കൊച്ചി: ബി.ജെ.പി. സ്ഥാനാര്‍ഥിയെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് മാലയിട്ട് സ്വീകരിച്ചത് വിവാദമാകുന്നു. കൊച്ചി നഗരസഭയില്‍ എറണാകുളം നോര്‍ത്ത് ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗ്രേസ് ബാബു ജേക്കബ്ബിന്റെ ഭര്‍ത്താവ് ബാബു ജേക്കബ്ബാണ് എറണാകുളം സെന്‍ട്രല്‍ ഡിവിഷനിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി സുധ ദിലീപ് കുമാറിനെ വീടിനുമുന്നില്‍ സ്വീകരിച്ചത്.

ഈ സമയം ഗ്രേസ് ബാബു വീടിന്റെ മട്ടുപ്പാവില്‍ നിന്ന് കൈവീശുന്നതും ദൃശ്യ മാധ്യമങ്ങളില്‍ വന്നതോടെ സംഭവം വിവാദമായി. വോട്ടുകച്ചവടമാണ് ഇതിനുപിന്നിലെന്ന ആരോപണവുമായി ഇടതുമുന്നണിയും ബാബു ജേക്കബ്ബിെന്റ സഹോദരനും മുന്‍ കൗണ്‍സിലറും സെന്‍ട്രല്‍ ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ലിനോ ജേക്കബ്ബും രംഗത്തുവന്നു.
 സുധ ദിലീപ് കുമാറിന്റെ പദയാത്രാ പ്രചാരണം വീട്ടുപടിക്കലൂടെ പോകുമ്പോഴായിരുന്നു ബാബു ജേക്കബ് സ്വീകരണം നല്‍കിയത്. ബി.ജെ.പി. പ്രവര്‍ത്തകനോട് കുശലം പറഞ്ഞ ബാബു, കുറച്ച് ദൂരെ വീടിന്റെ മട്ടുപ്പാവില്‍ നില്‍ക്കുന്ന ഭാര്യ ഗ്രേസ് ബാബുവിനെ കാട്ടിക്കൊടുക്കുന്നുമുണ്ട്.
  ഒരു ഭാഗത്ത് കോണ്‍ഗ്രസ് ബി.ജെ.പി.യെ സഹായിക്കുകയും മറുഭാഗത്ത് ബി.ജെ.പി.  കോണ്‍ഗ്രസിനെ സഹായിക്കുകയും െചയ്യുന്ന കാഴ്ചയാണ് നഗരത്തില്‍ കാണുന്നതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.
അതിനിടെ ഇക്കാര്യത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ലിനോ ജേക്കബ് കെ.പി.സി.സി. പ്രസിഡന്റിന് കത്ത് നല്‍കി.

  66, 67 ഡിവിഷനുകളില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മില്‍ രഹസ്യ ധാരണയെന്ന പ്രചാരണം കള്ളമാണെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.
ഇടതുപക്ഷത്തെ തോല്പിക്കാനാണ് ധാരണയെന്നാണ്  നുണ പ്രചാരണം. എന്നാല്‍ ഈ രണ്ട് ഡിവിഷനുകളിലും എല്‍.ഡി.എഫ്. ചിത്രത്തിലില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. മൂന്നാമതും നാലാമതുമാണ് ഈ ഡിവിഷനുകളില്‍ എത്തിയത്. ബി.ജെ.പി.ക്കെതിരായ പ്രചാരണം പരാജയ ഭീതിയില്‍ നിന്നുണ്ടായതാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.