കോഴിക്കോട്: കുതിരവണ്ടിയിൽ കയറിപ്പോയി കൗൺസിലറായ ആളാണ് എം. കമലം. 15 വർഷം അവർ കോഴിക്കോടൻ ജീവിതത്തിന്റെ എല്ലാ അടരുകളിലേക്കും ഇറങ്ങിയെത്തി. പിന്നീട് രണ്ടുതവണ എം.എൽ.എ. ആയി. 1982 മുതൽ ‘87 വരെ കരുണാകരൻ മന്ത്രിസഭയിൽ മന്ത്രിയുമായി. ജനസേവനത്തിന്റെ ഉയരങ്ങളിലേക്ക്‌ പോയപ്പോഴെല്ലാം അനുഭവങ്ങളുടെ ബാങ്ക് ബാലൻസായത് മുനിസിപ്പാലിറ്റിയിലെ പ്രവർത്തനപരിചയമാണെന്നു പറയുന്നു കമലം.

രാഷ്ട്രീയത്തെക്കുറിച്ച് അധികമൊന്നും അറിയാത്ത കാലത്താണ് പ്രദേശത്തെ േകാൺഗ്രസ് പ്രവർത്തകർ ഒരുദിവസം വീട്ടിൽ വന്നതെന്ന് അവർ ഓർക്കുന്നു. ‘‘1946-ലാണ്. കുതിരവണ്ടിയുമായാണ് അവർ വന്നത്. കാത്തുനിൽക്കാൻ സമയമില്ല എന്നുപറഞ്ഞു. എനിക്കന്ന് 20 വയസ്സായിട്ടില്ല. ഞാൻ അവർക്കൊപ്പം പോയി. ഒന്ന് ഒപ്പിട്ടുകൊടുത്തതേയുള്ളൂ. തിരഞ്ഞെടുക്കപ്പെട്ടു. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് അന്ന് ഞാൻ അറിഞ്ഞതേയില്ലായിരുന്നു’’- കമലം പറയുന്നു. തൊട്ടടുത്ത തവണ കുറ്റിച്ചിറയിലാണ് സ്ഥാനാർഥിയായത്. അവിടെയും കമലം ജയിച്ചു, ഏറ്റവുംവലിയ ഭൂരിപക്ഷത്തോടെ.

തുടർന്നങ്ങോട്ട് കമലത്തിന്റെ ജീവിതം ജനങ്ങളുടെ മധ്യത്തിലായിരുന്നു. ‘‘അന്ന് ഞാൻ കടപ്പുറത്തെ വീടുകളിലെല്ലാം കയറിയിറങ്ങുമായിരുന്നു. കടപ്പുറത്ത് ഒരു കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അത് ശമിപ്പിക്കാൻ നന്നായി അധ്വാനിച്ചു. ചെരിപ്പുപോലും ഇടാതെയാണ് അന്ന് കടപ്പുറത്ത് ഞാൻ നടന്നത്. മനുഷ്യത്വം, ജനാധിപത്യം എന്നിവയിലെല്ലാം വലിയ വിശ്വാസം എനിക്കു നൽകിയ നാളുകളാണ് അവ’’.

‘‘പാതിരാത്രി കഴിഞ്ഞും പരാതികളുമായി പാവപ്പെട്ട മനുഷ്യർ വീട്ടിൽ വരുമായിരുന്നു. സമയവും സന്ദർഭവുമൊന്നും നോക്കാതെ അവർക്കൊപ്പം ഇറങ്ങിപ്പോകുമായിരുന്നു. ഭർത്താവ് എനിക്ക്‌ പിന്തുണയായുണ്ടായിരുന്നു. മറ്റൊരു സ്ഥാനത്തിനും നൽകാൻ സാധിക്കാത്ത അനുഭവങ്ങളായിരുന്നു അവ’’- കമലം പറഞ്ഞു.