ഒഞ്ചിയത്ത് രണ്ട് വാർഡുകൾ നഷ്ടമായി
ടി.പി. വെട്ടേറ്റുവീണ വള്ളിക്കാട് വാർഡ് ആർ.എം.പി. പിടിച്ചെടുത്തു
തൃശ്ശൂരിൽ നാലിടത്ത് ജയം


വടകര: ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ടതിന് ശേഷം നടന്ന ആദ്യ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഒഞ്ചിയത്ത് ആർ.എം.പിക്ക് തിരിച്ചടി. 
അതേസമയം ടി.പി. വെട്ടേറ്റുവീണ വള്ളിക്കാട് വാർഡ് ആർ.എം.പി പിടിച്ചെടുത്തതോടെ ചോറോട് പഞ്ചായത്തിൽ സി.പി.എമ്മിന് ചരിത്രത്തിലാദ്യമായി ഭരണം നഷ്ടമായി.
നാലാം ബദൽ എന്ന ലക്ഷ്യവുമായി തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിനെ നേരിട്ട ആർ.എം.പി കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും സാന്നിധ്യമറിയിച്ചു. സംസ്ഥാനത്തുടനീളം നൂറോളം വാർഡുകളിൽ മത്സരിച്ച ആർ.എം.പി 22-ഓളം സീറ്റുകളിലാണ് വിജയിച്ചത്. കോഴിക്കോട് ജില്ലയിൽ 15 ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ വിജയിച്ചു. തൃശ്ശൂർ ജില്ലയിൽ നാലിടത്ത് ജയിക്കാനായി. പാലക്കാട്ട് അമ്പലപ്പാറ പഞ്ചായത്തിൽ രണ്ട് വാർഡുകളും കിട്ടി. വടകര നഗരസഭയിലെ ഒരു വാർഡിൽ ആർ.എം.പി പിന്തുണച്ച സ്വതന്ത്ര വിജയം നേടി.
  ഒഞ്ചിയം പഞ്ചായത്തിൽ ആർ.എം.പി മുന്നേറ്റം നടത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും എൽ.ഡി.എഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ആകെയുള്ള 17 സീറ്റിൽ ഏഴ് സീറ്റ് എൽ.ഡി.എഫ് നേടി. കഴിഞ്ഞതവണ എട്ട് സീറ്റ് നേടിയ ആർ.എം.പിക്ക് രണ്ടുസീറ്റ് നഷ്ടപ്പെട്ടു. 10, 13 വാർഡുകൾ സി.പി.എം ആർ.എം.പിയിൽ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ടി.പിയുടെ വീടിരിക്കുന്ന വാർഡിൽ മുസ്‌ലിംലീഗ് സ്ഥാനാർഥി വിജയിച്ചു. യു.ഡി.എഫ് ഇതടക്കം നാലുസീറ്റ് നേടി. ഒഞ്ചിയത്ത് ആറ്്‌  വാർഡുകളിൽമാത്രമാണ് യു.ഡി.എഫ് സ്ഥാനാർഥികളെ നിർത്തിയത്. ഇപ്പോൾ ആർ.എം.പിക്കും യു.ഡി.എഫിനുംകൂടി 10 സീറ്റുകളുള്ളതിനാൽ ആർ.എം.പി വീണ്ടും ഭരണത്തിലെത്താനുള്ള സാധ്യതയുണ്ട്. ആർ.എം.പിക്ക് പിന്തുണനൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പിന്തുണ സ്വീകരിക്കുന്ന കാര്യം ആർ.എം.പി തീരുമാനിച്ചിട്ടില്ല.
 ടി.പി. ചന്ദ്രശേഖരൻ വെട്ടേറ്റുവീണ വള്ളിക്കാട് ഉൾക്കൊള്ളുന്ന ചോറോട് പഞ്ചായത്തിൽ രണ്ടുസീറ്റ് നേടാനായത് ആർ.എം.പിക്ക് നേട്ടമായി. കഴിഞ്ഞതവണ ചോറോടിൽ ഒരുസീറ്റ് ആർ.എം.പി നേടിയിരുന്നു. ഇത്തവണ പിടിച്ചെടുത്തത് കാലങ്ങളായി സി.പി.എം മാത്രം ജയിക്കുന്ന വള്ളിക്കാട് വാർഡാണ്. ഈ വാർഡ് നഷ്ടമായതോടെ ഇടതുപക്ഷത്തിന് ചോറോട് ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയായി. 21 വാർഡുകളുള്ള ഇവിടെ ഒമ്പത് സീറ്റുവീതം എൽ.ഡി.എഫും യു.ഡി.എഫും നേടി. ഒരു സീറ്റ് ബി.ജെ.പിക്കാണ്. മുന്നണികൾ  തുല്യത പാലിച്ചതോടെ ആർ.എ.പിയുടെ നിലപാട് ഇവിടെ നിർണായകമാകും.
 ഏറാമല പഞ്ചായത്തിൽ കഴിഞ്ഞതവണ നേടിയ മൂന്നുസീറ്റും അഴിയൂരിൽ രണ്ടുസീറ്റും ആർ.എം.പി നിലനിർത്തി. വടകര ബ്ലോക്ക് പഞ്ചായത്തിലും രണ്ടുസീറ്റ് കിട്ടി. 
കോഴിക്കോട്, തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ആർ.എം.പി എസ്.യു.സി.ഐയുടെയും എം.സി.പി (ഐ)യുടെയും പിന്തുണയോടെ മത്സരിച്ചിരുന്നു. ഇതിൽ തൃശ്ശൂർ ജില്ലയിലെ കുന്നംകുളം നഗരസഭയിൽ മൂന്നിടങ്ങളിൽ വിജയിച്ചു. തളിക്കുളം പഞ്ചായത്തിലും ഒരു വാർഡ് കിട്ടി. കഴിഞ്ഞതവണ ഇവിടെ രണ്ടു സീറ്റുകളുണ്ടായിരുന്നു.
 ആർ.എം.പിക്ക് തിരിച്ചടി ഉണ്ടായിട്ടില്ലെന്നും മുന്നേറ്റമാണുണ്ടായതെന്നും സംസ്ഥാനസെക്രട്ടറി എൻ.വേണു പറഞ്ഞു. പാർട്ടിക്ക് സ്വാധീനമില്ലാത്ത മേഖലകളിൽപ്പോലും മികച്ച പ്രകടനം കാഴ്ചവെക്കാനായി. ഒഞ്ചിയം പഞ്ചായത്തിൽ സി.പി.എം വർഗീയകക്ഷികളായ എസ്.ഡി.പി.ഐയെയും ബി.ജെ.പിയെയും കൂട്ടുപിടിച്ചാണ് മത്സരിച്ചതെന്ന് വേണു കുറ്റപ്പെടുത്തി.