കൊച്ചി:  കാല്‍നൂറ്റാണ്ട് കൊച്ചി കോര്‍പ്പറേഷനില്‍ ബി.ജെ.പി.യുടെ ശബ്ദമായിരുന്ന പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാമള എസ്. പ്രഭുവിനെ ഇക്കുറി സഭയിലേക്ക് എത്തിക്കില്ലെന്ന കടുത്തവാശിയിലാണ് ആര്‍.എസ്.എസ്സുകാര്‍. ചെറളായി ഡിവിഷനില്‍നിന്ന് ആറാംതവണയാണ് ശ്യാമള ജനവിധി തേടുന്നത്. ശ്യാമളയെ തോല്പിക്കാന്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുകയാണ് ആര്‍.എസ്.എസ്.
ഡിവിഷനില്‍ത്തന്നെയുള്ള സംഘംപ്രവര്‍ത്തകന്റെ ഭാര്യ ഗായത്രി ഭട്ടിനെയാണ് അവര്‍ രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന ഗായത്രിയുടെ തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ പഴയകാല സംഘം പ്രവര്‍ത്തകരടക്കം നിരവധിപേര്‍ പങ്കെടുത്തു.
പതിവായി മത്സരിക്കുന്ന ചെറളായി ഡിവിഷനില്‍നിന്ന് തൊട്ടടുത്ത ഡിവിഷനിലേക്ക് മാറി മത്സരിക്കണമെന്ന് ശ്യാമളയോട് സംഘം നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി. നേതൃത്വത്തോടും അവര്‍ ആവശ്യം ഉന്നയിച്ചു. അവസാന നിമിഷംവരെ പാര്‍ട്ടി ശ്യാമളയുമായി ചര്‍ച്ച നടത്തി. എന്നാല്‍, ചെറളായിയില്‍ത്തന്നെ മത്സരിക്കുമെന്ന് ശ്യാമള നിര്‍ബന്ധം പിടിക്കുകയായിരുന്നു.
ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തിന് സ്വാധീനമുള്ള ചെറളായി എന്നും ബി.ജെ.പിക്കൊപ്പമാണ് നിന്നിട്ടുള്ളത്. ശ്യാമള 1988ല്‍ ആദ്യമായി മത്സരിച്ചപ്പോള്‍ 108 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. കഴിഞ്ഞതവണ 2200 ആയിരുന്നു ഭൂരിപക്ഷം. കഴിഞ്ഞതവണയും ഇവിടെ ബി.ജെ.പി. റിബല്‍ ഉണ്ടായിരുന്നു. ഇക്കുറി എന്തു വിലകൊടുത്തും ശ്യാമളയെ തോല്‍പ്പിക്കുമെന്ന പ്രതിജ്ഞയിലാണ് സംഘംപ്രവര്‍ത്തകര്‍.
യു.ഡി.എഫിനും എല്‍.ഡി.എഫിനും വലിയ സ്വാധീനമില്ലാത്ത ഡിവിഷനില്‍, സംഘപരിവാറിനകത്തെ പ്രശ്‌നങ്ങള്‍ മുതലാക്കാനാവുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.