തിരഞ്ഞെടുപ്പ് മാമാങ്കക്കാലത്തും ഫലപ്രഖ്യാപനത്തിനുശേഷവും നേതാക്കള്‍ പലതരം സിദ്ധാന്തങ്ങളും ന്യായങ്ങളും ജനസമക്ഷം അവതരിപ്പിക്കാറുണ്ട്.  തിരഞ്ഞെടുപ്പിനുമുമ്പ് നാം എന്തുകൊണ്ട് മത്സരിക്കുന്നു എന്ന് സിദ്ധാന്തിക്കും. എന്നാല്‍ ഫലപ്രഖ്യാപനത്തിനുശേഷം എന്തുകൊണ്ട്  നാം തോറ്റു എന്നുമാത്രം പറയില്ല. പകരം മറ്റെന്തെങ്കിലും ന്യായം കണ്ടെത്തും. തോറ്റെങ്കിലും വോട്ട് ശതമാനത്തില്‍ നമ്മളാണ് മുന്നില്‍ എന്ന കമ്യൂണിസ്റ്റ് ന്യായം അരുവിക്കര തിരഞ്ഞെടുപ്പില്‍ പോലും കേട്ടതാണല്ലോ ? എല്ലാം അറിയുന്ന ജനം അവ ചിരിച്ചുതള്ളാറാണ് പതിവ്.

കഴിഞ്ഞദിവസം കേട്ട പുതുമയുള്ള ഒരു സിദ്ധാന്തത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. തിരഞ്ഞെടുപ്പില്‍ വിമതരുണ്ടാവുന്നത്  എല്ലാ പാര്‍ട്ടിക്കാരും പേടിയോടെയാണ്  കാണുന്നത്. കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരുകാലത്തും അക്കാര്യത്തില്‍ പേടിയേയില്ല. വിമതരാണ് പാര്‍ട്ടിയുടെ ശക്തി എന്നുപോലും അവര്‍ പറഞ്ഞുകളയും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഏറ്റവുമൊടുവിലത്തെ സിദ്ധാന്തം  നോക്കൂ. തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ വിമതശല്യത്തെക്കുറിച്ച് പത്രപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചപ്പോള്‍ അതാ വരുന്നു. അദ്ദേഹത്തിന്റെ സുചിന്തിതമായ മറുപടി. അത് 'ലോക്കല്‍ ആസ്പിറേഷന്‍' കൊണ്ടുണ്ടാവുന്നതാണ്. കവി എന്താണുദ്ദേശിച്ചതെന്ന് ഗഫൂര്‍ കാ ദോസ്തിന് ആദ്യം മനസ്സിലായില്ലെങ്കിലും  പത്രസമ്മേളനത്തിടെ നാല് പ്രാവശ്യം ആ വാക്കുകള്‍ ആവര്‍ത്തിച്ച് വിശദീകരിച്ചതോടെ സംഗതി പിടികിട്ടി.

ഒരേ പാര്‍ട്ടിയില്‍നിന്ന് രണ്ടും മൂന്നും പേര്‍ ഒരേ സ്ഥാനത്തിനുവേണ്ടി പത്രിക നല്‍കുന്നത് പഞ്ചായത്തീരാജ് സംവിധാനത്തിന്റെ വിജയത്തെയാണ് കാണിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വ്യാഖ്യാനം. പ്രാദേശിക തലത്തിലുള്ള ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാനുള്ള കൂടുതല്‍ പേരുടെ താത്പര്യത്തിന്റെ പ്രതിഫലനമാണത് എന്നും കൂട്ടിച്ചേര്‍ത്തു.

കാര്യം പിടികിട്ടിക്കാണുമല്ലോ? പത്തു കൊല്ലത്തോളം കെ.പി.സി.സി. അധ്യക്ഷനായിരുന്ന അനുഭവപരിചയമാണ് ആസ്പിറേഷന്‍ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. ഇതോടെ വിമതശല്യം എന്ന പ്രശ്‌നത്തിന് പരിഹാരമായി. ഇനി നിയമസഭാ തിരഞ്ഞടുപ്പിന് 'സ്‌റ്റേറ്റ് ആസ്പിറേഷന്‍' എന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് 'ഓള്‍ ഇന്ത്യാ ആസ്പിറേഷന്‍' എന്നുമുള്ള സിദ്ധാന്തങ്ങള്‍ പ്രതീക്ഷിക്കാം.