കൊച്ചി: പത്തനംതിട്ട ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ കോൺഗ്രസ് ഐ സ്ഥാനാർഥിയുടേതുൾപ്പെടെയുള്ള രണ്ട് പത്രികകൾ തള്ളിയതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി നിർേദശിച്ചു.

വരണാധികാരി രണ്ടുപേരുടെ പത്രിക ആദ്യം തള്ളിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പട്ടികയും പ്രസിദ്ധപ്പെടുത്തി. എന്നാൽ പിന്നീട് തള്ളിയ രണ്ട് പേരുകൾ കൂടി ഉൾപ്പെടുത്തി മറ്റൊരു പട്ടിക ഇറക്കി. അതിനെതിരെ സി.പി.ഐ.യിലെ എ.പി. സന്തോഷ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി. ചിതംബരേഷിന്റെ ഇടക്കാല ഉത്തരവ്.
ആദ്യ പട്ടികയിൽ ഹർജിക്കാരനും ബി.ജെ.പി. സ്ഥാനാർഥിയായ ടി. അനീഷും മാത്രമാണ് ഉണ്ടായിരുന്നത്. കെ.ആർ. രാജേഷ്, രാജീവ് കെ. നായർ എന്നിവരുടെ പത്രികകളാണ് വരണാധികാരി തള്ളിയിരുന്നത്.
 പത്രിക തള്ളി പട്ടിക പ്രസിദ്ധപ്പെടുത്തിയ ശേഷം
പിന്നാക്കം പോകാൻ നിയമം അനുവദിക്കുന്നില്ലെന്ന് കോടതി വിലയിരുത്തി.