തിരിച്ചടിക്ക് യു.ഡി.എഫിന് അകവും പുറവും കാരണം
oomen chandiഭരണത്തുടർച്ചയ്ക്കുള്ള അംഗീകാരമെന്ന നിലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫിനേറ്റ തിരിച്ചടി മുന്നോട്ടുള്ള വഴികൾ കൂടുതൽ ദുർഘടമാക്കും. പഞ്ചായത്ത്, നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും ആവർത്തിച്ചുള്ള വിജയമായിരുന്നു  ഇത്തരമൊരു മുദ്രാവാക്യത്തിന്റെ ചേരുവ. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പുഫലം ഭരണത്തുടർച്ചയ്ക്കുള്ള പച്ചക്കൊടിയല്ല ഉയർത്തുന്നത്. എന്നാൽ, എഴുതിത്തള്ളാൻ തക്ക വിധത്തിൽ യു.ഡി.എഫ്. തകർന്നടിഞ്ഞുമില്ല. 
    
യു.ഡി.എഫിന്റെ തിരിച്ചടിക്ക് മുന്നണിക്കകത്തും പുറത്തും കാരണങ്ങൾ തേടണം. സാമുദായികമായ വേർതിരിവ് ഉണ്ടാക്കാനുള്ള  അജൻഡയായിരുന്നു ഈ തിരഞ്ഞെടുപ്പിനെ നിയന്ത്രിച്ച പ്രധാന രാഷ്ട്രീയഘടകം. സാമുദായിക ചേരിതിരിവിനുള്ള ശ്രമം നടക്കുമ്പോൾ അതിനനുകൂലമായും പ്രതികൂലമായും വോട്ടുകൾ വിഭജിക്കപ്പെടും. വർഗീയചേരിതിരിവിന് അനുകൂലമായ വോട്ടുകൾ സ്വാഭാവികമായും ബി.ജെ.പി.ക്ക് കിട്ടി. വർഗീയതയെ കൂടുതൽ കടന്നാക്രമിച്ചത് ഇടതുമുന്നണിയായതിനാൽ അത്തരം വോട്ടുകൾ അവർക്ക് അനുകൂലമായെന്ന് ഒറ്റനോട്ടത്തിൽ കാണാം. 
  
 എന്നാൽ, യു.ഡി.എഫിന്റെ തിരിച്ചടി ഇതിൽ മാത്രം ഒതുങ്ങുന്നില്ല. മധ്യതിരുവിതാകൂറിൽ യു.ഡി.എഫ്. കോട്ട കാത്തെങ്കിലും മറ്റ് സ്ഥലങ്ങളിൽ പരമ്പരാഗതമായി പിന്തുണച്ചിരുന്നവരുടെ വോട്ട്  പ്രതീക്ഷിച്ചപോലെ മുന്നണിക്ക് കിട്ടിയില്ല. യു. ഡി.എഫിൽ ന്യൂനപക്ഷപ്രീണനം കൂടുതലാണെന്ന പരാതി ഭൂരിപക്ഷ വിഭാഗത്തിനുണ്ട്. അഞ്ചാംമന്ത്രി സ്ഥാനം വിലപേശി മുസ്‌ലിം ലീഗ് കൈയടക്കിയതുമുതൽ ഇത് ശക്തമായി. പല ഉയർന്ന സ്ഥാനങ്ങളിലേക്കുമുള്ള നിയമനങ്ങൾ, നിലവിളക്ക് കത്തിക്കൽ വിവാദം, വിദ്യാഭ്യാസമേഖലയിൽ കൈക്കൊണ്ട നടപടികൾ ഒക്കെ ഈ തീയിൽ എണ്ണയൊഴിച്ചു.     ഈ ചിന്ത യു.ഡി.എഫിലെ ഭൂരിപക്ഷ വിഭാഗത്തിന്റെ മനസ്സിൽ ചാഞ്ചല്യമുണ്ടാക്കിയെന്ന് കാണാം. തെക്കൻ ജില്ലകളിലെ തിരിച്ചടിക്ക് പ്രധാന കാരണമിതാണ്. തിരുവനന്തപുരത്ത് എസ്.എൻ.ഡി.പി. കൂട്ടുകെട്ടല്ല ബി.ജെ.പി.യുടെ വലിയ മുന്നേറ്റത്തിന് കാരണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ 61 വാർഡുകളിൽ ബി.ജെ.പി.ക്ക് മേൽകൈയുണ്ടായിരുന്നു. ആ അർഥത്തിൽ നോക്കിയാൽ ഇപ്പോൾ ഭൂരിപക്ഷം 34 വാർഡിലായി ചുരുങ്ങിയെന്ന് കാണാം. ബി.ജെ.പി.യുടെ അടിത്തറ തലസ്ഥാനത്ത് ശക്തമായി നിലനിൽക്കുന്നുവെന്നതാണ് യാഥാർഥ്യം. 

    കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ യു.ഡി.എഫിന് മേൽകൈയുണ്ട്. ആലപ്പുഴയിലും തൃശ്ശൂരിലും ഒരുവിധം പിടിച്ചുനിന്നു. മലബാർ മേഖലയിലാണ് യു.ഡി.എഫിന് വലിയ തിരിച്ചടി നേരിട്ടത്. എസ്.എൻ.ഡി.പി. - ബി.ജെ.പി. കൂട്ടുകെട്ടിനെതിരെയുള്ള വിധിയെഴുത്ത് ഇടതുമുന്നണിക്കൊപ്പം നിന്നു. സി.പി.എം. ഈ കൂട്ടുകെട്ടിനെതിരെ ശക്തമായി രംഗത്തുവന്നപ്പോൾ കോൺഗ്രസ്സിന്റെ പ്രതികരണം മൃദുവായിരുന്നു. 

    ആദ്യഘട്ട പ്രചാരണം കഴിഞ്ഞപ്പോൾ യു.ഡി. എഫ്. എന്തുകൊണ്ട് ഈ കൂട്ടുകെട്ടിനെ എതിർക്കുന്നില്ല എന്ന ചോദ്യമാണ് ഇടതുമുന്നണി ഉയർത്തിയത്. എസ്.എൻ.ഡി.പി. വഴി ബി.ജെ.പി.യിലേക്ക് ചോരുന്ന വോട്ടുകൾ ഇടതുമുന്നണിയുടെ നഷ്ടമെന്ന നിലയിലാണ് യു.ഡി.എഫ്. കണ്ടത്. ആ വഴിയുള്ള ലാഭം നോക്കിയത് ഐക്യമുന്നണിക്ക് വിനയായി. മലബാറിൽ കാസർകോട്‌ മാത്രമാണ് ഇതിനൊരപവാദം. കാസർകോട്‌ ജില്ലാ പഞ്ചായത്ത് യു.ഡി.എഫ്. തിരിച്ചുപിടിച്ചുവെന്നത് മലബാറിലെ പൊതു വോട്ടിങ്‌ രീതിയിൽ നിന്ന്  വേറിട്ടുനിൽക്കുന്നു. 

    യു.ഡി.എഫിലെ അനൈക്യമാണ് തിരിച്ചടിക്കുള്ള മറ്റൊരു കാരണം. മലപ്പുറത്ത് കോൺഗ്രസ്സും ലീഗും 13 പഞ്ചായത്തിൽ ഏറ്റുമുട്ടി. ഇടുക്കിയിൽ പലയിടത്തും കോൺഗ്രസ്സും കേരള കോൺഗ്രസ്സും സൗഹൃദമത്സരത്തിലായിരുന്നു. ഇതൊക്കെ വിനയായി. പരസ്പരം ഏറ്റുമുട്ടിയ പഞ്ചായത്തുകളിൽ പത്തിടത്തും ലീഗിന് തിരിച്ചടിയേറ്റു. 

    -1തിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം അവശേഷിക്കെ ബാർ കോഴക്കേസിൽ വന്ന വിധി യു.ഡി.എഫിന്റെ വായ അടപ്പിക്കുന്നതായിരുന്നു. രാഷ്ട്രീയഔചിത്യം പാലിച്ച്  മന്ത്രി മാണി രാജിവെക്കണമെന്ന അഭിപ്രായം തുറന്നുപറയാനാകാതെ പിന്നെ പറയാമെന്ന നിലപാട് കോൺഗ്രസ് നേതാക്കൾക്ക് എടുക്കേണ്ടിവന്നു. അഴിമതിക്കാര്യം എൽ.ഡി.എഫ്. നന്നായി മുതലെടുത്തു. 
    കഴിഞ്ഞ പ്രാവശ്യത്തെ തദ്ദേശതിരഞ്ഞെടുപ്പുമായി തട്ടിക്കുമ്പോൾ യു.ഡി.എഫിന് വലിയ തിരിച്ചടി തന്നെ. എന്നാൽ, രണ്ട് കോർപ്പറേഷനും ഏഴ് ജില്ലാ പഞ്ചായത്തും 40 നഗരസഭയും 61 ബ്ലോക്ക് പഞ്ചായത്തും 378 ഗ്രാമപഞ്ചായത്തും യു.ഡി.എഫിനുണ്ട്. ജില്ലാ പഞ്ചായത്തിലും നഗരസഭയിലും ഏതാണ്ട് ഇടതുമുന്നണിയുമായി ഏതാണ്ട് തുല്യതയുണ്ടെന്ന് സാരം. തിരുവനന്തപുരം കോർപ്പറേഷനിൽ മൂന്നാംസ്ഥാനത്തായതാണ് ഏറ്റവും വലിയ തിരിച്ചടി. ഭരണം പ്രതീക്ഷിച്ച തൃശ്ശൂരിൽ തിരിച്ചടിയായി. കോഴിക്കോട് കോർപ്പറേഷൻ ഏതാണ്ട് പൂർണമായി കൈവിട്ടു. കണ്ണൂരിൽ നല്ല വിജയം പ്രതീക്ഷിച്ചെങ്കിലും വിമതന്റെ സഹായത്തോടെയേ ഭരിക്കാനാകൂ. കൊച്ചി കോർപ്പറേഷനിൽ മാത്രമാണ് മെട്രോ നഗരങ്ങളിൽ അഭിമാനാർഹമായ ജയം നേടാനായത്. 
    
യു.ഡി.എഫിന് ഇതൊരു ഞെട്ടൽ ചികിത്സയാണ്. അവശേഷിക്കുന്ന മാസങ്ങൾ സർക്കാറിന് തുടരാം. എന്നാൽ, വരുംദിവസങ്ങളിൽ മന്ത്രി മാണിയുടെ രാജിക്കായുള്ള മുറവിളി ഉയരും. കേരള കോൺഗ്രസ് അതിന് വിസമ്മതിച്ചാൽ സർക്കാർ പ്രതിസന്ധിയിലാകും. ഇടതുമുന്നണി വിപുലീകരിക്കാനുള്ള ശ്രമം നടക്കുന്നു. ഇടതുസ്വഭാവമുള്ള ആർ.എസ്.പി., ജനതാദൾ യു. എന്നീ കക്ഷികളെ സി.പി.എം. ഇതിനോടകം തന്നെ ക്ഷണിച്ചു. കൊല്ലത്ത് ആർ.എസ്.പി.ക്കേറ്റ തിരിച്ചടിയും  കണക്കിലെടുക്കണം. ഇതൊക്കെ യു.ഡി.എഫിൽ നിന്ന് പടിയിറങ്ങാൻ ഈ കക്ഷികൾ കാരണമാക്കിയാൽ യു.ഡി.എഫ്. കൂടുതൽ ബുദ്ധിമുട്ടിലാകും. 
    നേതൃമാറ്റം എന്ന ആവശ്യം ശക്തമായിട്ടല്ലെങ്കിലും ഉയർന്നുവന്നേക്കാം. നിയമസഭാ തിരഞ്ഞെടുപ്പ് പുതിയ നേതാവിന്റെ നേതൃത്വത്തിൽ വേണമെന്ന ആവശ്യം കോൺഗ്രസ്സിലെ ഐ വിഭാഗം ഉയർത്തിയേക്കും. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം പൂർണമായ തിരിച്ചടിയല്ലാത്തതിനാൽ അതിന് വേരോട്ടം കിട്ടാനും ഹൈക്കമാൻഡ് അതംഗീകരിക്കാനും പ്രയാസമായിരിക്കും.