ചുവടുറപ്പിച്ച് ബി.ജെ.പി. 

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയഭൂപടത്തിൽ കാവിയും മഷിപുരളുമ്പോൾ വർഗ്ഗീയ ചേരിതിരിവിനെ എതിരിടാൻ ത്രിവർണമോ, ചുവപ്പോ കൂടുതൽ കരുത്തുകാണിക്കുമെന്ന ചോദ്യമാണ് തദ്ദേശതിരഞ്ഞെടുപ്പ് മുന്നോട്ടുവെയ്ക്കുന്നത്. തിരഞ്ഞെടുപ്പിലെ വിജയം ഇടതുമുന്നണിക്ക് ആത്മവിശ്വാസം നൽകുമ്പോൾ ഭരണത്തുടർച്ചയ്ക്കായി  മുഖം മിനുക്കാൻ യു.ഡി.എഫിന് വേറെ ലേപനം തേടേണ്ടിവരും. മേൽക്കൈ നേടാനായില്ലെങ്കിലും യു. ഡി.എഫ്. പിടിച്ചുനിന്നു; പക്ഷേ, പ്രതീക്ഷിച്ച വിജയം നേടാനായില്ല. 
    രാഷ്ട്രീയപരീക്ഷണമായി എസ്.എൻ.ഡി.പി.യോഗത്തെ കൂട്ടുപിടിച്ച് ബി.ജെ.പി.  നടത്തിയ പരീക്ഷണം വിജയമായിരുന്നുവെന്ന് പറയുക വയ്യ. മൂന്ന് പഞ്ചായത്തിൽ മാത്രമുണ്ടായിരുന്ന ഭരണം ബി.ജെ.പി.ക്ക് 13 പഞ്ചായത്തിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ അതിനെക്കാളുപരി അസാധ്യമെന്ന് കരുതിയ പലയിടത്തും ബി.ജെ.പി.ക്ക് അക്കൗണ്ട് തുറക്കാനുമായി. 
    വോട്ട് ഓഹരിയിലും ബി.ജെ.പി.ക്ക് വർദ്ധനയുണ്ട്. ബി.ജെ.പി. വോട്ടിന്റെ ക്രമാനുഗതമായ വർദ്ധനയാണുണ്ടായത്. താരതമ്യേന അവർക്ക് ശക്തിയുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ അവർ രണ്ടാം സ്ഥാനത്ത് വന്നു. പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 
    ബി.ജെ.പി. -എസ്.എൻ.ഡി.പി. യോഗം കൂട്ടുകെട്ട് വന്നപ്പോൾ അത് യു.ഡി.എഫിനെ ബാധിക്കില്ലെന്നായിരുന്നു ആദ്യവിലയിരുത്തൽ. എന്നാൽ ഫലം ആ ചിന്ത അസ്ഥാനത്താക്കുന്നു. എസ്.എൻ.ഡി.പി. യോഗം ക്യാമ്പിൽ നിന്ന് ഇടതുമുന്നണിയുടെ വോട്ടുകൾ പോയിട്ടുണ്ടെങ്കിൽ ഇതിനോട് എതിർപ്പുള്ള ന്യൂനപക്ഷങ്ങളുടെ വോട്ട് ഇടതുപാളയത്തിലെത്തിയെന്ന്‌ കാണാം. എസ്.എൻ.ഡി.പി. യോഗം-ബി.ജെ.പി. കൂട്ടുകെട്ടിനോട് യു.ഡി.എഫ്. പുലർത്തിയ മൃദുസമീപനം അവർക്ക് തിരിച്ചടിയായെന്ന് വ്യക്തം. 
    തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ഇടതുമുന്നണിക്ക് മേൽക്കൈ. കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കാസർകോട് എന്നിവിടങ്ങളിലാണ് യു.ഡി. എഫിന് നേട്ടം. 2010 ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ യു.ഡി.എഫിന് ഈ ഫലം തിരിച്ചടിയാണ്. 
    എന്നാൽ 2010 ൽ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലുണ്ടായ വിജയം യു.ഡി.എഫിന് തുടർന്നുവന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിലനിർത്താനായില്ല. ഇപ്പോൾ ഉണ്ടായ വിജയം ഇടതുമുന്നണിക്ക് നിലനിർത്താനാകുമോയെന്നത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുണ്ടാകുന്ന രാഷ്ട്രീയ സംഭവവികാസങ്ങളെക്കൂടി ആശ്രയിച്ചിരിക്കുന്നു. 
    മുസ്ലിം ലീഗിന്റെ കോട്ടകളിൽ ചെറുതായെങ്കിലും ഇളക്കം തട്ടിയതിന് കാരണം മുന്നണിയിൽതന്നെ മുന്നണി സംവിധാനം ഇല്ലാതാക്കുന്ന സമീപനമുണ്ടായതാണ്. കോൺഗ്രസിന് കാര്യമായ സീറ്റ് വിഹിതം നൽകാതെ ലീഗ് സ്വന്തം ശക്തിയിൽ വിശ്വാസമർപ്പിച്ചപ്പോൾ അവിടെ മുന്നണിക്കുള്ളിൽ 23 പഞ്ചായത്തിൽ സൗഹൃദ മത്സരം നടന്നു. എന്നാൽ അതിൽ പത്തിടത്തും ലീഗ് തോറ്റു. 
    മന്ത്രി കെ.എം. മാണിയുടെ രാജിയാവശ്യമായിരിക്കും ഇനി സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്നുവരുന്ന പ്രധാന ആവശ്യം. തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായതിനാൽ ഭരണമുന്നണിയിൽ നിന്നുതന്നെ ഈയാവശ്യം ശക്തമാകും. ബാർ കോഴ കേസ് തിരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് യു.ഡി. എഫ്. കൺവീനർ ഉൾപ്പെടെ പറഞ്ഞുകഴിഞ്ഞു. കേരളാ കോൺഗ്രസ് ഈയാവശ്യം അംഗീകരിച്ചില്ലെങ്കിൽ സർക്കാരിന് മുമ്പിൽ അത് രാഷ്ട്രീയ പരീക്ഷണമാകും. 
    എസ്.ഡി.പി.ഐ. ഒരു കോർപ്പറേഷൻ വാർഡിലും 10 നഗരസഭാ വാർഡുകളിലും ഏതാനും പഞ്ചായത്ത് വാർഡുകളിലും ജയിച്ചതും മുഖ്യരാഷ്ട്രീയ കക്ഷികളുടെ ശ്രദ്ധയിൽപ്പെടേണ്ട കാര്യമാണ്. ഇടുക്കിയിൽ എ.ഐ.ഡി.എം. കെ.യ്ക്ക് മൂന്ന് സീറ്റ് കിട്ടിയത് അതിർത്തിയിൽ കേരളത്തിനെതിരെ വളരുന്ന തമിഴ് വികാരത്തിന്റെ പ്രതിഫലനമാണ്. പൊമ്പിളൈ ഒരുമൈ നേതാവ് ജയിച്ചതും കിഴക്കമ്പലത്ത് രാഷ്ട്രീയ പാർട്ടികളെ അകറ്റിനിർത്തി സേവന പ്രവർത്തനങ്ങളിലൂടെ ട്വന്റി 20 നേടിയ വിജയവും അരാഷ്ട്രീയ കൂട്ടുകെട്ടിൽ ജനങ്ങൾ വിശ്വാസമർപ്പിക്കുന്നതിന്റെ സാക്ഷ്യങ്ങളാണ്. 
    കൊട്ടാരക്കരയിൽ ഇടതുമുന്നണി കേരളാ കോൺഗ്രസി (ബി)ന് നൽകിയ എട്ട് സീറ്റിൽ ആറിടത്തും തോറ്റു. നഗരസഭാ ഭരണം ഇടതുമുന്നണിക്ക് ലഭിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മാണി ഗ്രൂപ്പിന്റെ സ്ഥാനാർഥിയെ പി.സി. ജോർജ്ജിന്റെ സ്ഥാനാർഥി ഈരാറ്റുപേട്ട ഡിവിഷനിൽ തോല്പിച്ചു. ഈ ഫലങ്ങളുടെയൊക്കെ അടിസ്ഥാനത്തിലായിരിക്കും ഇടതുമുന്നണി ഈ കക്ഷികളുമായി നിയമസഭാ തിരഞ്ഞെടുപ്പിൽ നീക്കുപോക്ക് നടത്തുക. 
    ആവർത്തിച്ചുവരുന്ന തോൽവികളിൽനിന്ന് വിജയത്തിലേക്കുള്ള ചുവടുമാറ്റം സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അഭിമാനത്തിന് വകനൽകും. പിണറായി വിജയന്റെ കാലത്തെ തുടർച്ചയായ തോൽവിയിൽ നിന്ന് വിജയപാതയിലേക്ക് പാർട്ടിയെ നയിക്കാനായി എന്നത് ആത്മവിശ്വാസം പകരും. 
    വി.എസ്. അച്യുതാനന്ദന്റെ അനിഷേധ്യത സി.പി.എമ്മിൽ ഒരിക്കൽ കൂടി തെളിയിക്കുന്നതിനും തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രധാന പ്രചാരകൻ വി.എസ്. ആയിരുന്നു. അദ്ദേഹത്തെ മാറ്റിനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എമ്മിനും ഇനിയാകില്ല.