കല്പറ്റ: മത്സരിച്ചത് ജയിക്കാനായിരുന്നു, പക്ഷേ മനസ്സില്‍ ആരോടുംപറയാതെ ഒരാഗ്രഹം ഒളിപ്പിച്ചു. തോല്‍ക്കണമെന്ന്. പുറത്താരോടും പറഞ്ഞില്ല. ആദ്യത്തെ മത്സരം അത്രമാത്രം മാനസികസമ്മര്‍ദമാണ് തനിക്കുണ്ടാക്കിയതെന്ന് പി.കെ. ജയലക്ഷ്മി സമ്മതിക്കുന്നു.

മാനന്തവാടി ഗവ. കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം എന്തുചെയ്യണമെന്ന് അധികം ആലോചിക്കേണ്ടിവന്നില്ല. അധ്യാപികയാവണം. അതിനുള്ള തയ്യാറെടുപ്പിനിടയിലാണ് കുടുംബശ്രീയില്‍ ഒരു കൈനോക്കാന്‍ ഇറങ്ങിയത്. പിന്നെ തൊഴിലുറപ്പുപദ്ധതിയിലും ഒരു കൈനോക്കി.
പഠിക്കുന്ന കാലത്ത് കെ.എസ്.യു.വിലായിരുന്നു. അതിന്റെ ബലത്തിലാണ് ഗുരുനാഥനായ എ. പ്രഭാകരനും സുഹൃത്ത് പരേതനായ പി.കെ. ഷൈബിയും വീട്ടിലെത്തിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നായിരുന്നു ആവശ്യം. കേട്ടപാടെ നിരസിച്ചു.   അവര്‍ വിട്ടില്ല. മത്സരം മുറുകിയതോടെ തോല്‍ക്കുമെന്ന് ഭയന്നു.

2005ലെ തദ്ദേശ തിരഞ്ഞെടുപ്പോടെ സജീവ രാഷ്ട്രീയത്തിലേക്കും എത്തി. പട്ടികവര്‍ഗ സംവരണവാര്‍ഡായിരുന്നു 17.  അവിടെ സി.പി.എമ്മിലെ മീനാക്ഷിയെ 275 വോട്ടിനാണ് തോല്പിച്ചത്.പഞ്ചായത്തംഗമെന്ന നിലയില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെന്നുതന്നെയാണ് വിശ്വാസം. തൊഴിലുറപ്പുപദ്ധതിയില്‍ ദേശീയാംഗീകാരം നേടിയെടുക്കാനും സാധിച്ചു. 2010ല്‍  എല്‍.ഡി.എഫിന്റെ കോട്ടയായ 15ാം വാര്‍ഡിലായിരുന്നു. തോല്‍ക്കുമെന്ന് ഉറപ്പ്. ആഗ്രഹിച്ചതും അതുതന്നെ.  300ലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍  വിജയിച്ചു. ആറുമാസത്തിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പ്. രാഹുല്‍ഗാന്ധിയുടെ നോമിനിയെന്ന പരിഗണനയുണ്ടായിട്ടും ഭയമായിരുന്നു.
 12,734 വോട്ടിന് വിജയിച്ചു. മന്ത്രിയെന്ന നിലയില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആത്മാര്‍ഥമായി ശ്രമിച്ചുവെന്നുതന്നെയാണ് വിശ്വാസം. സങ്കീര്‍ണമായ അനുഭവമാണ് മന്ത്രിയെന്ന നിലയില്‍ ലഭിച്ചത് ജയലക്ഷ്മി പറഞ്ഞു.