V.Muraleedharanനഷ്ടപ്പെടാനൊന്നുമില്ലാത്തവരുടെ നേട്ടങ്ങൾക്ക്‌ തിളക്കമേറും. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ നേട്ടങ്ങൾക്ക്‌ ഈ തിളക്കമുണ്ട്‌. പാർട്ടി നിലവിൽവന്നിട്ട്‌ പതിറ്റാണ്ടുകളായെങ്കിലും കേരളത്തിലെ തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിൽ ഇന്നലെവരെ ബി.ജെ.പി. എവിടെയുമുണ്ടായിരുന്നില്ല. എന്നാൽ, മുന്നണിരാഷ്ട്രീയത്തിന്റെ കുറ്റിയിൽ വട്ടംചുറ്റിനിന്ന സംസ്ഥാനരാഷ്ട്രീയത്തെ അഴിച്ചുപണിയാൻ കിട്ടിയ അവസരം തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പ്രയോജനപ്പെടുത്തി എന്നുപറയാം. വിജയക്കൊടുങ്കാറ്റ്‌ ഒന്നും വീശിയടിച്ചില്ലെങ്കിലും മുന്നണികളുടെ തലപ്പൊക്കത്തിലേക്ക്‌ ബി.ജെ.പി. വളർന്നുവരുന്നു എന്നതിന്റെ അടയാളങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പ്‌ ഫലത്തിലുണ്ട്‌. ഇരുമുന്നണികൾക്കുമുള്ള മുന്നറിയിപ്പാണിത്‌.

അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കുണ്ടായ അഞ്ചിരട്ടി നേട്ടത്തെ ഒറ്റപ്പെട്ട സംഭവമെന്ന്‌ വ്യാഖ്യാനിച്ചു രാഷ്ട്രീയശത്രുക്കൾ. എല്ലാ തിരഞ്ഞെടുപ്പുകളിലും ഒ. രാജഗോപാൽ എന്ന നേതാവിനെ  സ്ഥാനാർഥിയാക്കാനാവുമോ എന്ന പരിഹാസവും ബി.ജെ.പി. കേട്ടു. അരുവിക്കരയിലേത്‌ ഒറ്റപ്പെട്ട നേട്ടമല്ലെന്ന്‌ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. തെളിയിക്കുന്നു. കാസർകോട്ടെ മൂന്നുപഞ്ചായത്തുകളിൽ  ഭരണം, പാലക്കാട്ട്‌ മുനിസിപ്പാലിറ്റിയിലെ ഏറ്റവുംവലിയ ഒറ്റക്കക്ഷി, തിരുവനന്തപുരം കോർപ്പറേഷനിൽ ആറ്‌‌ കൗൺസിലർമാർ -അഞ്ചാണ്ട്‌ മുമ്പ്‌ തദ്ദേശ തിരഞ്ഞെടുപ്പിലെ ബി.ജെ.പി.യുടെ നേട്ടം ഇത്രമാത്രമായിരുന്നു.
അന്ന്‌ ഏഴായിരം സ്ഥാനാർഥികളിൽനിന്ന്‌ പഞ്ചായത്ത്‌ വാർഡുകളിലേക്ക്‌ ജയിച്ചുകയറിയത്‌ 460 പേർ മാത്രം. ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഒരുപാട്‌ മുന്നോട്ടുപോയി എന്ന്‌ കണക്കുകൾ കാണിക്കുന്നു. അഞ്ചുവർഷം കൊണ്ടുണ്ടായ ഈ മുന്നേറ്റത്തെ ചരിത്രക്കുതിപ്പെന്ന്‌ വിശേഷിപ്പിക്കണം.

-1കേന്ദ്രത്തിലെ മോദിമാജിക്കിന്റെയും രാജഗോപാൽ എന്ന സർവസമ്മതൻ സ്ഥാനാർഥിയായതിന്റെയും പിൻബലം അരുവിക്കരയിൽ ബി.ജെ.പി.ക്കുണ്ടായിരുന്നു. ഭൂരിപക്ഷ വർഗീയത എന്ന പതിവ്‌ ആരോപണം മാത്രമായിരുന്നു രാഷ്ട്രീയശത്രുക്കൾക്ക്‌ ഉന്നയിക്കാൻ  ഉണ്ടായിരുന്നതും. എന്നാൽ, തദ്ദേശതിരഞ്ഞെടുപ്പിൽ കളിമാറി ദാദ്രി, ദളിത്‌ കൊലയും അസഹിഷ്ണുതയും പുരസ്കാര തിരസ്കാരവും ബീഫും പി.പി. മുകുന്ദൻ വിവാദവും സംവരണപ്രശ്നവും പ്രചാരണവേളയിൽ ബി.ജെ.പി.യെ വട്ടംകറക്കി. എസ്‌.എൻ.ഡി.പി. ബന്ധത്തിന്റെ പേരിലുണ്ടായ ആരോപണങ്ങളാണ്‌ ബി.ജെ.പി.യെ കൂടുതൽ തളർത്തിയത്‌. ശാശ്വതികാനന്ദയുടെ മരണവും മൈക്രോ ഫിനാൻസും ഉൾപ്പെടെയുള്ള ആരോപണങ്ങൾക്ക്‌ മറുപടിപറയേണ്ട ബാധ്യത ബി.ജെ.പി.ക്കുണ്ടായി. വേലിയിൽക്കിടന്ന വെള്ളാപ്പള്ളിയെ വെറുതെ എടുത്ത്‌ തോളത്തിട്ടു എന്ന ധാരണ ഒരുപരിധിവരെ അണികളിലും പടരാൻ ഈ ആരോപണങ്ങൾ കാരണമായി.

കേന്ദ്രനേതൃത്വം അടിച്ചേല്പിച്ച ഈ കൂട്ടുകെട്ടിനെ ഒറ്റതിരിച്ചുനിർത്തി ആക്രമിക്കാൻ ഇരുമുന്നണികളും ഉത്സാഹം കാട്ടിയപ്പോൾ പ്രതിരോധത്തിലേക്ക്‌ പിൻവാങ്ങേണ്ട സാഹചര്യവും പാർട്ടിനേതൃത്വത്തിനുണ്ടായി. കൂട്ടുകെട്ടിനെ വെള്ളാപ്പള്ളി നടേശൻ ഓരോഘട്ടത്തിൽ പല രീതിയിൽ വ്യാഖ്യാനിക്കുകകൂടി ചെയ്തപ്പോൾ ബി.ജെ.പി.നേതൃത്വത്തിന്റെ വിശദീകരണങ്ങൾ പലപ്പോഴും ദുർബലമായി. എന്നാൽ, ആർ.എസ്‌.എസ്സിന്റെ നേതൃത്വത്തിൽ തദ്ദേശ  തിരഞ്ഞെടുപ്പിനായി ഒരുവർഷം മുമ്പ്‌ ആരംഭിച്ച നിശ്ശബ്ദ പ്രവർത്തനങ്ങൾ പാർട്ടിക്ക്‌ തുണയാവുകയായിരുന്നു. മുന്നണികളുടെ ഒറ്റപ്പെടുത്തലിനെ സംഘടനയുടെ കെട്ടുറപ്പുകൊണ്ട്‌ നേരിടുന്നതിൽ സംഘപരിവാർ വിജയിച്ചു എന്ന്‌ തിരഞ്ഞെടുപ്പുഫലം തെളിയിക്കുന്നു. 

എസ്‌.എൻ.ഡി.പി. ബന്ധം ചിലനേട്ടങ്ങൾ ബി.ജെ.പി.ക്ക്‌ നൽകിയിട്ടുണ്ടെന്നുകാണാം. പാർട്ടി ശക്തമല്ലാതിരുന്ന സ്ഥലങ്ങളിൽ അടിത്തറ വികസിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്‌ പ്രധാന നേട്ടം. ഇതുവരെ സ്ഥാനാർഥികളെ മത്സരിപ്പിക്കാൻപോലും കഴിയാതിരുന്ന ഇടങ്ങളിൽ എസ്‌.എൻ.ഡി.പി. സഹായത്തോടെ രംഗത്തിറങ്ങാൻ ബി.ജെ.പി.ക്കായി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 12 ശതമാനമാണ്‌ ബി.ജെ.പി.യുടെ വോട്ടുവിഹിതം. അത്‌ വർധിപ്പിക്കാൻ എസ്‌.എൻ.ഡി.പി. ബന്ധം സഹായിച്ചിട്ടുണ്ട്‌. എന്നാൽ,  എസ്‌.എൻ.ഡി.പി.യുടെ സ്വാധീനമേഖലകളിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല എന്നത്‌ ശ്രദ്ധേയം. കഴിഞ്ഞ  തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. ശക്തിതെളിയിച്ചിട്ടുള്ള സ്ഥലങ്ങളിലാണ്‌ ഇക്കുറി പാർട്ടി വൻ മുന്നേറ്റം നടത്തിയിരിക്കുന്നത്‌. പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കായ മുന്നാക്കവിഭാഗങ്ങൾ ഇത്തവണ ബി.ജെ.പി.യെ കൈയയച്ചു സഹായിച്ചതായി കാണാം.

കൊല്ലം, ആലപ്പുഴ, വൈക്കം തുടങ്ങിയ എസ്‌.എൻ.ഡി.പി. ശക്തികേന്ദ്രങ്ങളിൽ മികച്ചവിജയമാണ്‌ ബി.ജെ.പി. പ്രതീക്ഷിച്ചത്‌. അത്‌ സംഭവിച്ചില്ല. എന്നാൽ, കായംകുളം, മാവേലിക്കര, തൊടുപുഴ തുടങ്ങിയ ഇടങ്ങളിലെ മുന്നേറ്റത്തിന്‌ എസ്‌.എൻ.ഡി.പി.യും അവകാശമുന്നയിക്കുന്നു. വെള്ളാപ്പള്ളിയുടെ ജന്മനാട്ടിൽ ബി.ജെ.പി. മൂന്നാമതായി എന്നത്‌ കൂട്ടുകെട്ടിന്റെ നിഷ്‌ഫലതയ്ക്ക്‌ ഉദാഹരണമായി പാർട്ടിയിലെ ഒരു വിഭാഗംതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഏച്ചുകെട്ടിയ ഒരു കൂട്ടുകെട്ടായാണ്‌ ബി.ജെ.പി.-എസ്‌.എൻ.ഡി.പി. ബന്ധത്തെ ഈ വിഭാഗം കാണുന്നത്‌.

മാവേലിക്കര, തൃപ്പൂണിത്തുറ, ഷൊറണൂർ, താനൂർ, പരപ്പനങ്ങാടി, കൊടുങ്ങല്ലൂർ, കാസർകോട്‌ തുടങ്ങിയ മുനിസിപ്പാലിറ്റികളിൽ രണ്ടാമതെത്തിയത്‌ ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം ചെറിയ നേട്ടമല്ല. പാലക്കാട്‌ മുനിസിപ്പാലിറ്റിയിൽ മുന്നിലെത്തി. പല മുനിസിപ്പാലിറ്റികളിലും ഗ്രാമപ്പഞ്ചായത്തുകളിലും ഭരണം ത്രിശങ്കുവിലാക്കിക്കൊണ്ടാണ്‌ ബി.ജെ.പി.യുടെ കുതിപ്പ്‌. നിരവധി  മുനിസിപ്പാലിറ്റികളിലും ഗ്രാമപ്പഞ്ചായത്തുകളിലും ആദ്യമായി ബി.ജെ.പി.ക്ക്‌ പ്രതിനിധികളുണ്ടായി എന്നതും എടുത്തുപറയണം. ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ ഒറ്റക്കക്ഷി ബി.ജെ.പി.തന്നെയാണ്‌.