ബന്ധുക്കളായതുകൊണ്ട് മത്സരരംഗത്ത് വരാന്‍ പാടില്ല എന്നില്ല. കുടുംബാന്തരീക്ഷത്തിന്റെ ഭാഗമായി രാഷ്ട്രീയത്തില്‍ ആഭിമുഖ്യമുണ്ടാകാം. പക്ഷേ, അധികാരത്തിന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ താന്‍ അല്ലെങ്കില്‍ തന്റെ ബന്ധു എന്ന നിലയില്‍ രാഷ്ട്രീയം പോകുന്നത് ദോഷകരമാണ്. എല്ലാവര്‍ക്കും അധികാരത്തില്‍ പങ്കെടുക്കാനുള്ള അവകാശം നിഷേധിക്കലാണത്. അതുകൊണ്ടുതന്നെ ജനാധിപത്യവിരുദ്ധവുമാണ്. ബന്ധുവായതുകൊണ്ട് സ്ഥാനാര്‍ഥിയാവാന്‍ പാടില്ല എന്നല്ല. സ്വന്തം അധികാരം നിലനിര്‍ത്താന്‍ വേണ്ടി ബന്ധങ്ങളുപയോഗിക്കുന്നതാണ് എതിര്‍ക്കപ്പെടേണ്ടത്(ടി.എന്‍. സീമ എം.പി., സി.പി.എം)

മാതാപിതാക്കളുടെ രാഷ്ട്രീയത്തിന്റെ ചുവടുപിടിച്ച് സ്വന്തമായ കഴിവും പ്രാപ്തിയുമില്ലാത്ത ആരെയും പൊതുരംഗത്തു കൊണ്ടുവരുന്നത് അഭിലഷണീയമല്ല. കഴിവുള്ളവര്‍ക്ക് സ്വയം വളര്‍ന്നുവരാം. പിന്തുടര്‍ച്ചക്കാരായി വന്നവര്‍ക്ക് പിന്നീട് സ്വീകാര്യത കിട്ടിയിട്ടുണ്ടാവാം. പക്ഷേ, പൊതുസമൂഹത്തിനു മുന്നില്‍ ചില ചോദ്യങ്ങളവശേഷിക്കും. നിര്‍ദേശിക്കുന്നവരും കൈപിടിച്ചു കൊണ്ടുവരുന്നവരുമാണ് സ്വന്തം മനസ്സാക്ഷിയോടു ചോദിക്കേണ്ടത്. അധികാരവും സ്ഥാനവുമുള്ളപ്പോള്‍ ആരും ഇതൊന്നും മുഖത്തുനോക്കി പറഞ്ഞില്ലെന്നുവരും. പക്ഷേ, നാം ഇല്ലാതാകുന്ന കാലത്തും ചരിത്രം നമ്മെ വേട്ടയാടും. സാമൂഹികപ്രതിബദ്ധതയും കഴിവും പ്രാപ്തിയുമുള്ള പലരും പിന്തള്ളപ്പെട്ടുപോയിട്ടുമുണ്ട്. അത് കാണാതിരുന്നുകൂടാ.(ടി.എന്‍. പ്രതാപന്‍, എം.എല്‍.എ.കോണ്‍ഗ്രസ്)

കഴിവും അര്‍ഹതയുമുള്ളവരെ മാറ്റിനിര്‍ത്തി മക്കള്‍രാഷ്ട്രീയം വരുന്നതിനെയാണ് എതിര്‍ക്കേണ്ടത്.
രാഷ്ട്രീയപ്രവര്‍ത്തനപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചുവെന്നത് തീര്‍ച്ചയായും അയോഗ്യതയല്ല.
രാഷ്ട്രീയത്തിലുള്ള പുരുഷന്മാരുടെ കുടുംബത്തിലെ സ്ത്രീകള്‍ കൂടുതല്‍ സജീവമായി രംഗത്തുവരണം. പക്ഷേ, അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ രാഷ്ട്രീയരംഗത്തു കണ്ടിട്ടില്ലാത്തവരാണ് ഇപ്പോള്‍ പൊടുന്നനെ സ്ഥാനാര്‍ഥികളാവുന്നത്. പ്രധാന സ്ഥാനങ്ങളിലേക്ക് സ്ത്രീകള്‍ക്ക് അവസരം വരുമ്പോള്‍ അതുവരെ പ്രവര്‍ത്തനം നടത്തിയവരെ തഴഞ്ഞ് ഇത്തരക്കാരെ ഉള്‍പ്പെടുത്തുന്നത് സ്വാഭാവികമായും എതിര്‍പ്പുണ്ടാക്കും. ബി.ജെ.പി.യില്‍ 33 ശതമാനം സ്ത്രീസംവരണം നേരത്തേതന്നെ നടപ്പാക്കിയിട്ടുണ്ട്. (ശോഭ സുരേന്ദ്രന്‍, ബി.ജെ.പി)

കാര്യശേഷിയും പ്രവര്‍ത്തനമികവുമുള്ളവരെ അവര്‍ നേതാക്കന്മാരുടെ മക്കളാണെന്നതുകൊണ്ട് മാറ്റിനിര്‍ത്തേണ്ട കാര്യമില്ല. പക്ഷേ, സംഘടനാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സീറ്റുനല്‍കാതെ മക്കളെ പരിഗണിക്കുന്നതു ശരിയല്ല. മക്കള്‍രാഷ്ട്രീയത്തെ ശക്തിയായി എതിര്‍ത്തിട്ടുള്ള സി.പി.എം.പോലുള്ള പാര്‍ട്ടികള്‍ പറഞ്ഞത് കാപട്യമായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയുന്നത്. വനിതാ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതില്‍ ഞങ്ങള്‍ക്കു ചില പരിമിതികളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടികുടുംബങ്ങളില്‍നിന്ന് സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടിവന്നിട്ടുണ്ട്. ഈ പരിമിതി മറികടക്കാനും മികവുതെളിയിച്ച വനിതകളെ രംഗത്തു കൊണ്ടുവരാനും കാര്യമായ ശ്രമം നടന്നിട്ടുണ്ട്. മാറ്റങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. (പി.എം. സാദിഖലി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്)

മക്കളായാലും അല്ലെങ്കിലും നിലവിലുള്ള രാഷ്ട്രീയസംവിധാനങ്ങള്‍ക്കപ്പുറത്തേക്ക് കടക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രധാന പരിമിതി. പാര്‍ട്ടിയുടെയും കുടുംബത്തിന്റെയും നിയന്ത്രണങ്ങള്‍ക്കകത്തു നില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. മകളോ ഭാര്യയോ ആണെന്നതുകൊണ്ട് സ്ഥാനാര്‍ഥിയാക്കരുതെന്നു പറയാന്‍ പറ്റില്ല. രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബങ്ങളില്‍നിന്നു വരുന്നവര്‍ക്ക് കൂടുതല്‍ രാഷ്ട്രീയബോധമുണ്ടാവാം. കഴിവു തെളിയിച്ചവരാണെങ്കില്‍ അവരെ രംഗത്തുകൊണ്ടുവരുന്നതു തെറ്റല്ല. അമ്പതു ശതമാനം സ്ത്രീസംവരണം വന്നിട്ടും സ്ത്രീകള്‍ക്കുവേണ്ടി എന്തുചെയ്യുന്നുവെന്നു ചോദിച്ചാല്‍ ഒന്നും നടക്കുന്നില്ലെന്നു പറയേണ്ടിവരും. കഴിവുള്ള സ്ത്രീകള്‍ നേതൃത്വത്തിലേക്കു വരുന്നുണ്ട്. പക്ഷേ, നിലവിലുള്ള സംവിധാനത്തില്‍ എങ്ങനെ മാറ്റംവരുത്തുമെന്നാണു ചിന്തിക്കേണ്ടത്. (കെ. അജിത, സാമൂഹികപ്രവര്‍ത്തക)