ഇടതുപക്ഷം ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത ഫലങ്ങളാണ് 2010ല്‍ എറണാകുളം സമ്മാനിച്ചത്. 84 പഞ്ചായത്തില്‍ 72ഉം യു.ഡി.എഫ്. കൊണ്ടുപോയി. 26 ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 22ഉം 11 നഗരസഭകളില്‍ 10ഉം 14 ബ്ലോക്കില്‍ 13ഉം യു.ഡി.എഫ്. കീശയിലാക്കി. 30 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കൊച്ചി കോര്‍പ്പറേഷനും കൈവിട്ടതോടെ എല്‍.ഡി.എഫ്. നിലയില്ലാക്കയത്തിലായി.

2010ല്‍ ഡി.ഐ.സി., കേരള കോണ്‍ഗ്രസ് ജോസഫ്, സോഷ്യലിസ്റ്റ് ജനത തുടങ്ങിയവര്‍ യു.ഡി.എഫിലേക്കെത്തിയതാണ് അവര്‍ക്ക് നേട്ടമായത്. 
ഇക്കുറി കൊച്ചി കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും വനിതകളാകും സാരഥികള്‍. 13 നഗരസഭകളില്‍ 10ഉം 82 പഞ്ചായത്തില്‍ 40ഉം വനിതകള്‍ ഭരിക്കും. 27 ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ 14ലും 14 ബ്ലോക്ക് പഞ്ചായത്തില്‍ ഏഴിലും നേതൃത്വം വനിതകള്‍ക്കായിരിക്കും.  

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 14 മണ്ഡലങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് എല്‍.ഡി.എഫ്. ജയിച്ചത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട പെരുമ്പാവൂര്‍, കുന്നത്തുനാട് മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍.ഡി.എഫിന് ലീഡുള്ളത്. അങ്കമാലി, വൈപ്പിന്‍ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്. പിന്നിലായി. സ്വതന്ത്രനെ പരീക്ഷിച്ച എറണാകുളത്ത് അമ്പേ തകര്‍ന്നു.

നിര്‍വഹണത്തിലേക്കെത്തുന്ന മെട്രോ റെയില്‍, സ്മാര്‍ട്ട് സിറ്റി തുടങ്ങിയവ ഉയര്‍ത്തിക്കാട്ടി വികസനത്തുടര്‍ച്ചയ്ക്കാവും യു.ഡി.എഫ്. വോട്ടുതേടുക. കോണ്‍ഗ്രസ്സിനുള്ളിലും മുന്നണിക്കുള്ളിലും സാധാരണ തലപൊക്കുന്ന സീറ്റുതര്‍ക്കവും വിമതശല്യവുമാണ് മുഖ്യഭീഷണി.  

ജൈവകൃഷി, പാലിയേറ്റീവ് കെയര്‍ തുടങ്ങി നിരവധി സാമൂഹികപ്രവര്‍ത്തനങ്ങളിലൂടെയാണ് സി.പി.എം. സ്വാധീനം ഉറപ്പാക്കുന്നത്. പി. രാജീവ് ജില്ലാ സെക്രട്ടറിയായശേഷം വിഭാഗീയതയ്ക്ക് അയവുവന്നതും നേട്ടമാകും. മെട്രോ റെയില്‍ ശ്രീധരനെ ഏല്പിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ ജനപക്ഷത്തുനിന്ന് സമരം നടത്താന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു. നിലവില്‍ 12 പഞ്ചായത്താണ് എല്‍.ഡി.എഫ്. ഭരിക്കുന്നത്. രണ്ട് നഗരസഭയും. ജയിച്ച നാല് ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ ഒന്ന് കേസില്‍ തോറ്റ് നഷ്ടമായി. 

വ്യവസായകാര്‍ഷിക മേഖലയുടെ തകര്‍ച്ചയും വല്ലാര്‍പാടം, എല്‍.എന്‍.ജി. പദ്ധതികള്‍ ലക്ഷ്യത്തിലെത്താതെപോയതും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. കസ്തൂരിരംഗന്‍, തീരപരിപാലന നിയമം തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്കാ സഭയുടെ വിമര്‍ശം യു.ഡി.എഫ്. നേരിടുന്നുണ്ട്.

ബി.ജെ.പി. നേരത്തേതന്നെ ജയിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. എസ്.എന്‍.ഡി.പി. പിന്തുണലഭിച്ചാല്‍ പറവൂര്‍, വൈപ്പിന്‍, പശ്ചിമ കൊച്ചി, ആലുവ, പെരുമ്പാവൂര്‍ മേഖലകളില്‍ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ആം ആദ്മി പാര്‍ട്ടിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാട്ടിയ ഉത്സാഹം പിന്നീടുണ്ടായിട്ടില്ല.