മലപ്പുറം: അത്ര ഗൗരവമുള്ളതല്ലെങ്കിലും സാരമുള്ള പരിക്ക്. സ്വന്തം കോട്ടയിൽ വിള്ളലുണ്ടാകില്ലെന്ന് പലതവണ ആണയിട്ട് പറഞ്ഞുവെങ്കിലും ചില ഭാഗങ്ങളിൽ അപ്രതീക്ഷിത വിള്ളൽ. കാത്തുവെച്ചതും കരുതിവെച്ചതും ചിലതൊക്ക കൈവിട്ടു. എല്ലാറ്റിനുംകാരണം മുന്നണിയിലെ ലീഗ്-കോൺഗ്രസ്‌ ബന്ധത്തിലെ കല്ലുകടിയെന്നുമാത്രം വിശദീകരണം.
മലപ്പുറത്ത് പിറന്ന സാമ്പാർ മുന്നണിയും ആപ്പിൾ മുന്നണിയും ലീഗ്‌വിരുദ്ധ പ്ലാറ്റ്‌ഫോമിലെത്തിയപ്പോൾ ലീഗിന് നഷ്ടപ്പെട്ടത് അഭിമാനപ്പോരാട്ടം നടന്ന കൊണ്ടോട്ടി നഗരസഭയും പരപ്പനങ്ങാടി, തിരൂർ നഗരസഭകളും. ലീഗിതരകക്ഷികൾ അണിനിരന്ന മതേതരമുന്നണി മലപ്പുറം ജില്ലയിൽ അതിശക്തമായ ഭാഷയിൽത്തന്നെ ഈ തിരഞ്ഞെടുപ്പിൽ മേൽവിലാസം കുറിച്ചു.
ചുരുക്കത്തിൽ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ അനുഭവപ്പെട്ട ലീഗ്-കോൺഗ്രസ്‌ അസ്വാരസ്യം തിരഞ്ഞെടുപ്പുഫലത്തിലും പ്രതിഫലിച്ചു. ജില്ലയിൽ 23 സീറ്റിലായിരുന്നു ഏറെ വിവാദമുയർത്തിയ ലീഗ്- കോൺഗ്രസ്‌ സൗഹൃദമത്സരം നടന്നത്. ഇതിൽ പതിമൂന്നിടത്ത് മുസ്‌ലിംലീഗും ബാക്കിയുള്ള സീറ്റുകൾ കോൺഗ്രസ്, ലീഗിതരകക്ഷികളും നേടി.
മലപ്പുറം നഗരസഭയിൽ കോൺഗ്രസിന്റെ അംഗബലം ആറിൽനിന്ന് രണ്ടായിക്കുറഞ്ഞു. തിരഞ്ഞെടുപ്പിൽ മേധാവിത്വം സ്ഥാപിക്കുമെന്ന ലീഗ് നേതൃത്വത്തിന്റെ അവകാശവാദത്തിന്മേലുള്ള തിരിച്ചടിയായി തിരഞ്ഞെടുപ്പുഫലം. ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും എൽ.ഡി.എഫ്.  അപ്രതീക്ഷിത മുന്നേറ്റംനടത്തി.
ജില്ലയിലെ 12 നഗരസഭകളിൽ പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി എന്നിവ എൽ.ഡി.എഫ്. നേടി. പുതുതായി രൂപവത്‌കരിക്കപ്പെട്ട അഞ്ച് നഗരസഭകളിൽപ്പെട്ട കൊണ്ടോട്ടിയും പരപ്പനങ്ങാടിയും ലീഗിതരകക്ഷികളുടെ വേദിയായ ജനകീയമുന്നണി സ്വന്തമാക്കി. ബാക്കി ഏഴെണ്ണം യു.ഡി.എഫിന്. നിലവിലുണ്ടായിരുന്ന ഏഴ് നഗരസഭകളിൽ പെരിന്തൽമണ്ണ മാത്രമായിരുന്നു എൽ.ഡി.എഫിന്. പുതുതായി നിലവിൽവന്ന അഞ്ച് നഗരസഭകളിൽ പ്രതീക്ഷിച്ചിരുന്ന കൊണ്ടോട്ടി കൈവിട്ടത് ലീഗിന് കനത്ത തിരിച്ചടിയായി.
നഗരസഭയിലെ പുതിയ വോട്ടർപ്പട്ടിക തിരസ്കരിച്ച് പഴയത് അംഗീകരിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ലീഗ് എതിർത്തതും ഇത്തരത്തിൽ ശ്രദ്ധേയമാണ്.
യു.ഡി.എഫിന്റെ നെടുങ്കോട്ടയെന്നു വിശേഷിപ്പിക്കുന്ന മലപ്പുറം നഗരസഭയിൽ എൽ.ഡി.എഫിന് മുന്നേറ്റം. മൊത്തമുള്ള 40 ഡിവിഷനുകളിൽ 23 സീറ്റ്‌ ലീഗും രണ്ട്‌ സീറ്റ്‌ കോൺഗ്രസും 15 സീറ്റ്‌ എൽ.ഡി.എഫും നേടി. കോൺഗ്രസ് നാലുസീറ്റ്‌ നഷ്ടപ്പെട്ട് മെലിഞ്ഞു.
ജില്ലാപഞ്ചായത്തിലെ 32 ഡിവിഷനുകളിൽ യു.ഡി.എഫ്. 27 സീറ്റും എൽ. ഡി.എഫ്. അഞ്ച്‌ സീറ്റും കരസ്ഥമാക്കി. നിലവിൽ രണ്ട് സീറ്റാണ്‌ എൽ.ഡി.എഫിനുണ്ടായിരുന്നത്. അതുപോലെ ജില്ലയിലെ 14  ബ്ലോക്ക്‌പഞ്ചായത്ത് ഡിവിഷനുകളിൽ 12 എണ്ണവും യു.ഡി.എഫിന് സ്വന്തമാണ്. പൊന്നാനി കൂടാതെ പെരുമ്പടപ്പ്‌ ബ്ലോക്കും എൽ.ഡി.എഫ്. ഇത്തവണ സ്വന്തമാക്കി.
ജില്ലയിലെ 91 ഗ്രാമപ്പഞ്ചായത്തുകളിൽ 64 എണ്ണത്തിൽ യു.ഡി.എഫും 23 എണ്ണത്തിൽ എൽ.ഡി.എഫും വിജയിച്ചു. ബാക്കിയുള്ള നാലെണ്ണത്തിൽ മുന്നണിയിതര പിൻബലമുള്ള സ്ഥാനാർഥികളും  ജയിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽനിന്ന് വിഭിന്നമായി ജില്ലയിൽ ബി.ജെ.പി. മെച്ചപ്പെട്ട പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്. താനൂർ (10), പരപ്പനങ്ങാടി (4), തിരൂർ (1), പൊന്നാനി (3), കോട്ടയ്ക്കൽ (2), മഞ്ചേരി (1) എന്നിങ്ങനെയാണ്  നഗരസഭകളിൽ ബി.ജെ.പിയുടെ സീറ്റുകൾ. ജില്ലയിലെ ഗ്രാമപ്പഞ്ചായത്തുകളിൽ 18 വാർഡുകളിലും പാർട്ടി സ്ഥാനാർഥികൾ വിജയംകണ്ടു.
തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ജില്ലയിൽ മുന്നേറ്റമുണ്ടായപ്പോൾ നിലമ്പൂരിൽ നഗരസഭയിലേക്കു മത്സരിച്ച 35 വിമത സി.പി.എം. സ്ഥാനാർഥികളിൽ രണ്ടുപേർ വിജയിച്ചത് പാർട്ടി നേതൃത്വത്തിന്  തലവേദനയായി.
മത്സരരംഗത്തുണ്ടായിരുന്ന എസ്.ഡി.പി.ഐ. കൊണ്ടോട്ടി നഗരസഭയിൽ ഒരു വാർഡിലും ജില്ലയിലെ നാല്‌ പഞ്ചായത്ത് വാർഡുകളിലും പി.ഡി.പി. എട്ട്‌ പഞ്ചായത്ത് വാർഡുകളിലും വിജയിച്ചു. പരപ്പനങ്ങാടി നഗരസഭ രണ്ടാം വാർഡിൽനിന്ന്‌ വിജയിച്ച ജനതാദൾ(യു) അംഗം പാർട്ടിയുടെ ജില്ലയിലെ ഏക നഗരസഭാ പ്രതിനിധിയാണ്.