കടുങ്ങല്ലൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാകാത്ത കടുങ്ങല്ലൂരില്‍ മുസ്ലീംലീഗില്‍ നേതാക്കളുടെ രാജി. ജില്ലാ കൗണ്‍സില്‍ അംഗം സി.എ.അബ്ദുല്‍നാസര്‍ ഉള്‍െപ്പടെ നാലുപേരാണ് രാജിവച്ചത്. യു.ഡി.എഫ് കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ മുസ്ലീംലീഗിന് കൊടുത്തിരിക്കുന്ന മൂന്ന് വാര്‍ഡുകളില്‍ ഒന്നാണ് കണിയാംകുന്ന് പ്രദേശം ഉള്‍പ്പെടുന്ന നാലാംവാര്‍ഡ്. ഇവിടെ കഴിഞ്ഞതവണ വിജയിച്ച ഷാഹിനാ ബീരാന്റേയും ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ജലീലിന്റേയും പേരുകളാണ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് ഉയര്‍ന്നുവന്നത്. എന്നാല്‍ ഈ തര്‍ക്കം പരിഹരിക്കാന്‍ പത്രിക പിന്‍വലിക്കുന്ന ദിവസംവരെ നേതൃത്വത്തിനായില്ല. ഇപ്പോള്‍ രണ്ടുപേരും മത്സരരംഗത്തുണ്ട്. ഇപ്പോള്‍ അബ്ദുല്‍ജലീലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെന്ന് നേതൃത്വം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രാദേശിക നേതാക്കള്‍ രാജിവയ്ക്കുന്നത്. പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ.ബീരാന്‍, കണിയാംകുന്ന് യൂണിറ്റ് ജന.സെക്രട്ടറി കെ.ഐ.അര്‍ഷാദ് മൗലവി, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിഹാബ് എന്നിവരും നിയോജകമണ്ഡലം പ്രസിഡന്റിനാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്.