത്തെ 48 സീറ്റുകള്‍ എന്നത് ഇത്തവണ 38 സീറ്റുകളിലേക്ക് വീണു. മേയര്‍ സ്ഥാനാര്‍ത്ഥിയായ ദീപ്തി മേരി വര്‍ഗീസ് ഉള്‍പ്പെടെയുള്ളവര്‍ തോറ്റത് കൊച്ചിയില്‍ യുഡിഎഫിന് തിരിച്ചടിയായി. എന്നാല്‍ കോണ്‍ഗ്രസിന്റെ സീറ്റുകളില്‍ നേരിട്ട ഇടിവ് മുതലാക്കാന്‍ എല്‍ഡിഎഫിനായില്ല. മുഖ്യപ്രതിപക്ഷത്തിന്റെ ഒരു സീറ്റ് കുറഞ്ഞപ്പോള്‍ നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ രവിപുരത്ത് തോറ്റത് ഇടതിനും ക്ഷീണമായി.

കിഴക്കമ്പലമാണ് കൊച്ചിയില്‍ ശ്രദ്ധേയമായ ഫലം നല്‍കിയ പഞ്ചായത്ത്. ഇരു മുന്നണികളെയും തഴഞ്ഞ പഞ്ചായത്ത് കിറ്റെക്‌സ് തൊഴിലാളികളുടെ ട്വന്റി ട്വന്റി മുന്നണിയെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചു. പത്തൊമ്പതില്‍ 17 സീറ്റും ട്വന്റി ട്വന്റി സ്വന്തമാക്കിയപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും എസ്ഡിപിഐയും ഓരോ വാര്‍ഡുകള്‍ നേടി.