കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലൂടെ കേരളരാഷ്ട്രീയത്തിന്റെ ഉത്തുംഗ ശ്രേണിയില്‍ എത്തിയ പിതാവും മകനും എന്ന അപൂര്‍വ ബഹുമതി സി.എച്ച്. മുഹമ്മദ്കോയയ്ക്കും മന്ത്രി എം.കെ. മുനീറിനും സ്വന്തം. പിതാവ് മുഖ്യമന്ത്രിപദം വരെയെത്തിയപ്പോള്‍ മകന് രണ്ടുതവണ മന്ത്രിയായി.
മന്ത്രി മുനീര്‍ വിദ്യാര്‍ഥിയായിരുന്ന കാലത്താണ് കോര്‍പ്പറേഷനിലേക്ക് മത്സരിച്ചത്. അതും പിതാവ് സി.എച്ച്. ആദ്യമായി മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച കുറ്റിച്ചിറ വാര്‍ഡില്‍നിന്ന്. സി.എച്ച്. കോണ്‍ഗ്രസ്സിനെ എതിര്‍ത്താണ് മത്സരിച്ചതെങ്കില്‍ മുനീര്‍ കോണ്ഗ്രസ്സിനോടൊപ്പമായിരുന്നു എന്നത് മാത്രമാണ് വ്യത്യാസം.
മെഡിക്കല്‍കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ, 1989ലാണ് കോര്‍പ്പറേഷനില്‍ മത്സരിച്ചതെന്ന് മുനീര്‍ ഓര്‍ക്കുന്നു:
. ''ബാപ്പ മത്സരിച്ചിരുന്ന വാര്‍ഡില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത് ഒരു നിമിത്തമായി. സി.പി.എമ്മിന്റെ ഹൈമവതി തായാട്ടായിരുന്നു മേയര്‍. കൗണ്‍സിലില്‍ തികഞ്ഞ സൗഹൃദാന്തരീക്ഷം. പുതുക്കകാരനായ ഞാന്‍ വാര്‍ഡിലെ പ്രശ്നങ്ങള്‍ സ്ലൈഡിലാക്കി കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു. ഇത്തരം അവതരണത്തിന് അനുമതിയില്ലെന്നായിരുന്നു മേയറുടെ ഉത്തരവ്.''
രണ്ടുവര്‍ഷത്തിനുശേഷം വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ വാര്‍ഡ് ഉള്‍ക്കൊള്ളുന്ന കോഴിക്കോട് രണ്ടില്‍ മത്സരിച്ചു. ഇതിലും ജയിച്ചു. ഒരേസമയം കൗണ്‍സിലറും എം.എല്‍.എയും. നാടകവും സംഗീതവുമായി കോളേജില്‍ പഠിക്കുന്ന കാലത്താണ് കൗണ്‍സിലറായത്. സഹപാഠികള്‍ ചിലപ്പോള്‍ കളിയാക്കി ചോദിക്കും: നാടകവും സംഗീതവും കോര്‍പ്പറേഷനില്‍ ആയാല്പ്പോരെയെന്ന്. അവിടെ കഴിയാത്തതുകൊണ്ടാണ് ഇവിടെ നടത്തുന്നതെന്നായിരുന്നു മറുപടി.
കൗണ്‍സിലറും എം.എല്‍.എയുമായപ്പോള് നാടിനുവേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.
സംഭവബഹുലമായിരുന്നു മുനീറിന്റെയും സി.എച്ചിന്റെയും തിരഞ്ഞെടുപ്പുകള്‍. ഇരുവരും തദ്ദേശീയരല്ലെന്ന പ്രചാരണത്തെ അതിജീവിച്ചാണ് മത്സരങ്ങളില്‍ വിജയിച്ചത്. 1952ലായിരുന്നു കുറ്റിച്ചിറ വാര്‍ഡില്‍ സി.എച്ചിന്റെ കന്നിയങ്കം.
407 വോട്ടിന് സി.എച്ച്. വിജയിച്ചു. 1956 ല്‍ പരപ്പിലില്‍നിന്ന് സി.എച്ച്. വിണ്ടും മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ചു.
44 വോട്ടിന് ജയിച്ചു. അന്ന് സി.എച്ചിന്റെ ഒപ്പമുണ്ടായിരുന്ന പലരും പില്ക്കാലത്ത് മുനീറിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനും ഉണ്ടായി. അതൊരു ഭാഗ്യമായി മുനീര്‍ കാണുന്നു. സ്ഥാനാര്‍ഥിയായി കുറ്റിച്ചിറയില്‍ എത്തിയ മുനീര്‍ പിന്നീട് ഇവിടുന്ന് കല്യാണം കഴിച്ചതോടെ നാട്ടുകാരുടെ പുയ്യാപ്ലയായി.