തിരുവനന്തപുരം: പാര്‍ട്ടി നിര്‍ദേശം മറികടന്ന് നാമനിര്‍ദേശ പത്രിക കൊടുക്കുകയും പാര്‍ട്ടിചിഹ്നത്തിനായി കെ.പി.സി.സി. ഓഫീസില്‍ കുത്തിയിരിപ്പുസമരം നടത്തുകയും ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് സസ്‌പെന്‍ഷന്‍. പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷിനെയാണ് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

പള്ളിച്ചല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയെ പിരിച്ചുവിടുകയും കമ്മിറ്റിയുടെ താത്കാലിക ചുമതല തിരുവനന്തപുരം ഡി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. മണികണ്ഠന് നല്‍കുകയും ചെയ്തു. പാര്‍ട്ടിതീരുമാനം മറികടന്ന് കെ. രാകേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും പാര്‍ട്ടിചിഹ്നത്തിനായി ക്വാറി മാഫിയയുമായി ചേര്‍ന്ന് കെ.പി.സി.സി. ഓഫീസിലേക്ക് ആള്‍ക്കൂട്ടത്തെ അയച്ച് ബഹളമുണ്ടാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്നതിനാണ് സസ്‌പെന്‍ഷന്‍.

മൂക്കുന്നിമലയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളും വിജിലന്‍സ് കേസും കണക്കിലെടുത്ത് രാകേഷിന് സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന് ഡി.സി.സി. പ്രസിഡന്റിനോട് കെ.പി.സി.സി. നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം രാകേഷിനെയും അറിയിച്ചു. എന്നാല്‍, ഇതു മറികടന്ന് രാകേഷ് പത്രിക സമര്‍പ്പിക്കുകയായിരുന്നു. രാകേഷിന്റെ പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നതിന്റെ പേരിലാണ് മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടത്.