പ്രചാരണ ചൂടിലേക്ക്...

കോതമംഗലം: സ്ഥാനാര്‍ത്ഥിപ്പട്ടിക പൂര്‍ത്തിയായി ചിഹ്നവും അനുവദിച്ചു. ഇനിയുള്ള ദിവസങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കും. പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയം കഴിഞ്ഞതോടെ ഭീഷണി ഉയര്‍ത്തിയിരുന്ന വിമതര്‍ പലരും കളംവിട്ടു. പത്രിക പിന്‍വലിക്കല്‍ പൂര്‍ത്തിയായ ശേഷമാണ് മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിങ് ഓഫിസര്‍മാര്‍ പ്രസിദ്ധപ്പെടുത്തിയത്.
രാഷ്ടീയ പാര്‍ട്ടികളുടെയും മുന്നണികളുടെയും സ്ഥനാര്‍ഥികള്‍ക്ക് ഭീഷണി ഉയര്‍ത്തിയിരുന്ന ഒട്ടേറെ വിമതര്‍ പത്രിക പിന്‍വലിച്ചിട്ടുണ്ട്.
വിമതശല്യം കുറയ്ക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞു. മറ്റ് ചില സ്വതന്ത്ര സ്ഥാനാര്‍ഥികളും പിന്‍മാറി. സ്ഥാനാര്‍ഥികളെ പിന്‍വലിപ്പിക്കാന്‍ ഉന്നത നേതാക്കള്‍ വരെ ഇടപെട്ടു. അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക വിലയിരുത്തിയാല്‍ ഭൂരിപക്ഷം വാര്‍ഡുകളിലും ത്രികോണ മത്സരം ഉറപ്പായി.
യു.ഡി.എഫ്-എല്‍.ഡി.എഫ്-ബി.ജെ.പി. മുന്നണികളാണ് പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ളത്. നാലും അതിലേറെയും ശക്തരായ സ്ഥാനാര്‍ഥികളുള്ള വാര്‍ഡുകളുമുണ്ട്.
മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബാലറ്റു പേപ്പറുകള്‍ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
മലയാളം പേരുകളുടെ അക്ഷരമാല ക്രമത്തിലാണ് ബാലറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരുകള്‍ രേഖപ്പെടുത്തുക. ഇത്തവണ വോട്ടിങ് യന്ത്രം ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തുന്നത്. ത്രിതല പഞ്ചായത്തുകളിലേക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് മള്‍ട്ടി പോസ്റ്റ് വോട്ടിങ് മെഷിന്‍ പരിചയപ്പെടുത്തുന്നതിന് ഡെമോ വോട്ടിങ് വാഹനം വിവിധ പ്രദേശങ്ങളിലെത്തും. തിരഞ്ഞെടുപ്പ് കമ്മീഷനാണ്, വോട്ടര്‍മാരുടെ ആശയക്കുഴപ്പം പരിഹരിക്കാന്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
നവംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. പ്രചാരണത്തിന് അവശേഷിക്കുന്നത് പതിനാറ് ദിവസം മാത്രമാണ്. ഇതിനകം തന്നെ പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം പ്രചാരണത്തില്‍ സജീവമായി. സ്ഥാനാര്‍ഥിത്വം നേരത്തെ തന്നെ ഉറപ്പിച്ചവര്‍ ഒരുവട്ടം വീടുകള്‍ കയറി വോട്ട് അഭ്യര്‍ഥിച്ചുകഴിഞ്ഞു.
മുന്നണികളുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ നടന്നുവരികയാണ്. വരുംദിവസങ്ങളില്‍ കോര്‍ണര്‍ യോഗങ്ങളും പൊതു സമ്മേളനങ്ങളും ഉള്‍പ്പടെയുള്ള മറ്റ് പ്രചാരണ പരിപാടികളും കൊഴുക്കും. പ്രമുഖ നേതാക്കളും വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കാനെത്തും.
യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക്
കോതമംഗലം:
പത്രിക പിന്‍വലിക്കല്‍ പൂര്‍ത്തിയായപ്പോള്‍ മുന്നണി സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം നഷ്ടപ്പെട്ടു. യു.ഡി.എഫ്. സ്ഥാനാര്‍ഥി മുനിസിപ്പാലിറ്റിയുടെ അഞ്ചാംവാര്‍ഡില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ജിജി സണ്ണിക്കാണ് പാര്‍ട്ടി ചിഹ്നം നഷ്ടപ്പെട്ടത്.
പാര്‍ട്ടിയുടെ 'രണ്ടില' ചിഹ്നമാണ് ഇതുവരെ പ്രചാരണങ്ങള്‍ക്കെല്ലാം ഉപയോഗിച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചതാകട്ടെ സ്വതന്ത്ര ചിഹ്നമായ 'അലമാര' യും. പാര്‍ട്ടിയുടെ ചിഹ്നം അനുവദിച്ചുകൊണ്ടുള്ള കത്ത് നല്‍കുന്നതിലുണ്ടായ വീഴ്ചയാണ് പ്രശ്‌നമായത്. ടി.യു. കുരുവിള എം.എല്‍.എ. നേരിട്ടെത്തി പാര്‍ട്ടി ചിഹ്നം ലഭ്യമാക്കാനുള്ള സാധ്യത ആരാഞ്ഞെങ്കിലും റിട്ടേണിങ് ഓഫിസറായ ഡി.ഇ.ഒ. വഴങ്ങിയില്ല.

വാര്‍ഡിലെങ്ങും സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡുകളിലും നോട്ടീസുകളിലുമെല്ലാം രണ്ടില ചിഹ്നം രേഖപ്പെടുത്തിയിരുന്നു. ഇനി ഇതെല്ലാം മാറ്റി പുതിയ ചിഹ്നത്തില്‍ വോട്ട് അഭ്യര്‍ഥിക്കേണ്ട അവസ്ഥയിലാണ് ജിജി സണ്ണിയും പാര്‍ട്ടിയും.
സി.പി.ഐ.യിലെ ലിസി പോളാണ് ഇവിടെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി.