കോഴിക്കോട്: തിരഞ്ഞെടുപ്പുഫലം വരുമ്പോള്‍ ചില സ്ഥാനാര്‍ഥികള്‍ ബലൂണ്‍പോലെ പൊട്ടാറുണ്ട്. (എട്ടു നിലയില്‍ പൊട്ടുക എന്നും പറയും). അത് ഊതി വീര്‍പ്പിച്ച ബലൂണിന്റെ കാര്യം. വീര്പ്പിച്ചില്ലെങ്കില് പിന്നെ പൊട്ടുമെന്ന ഭയവും വേണ്ട.
ബലൂണ്‍ വീര്പ്പിക്കണമോ വേണ്ടയോ എന്ന ശങ്കയിലാണ് കോര്‍പ്പറേഷനിലെ ഒരുവാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടി. കേള്‍ക്കുന്നവര്‍ക്ക് തമാശയായി തോന്നാമെങ്കിലും സംഗതി ഗൗരവമുള്ളതാണ്. കോഴിക്കോട് നഗരമധ്യത്തിലെ ഏറ്റവും പഴയ ജനവാസ കേന്ദ്രങ്ങളിലൊന്ന് ഉള്‍പ്പെടുന്ന വാര്‍ഡ് നമ്മുടെ കുത്തകയാണ് എന്ന് ചരിത്രം. ഇടയ്ക്കുണ്ടായ ചില പരാജയങ്ങള്‍ കാര്യമാക്കേണ്ട. കഴിഞ്ഞ കോര്പ്പറേഷന് തിരഞ്ഞെടുപ്പിലും ഈ വാര്‍ഡില്‍ റെക്കോഡ് ഭൂരിപക്ഷം നമുക്കു തന്നെയായിരുന്നു.
ഇത്തവണയും വലിയ മാറ്റമൊന്നും നമ്മള് പ്രതീക്ഷിക്കുന്നില്ല. ഇത്രയുംകാലം നമ്മുടെ കൂടെയുണ്ടായിരുന്ന ചിലര്‍ ഇത്തവണ മറുകണ്ടംചാടി നമുക്കു പാരപണിയുന്നുണ്ടെന്ന വസ്തുത എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടാണല്ലോ നേരിട്ടു പോരാട്ടം നടക്കുന്ന ഈ വാര്‍ഡില്‍ നേരിട്ട് ഏറ്റു മുട്ടാന്‍ ധൈര്യമില്ലാതെ വേഷപ്രച്ഛന്ന മുന്നണിയുമായി എതിര്‍പക്ഷം രംഗത്തുവന്നത്.
പറഞ്ഞുവന്നത് ബലൂണിന്റെ കാര്യമാണ്. നമ്മുടെ പരമ്പരാഗത ചിഹ്നം കോണിയാണ്. അക്കാര്യം പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ മുതുമുത്തച്ഛന്മാര്ക്കുവരെ അറിയാം. തിരഞ്ഞെടുപ്പു കാലത്ത് ആ ചിഹ്നം പ്രദര്‍ശിപ്പിക്കാന്‍ പല മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി വരുന്ന പതിവുണ്ട്. നമ്മുടെ വാര്‍ഡിന്റെ കേന്ദ്രസ്ഥാനമായ ചിറയുടെ പരിസരത്ത് വീര്‍പ്പിച്ച ബലൂണില്‍ കോണിയുടെ ചിഹ്നം പതിപ്പിച്ച് പ്രദര്‍ശിപ്പിക്കുന്ന പതിവുമുണ്ട്. വിശാലമായ ഈ പ്രദേശത്ത് വായുവിലുയര്‍ന്ന് പറക്കുന്ന ബലൂണുകള്‍ കാണാന്‍തന്നെ എന്തു ഭംഗിയാണ് !! ഇത്തവണയും കോണി പതിപ്പിച്ച ബലൂണുകള്‍ക്ക് നമ്മള് നേരത്തേ തന്നെ ഓര്‍ഡര്‍ കൊടുത്തു. പക്ഷേ, ചതിപറ്റി. എതിര് മുന്നണിക്കാര്‍ അവരുടെ ചിഹ്നമായി തിരഞ്ഞെടുത്തത് ബലൂണിനെയാണ്. പഹയന്മാര് ഇനിയെങ്ങനെ കോണിപതിപ്പിച്ച ബലൂണ്‍ പുറത്തെടുക്കും? ഇനിയൊന്നേ ചെയ്യാനുള്ളൂ. ബലൂണ്‍ കഴിയുന്നതും പുറത്തെടുക്കാതിരിക്കുക. എടുത്താല്‍ത്തന്നെ വീര്പ്പിക്കാതിരിക്കുക. പൊട്ടട്ടങ്ങനെ പൊട്ടട്ടേ എന്ന് മുദ്രാവാക്യം വിളിക്കുക....
ഏതു കാര്യവും ഡി.സി.സി. പ്രസിഡന്റ് കെ.സി. അബുവിന് തമാശയാണ്. അദ്ദേഹത്തിന്റെ പ്രസംഗം ചിലപ്പോള്‍ കാടുകയറും. ഇപ്പോള്‍ പത്രസമ്മേളനത്തിനിടയിലും അദ്ദേഹം കാടുകയറാന്‍ തുടങ്ങി. 40 കൊല്ലം ഇടതുമുന്നണി ഭരിച്ച കോര്‍പ്പറേഷന്റെ പിടിപ്പുകേടിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് തൊട്ടടുത്തുള്ള മുതലക്കുളം മൈതാനമായിരുന്നു. മൈതാനം നിറയെ കാടാണെന്നും പ്രസംഗിക്കാനെത്തുന്നവരെ പാമ്പ് കടിക്കുമെന്നും അബു പറഞ്ഞു.
മൂവാറ്റുപുഴയിലെ ചണ്ടിവരെ കോഴിക്കോട്ടാണ് സുരക്ഷിതമായി തള്ളുന്നതെന്ന് കണ്ടെത്തിയ അദ്ദേഹം എവിടെനിന്നുമുള്ള ചണ്ടിയും ഇവിടേക്കു കൊണ്ടു വരാവുന്ന സ്ഥിതിയാണെന്നും പരിഹസിച്ചു. കോര്‍പ്പറേഷന്റെ ഭാവിവികസനത്തിന് എന്തൊക്കെ ചെയ്യാമെന്ന് പൊതുജനങ്ങളില്‍നിന്ന് ഇടതുമുന്നണി നിര്‍ദേശങ്ങള്‍ സ്വീകരിച്ചപ്പോള്‍ നല്ല നിര്‍ദേശങ്ങള്‍ എഴുതിനല്‍കിയ ആളാണ് അബു. അന്ന് അദ്ദേഹം ഇതൊന്നും പറഞ്ഞില്ലെന്ന പരാതിയേ ഇടതു മുന്നണിക്കുള്ളൂ.