കണ്ണൂര്‍: പ്രാദേശിക കൗണ്‍സിലര്‍ മുതല്‍ കേന്ദ്രമന്ത്രിപദംവരെ അധികാരത്തിന്റെ ഉന്നതങ്ങളിലെത്തിയ മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ ഇ. അഹമ്മദ് എം.പി.ക്ക് ഓര്‍ക്കാന്‍ ഇഷ്ടം നഗരസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച പഴയകാലം തന്നെ.
 1979 മുതല്‍ നാലുവര്‍ഷം കണ്ണൂര്‍ നഗരസഭയുടെ ചെയര്‍മാനായിരുന്നു ഇ. അഹമ്മദ്. പിന്നീട് അദ്ദേഹം എം.എല്‍.എ.യും മന്ത്രിയുമായശേഷം വീണ്ടും നഗരസഭാ കൗണ്‍സിലിലേക്ക് മത്സരിച്ച് പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമായി. എം.എല്‍.എ. ആയിരിക്കെത്തന്നെയാണ് ഇ. അഹമ്മദ് കണ്ണൂര്‍ നഗരത്തിനു സമീപത്തെ മുക്കടവ് വാര്‍ഡില്‍നിന്നും രണ്ടാംതവണ മത്സരിച്ച്  ജയിച്ചത്.
        മുസ്‌ലിം ലീഗിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് ഇ. അഹമ്മദ് 1979ല്‍ മുക്കടവ് വാര്‍ഡില്‍നിന്ന് ആദ്യമായി ലീഗ് സ്ഥാനാര്‍ഥിയായി ജയിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം നഗരസഭാ ചെയര്‍മാനായി. 1983 വരെ ചെയര്‍മാനായി തുടര്‍ന്ന അദ്ദേഹം 1982ല്‍ താനൂരില്‍നിന്നു നിയമസഭയിലേക്ക് മത്സരിച്ചു. വിജയിച്ച് വ്യവസായമന്ത്രിയായി. പിന്നീട് 1987ല്‍  എം.എല്‍.എ. ആയിരിക്കെ 1988ല്‍ വീണ്ടും കണ്ണൂര്‍ നഗരസഭയിലേക്ക് മത്സരിച്ചു. ചെയര്‍മാന്‍ ആവുമെന്ന് കരുതിയെങ്കിലും കോണ്‍ഗ്രസ്സിലെ എന്‍. രാമകൃഷ്ണനാണ് ചെയര്‍മാനായത്.         ഇ. അഹമ്മദ് പിന്നീട് മൂന്നുതവണ എം.പി.യുമായി. 2004ല്‍ കേന്ദ്രമന്ത്രിയുമായി. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കുവേണ്ടി സംസാരിച്ച ഇ. അഹമ്മദ് തന്റെ സുന്ദരമായ രാഷ്ട്രീയ ഓര്‍മകള്‍ നഗരസഭാ ചെയര്‍മാനായി ഇരിക്കെയാണെന്നു തുറന്നുപറയുന്നു.
  നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ അടുത്തുനിന്ന് കൈകാര്യം ചെയ്തും പരിഹരിച്ചും ഭരണം നടത്തുന്നതിന്റെ സുഖം പ്രാദേശിക സര്‍ക്കാറുകളിലെ ഭരണാധികാരികള്‍ക്കുണ്ടെന്ന് ഇ. അഹമ്മദ് പറഞ്ഞു.