കൊട്ടാരക്കര: കേരളരാഷ്ട്രീയത്തിൽ അപൂർവതകളേറെയുള്ള കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള ഒരേസമയം പഞ്ചായത്ത് പ്രസിഡന്റും മന്ത്രിയുമായിട്ടുണ്ട്. ഒന്നല്ല രണ്ടുപഞ്ചായത്തുകളിലാണ് പിള്ള പ്രസിഡന്റായത്. 1963 മുതൽ തുടർച്ചയായി 27 വർഷം ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റായശേഷം 11 വർഷം കൊട്ടാരക്കര പഞ്ചായത്ത് ഭരിച്ചു. ഈ കാലയളവിലാണ് മന്ത്രിയായതും. ഒരാൾക്ക് ഒരു പദവി എന്ന നിയമം വന്നതോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽനിന്ന്‌ പിള്ള പിന്മാറി.

കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിൽ നാട്ടുകാരുമായി പിള്ളയ്ക്ക് അടുപ്പം സ്ഥാപിക്കാൻ കഴിഞ്ഞത് പഞ്ചായത്ത് സാരഥിയെന്ന നിലയിലാണ്. സംസ്ഥാനരാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തിയ   നേതാവായല്ല, നാട്ടുകാരനായാണ് പഞ്ചായത്തിലെ ജനങ്ങൾ പിള്ളയെ കണ്ടത്. പിള്ള പ്രസിഡന്റായിരിക്കെ ഇടമുളയ്കൽ പഞ്ചായത്തിലാണ് സംസ്ഥാനത്താദ്യമായി കശുവണ്ടിക്കും സൈക്കിളിനും നികുതി ഒഴിവാക്കിയത്. പിന്നീട് ഇത് സംസ്ഥാനവ്യാപകമായി നടപ്പാക്കി.
തീരുമാനങ്ങൾ കാലതാമസമില്ലാതെ നടപ്പാക്കുക എന്നതായിരുന്നു പിള്ളയുടെ രീതി. ഉദ്യോഗസ്ഥർ ഉന്നയിക്കുന്ന തടസ്സവാദങ്ങൾക്ക് ചെവികൊടുക്കാതെ ഭരണം നിർവഹിച്ചു. ഇടമുളയ്ക്കലിൽ രണ്ട്‌ ഹൈസ്കൂളും പ്രൈമറി സ്കൂളും ആയുർവേദ ആസ്പത്രിയും ആരംഭിച്ചത് പിള്ളയുടെ കാലത്താണ്. കൊട്ടാരക്കരയിൽ സ്വകാര്യ ബസ് സ്റ്റാൻഡ് നിർമിച്ചതും പഞ്ചായത്തോഫീസ് മാറ്റിസ്ഥാപിച്ചതും പിള്ളയുടെ ഭരണമികവായി നാട്ടുകാർ ഓർക്കുന്നു.

എതിർപ്പുകൾ മറികടന്ന്‌ പുലമൺ-ഗോവിന്ദമംഗലം റോഡ് യാഥാർഥ്യമാക്കിയതും പിള്ളയുടെ ഇച്ഛാശക്തിതന്നെ.
 ഏതുവിവാദങ്ങൾക്കൊപ്പം നടന്നാലും കേരള രാഷ്ട്രീയം എന്നും കാതോർക്കുന്ന വാഗ്‌വിലാസത്തിനുടമയായ പിള്ളയിലെ പൊതുപ്രവർത്തകനെ വാർത്തെടുത്തത് അദ്ദേഹത്തിന്റെ പഞ്ചായത്തുകാലമാണെന്ന് നാട്ടുകാർ പറയും.