തദ്ദേശഭരണ സ്ഥാപനങ്ങളിൽ പ്രതിനിധിയായി  തുടങ്ങി സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയരായ നേതാക്കളുടെ ഓർമകളിലൂടെതിരുവനന്തപുരം: കൊല്ലത്തുനിന്നുള്ള ലോക്‌സഭാംഗവും ആർ.എസ്.പി. നേതാവുമായ എൻ.കെ.പ്രേമചന്ദ്രൻ പാർലമെന്ററി രാഷ്ട്രീയരംഗത്ത് അത്യപൂർവമായ റെക്കോഡിന് ഉടമയാണ്. ഗ്രാമപ്പഞ്ചായത്ത്, ജില്ലാ കൗൺസിൽ, ജില്ലാ പഞ്ചായത്ത്, നിയമസഭ, ലോക്‌സഭ, രാജ്യസഭ എന്നീ സമിതികളിൽ അദ്ദേഹം അംഗമായിട്ടുണ്ട്.

    1988-ൽ തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം ഗ്രാമപ്പഞ്ചായത്തംഗമായി. 1991-ൽ രൂപവത്‌കരിക്കപ്പെട്ട ആദ്യ ജില്ലാ കൗൺസിലിലും അംഗമായി. ത്രിതല പഞ്ചായത്ത് സംവിധാനം വന്നപ്പോൾ 1995-ൽ ജില്ലാ പഞ്ചായത്തിൽ സ്വദേശമായ നാവായിക്കുളത്തെ പ്രതിനിധീകരിച്ചു. 1996-ൽ കൊല്ലത്തുനിന്ന്‌ ലോക്‌സഭയിലെത്തി. 1999-ൽ വീണ്ടും ലോക്‌സഭയിൽ.

    2000-ൽ രാജ്യസഭാംഗം. 2006-ൽ ചവറയെ പ്രതിനിധീകരിച്ച് നിയമസഭയിലും അംഗമായി.
2014-ൽ കൊല്ലത്തുനിന്ന്‌ വീണ്ടും ലോക്‌സഭയിൽ. 1991-ൽ രൂപവത്‌കരിക്കപ്പെട്ട ആദ്യ ജില്ലാ കൗൺസിൽ സംസ്ഥാന ഭരണമാറ്റത്തെത്തുടർന്നുണ്ടായ പ്രതിസന്ധിമൂലം ഏതാണ്ട് രണ്ടുവർഷം മാത്രമേ പ്രവർത്തിച്ചുള്ളൂ. ‘95-ൽ ജില്ലാ പഞ്ചായത്തംഗമായി. ഒരു വർഷത്തിനുള്ളിൽ ലോക്‌സഭാംഗമായതിനാൽ  ഈ സ്ഥാനം രാജിെവക്കേണ്ടിവന്നു. ഇക്കാരണങ്ങളാൽ ത്രിതല പഞ്ചായത്ത് സംവിധാനവുമായി ബന്ധപ്പെട്ടുള്ള പ്രേമചന്ദ്രന്റെ ഓർമകൾ
ഗ്രാമപ്പഞ്ചായത്തംഗമായുള്ള അഞ്ചുവർഷത്തെ പ്രവർത്തനത്തിലൊതുങ്ങുന്നു.


    തന്റെ രാഷ്ട്രീയ-പൊതുപ്രവർത്തന രംഗത്തെ എല്ലാ നേട്ടങ്ങൾക്കും അടിസ്ഥാനം ഗ്രാമപ്പഞ്ചായത്തംഗമായുള്ള
 പ്രവർത്തനമാണെന്ന  വിശ്വാസമാണ് അദ്ദേഹത്തിന്.     ‘ജനപ്രതിനിധി എന്ന വാക്കിനെ ഇന്ന് അന്വർഥമാക്കുന്നത് ഗ്രാമപ്പഞ്ചായത്തംഗങ്ങളാണ്. അതിർത്തിത്തർക്കവും അപകടമരണവും
മുതൽ പ്രാദേശിക വികസനപ്രശ്നങ്ങൾ വരെ ഗ്രാമപ്പഞ്ചായത്തംഗം ഇടപെടേണ്ടിവരുന്ന വിഷയങ്ങൾക്ക് അന്തമില്ല. അക്കാലത്ത് തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് രോഗിക്കും ബന്ധുക്കൾക്കുമൊപ്പമുള്ള യാത്ര ഏതാണ്ടൊരു ദിനചര്യയായിരുന്നു.
അന്ന്‌ 25 രൂപയായിരുന്നു ഗ്രാമപ്പഞ്ചായത്തംഗങ്ങളുടെ പ്രതിമാസ സിറ്റിങ്‌ ഫീസ്’ -പ്രേമചന്ദ്രൻ പറയുന്നു.