അരുവിക്കര ഉപതിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട സ്ഥിതിയിലായിരുന്ന എൽ.ഡി.എഫിന്റെ ഉയിർത്തെഴുന്നേൽപ്പാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ ജനവിധി. ഉമ്മൻചാണ്ടി മന്ത്രിസഭ അധികാരത്തിൽവന്നതിനുശേഷം നടന്ന എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ലോക്‌സഭാതിരഞ്ഞെടുപ്പിലും എൽ.ഡി.എഫ്. പരാജയപ്പെട്ടിരുന്നു. തുടർച്ചയായി തിരഞ്ഞെടുപ്പുകളിൽ തോൽക്കുന്ന മുന്നണിയെന്ന പ്രതിച്ഛായയാണ് ഈ വിജയത്തോടെ എൽ.ഡി.എഫ്. മറികടന്നിരിക്കുന്നത്. ഇനിയിപ്പോൾ എൽ.ഡി.എഫിന് വർധിതവീര്യത്തോടെ അടുത്തവർഷം മധ്യത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാകും.

എസ്.എൻ.ഡി.പി.യോഗവും ബി.ജെ.പി.യും
തമ്മിലുള്ള കൂട്ടുകെട്ടിന്റെ പിന്നിലെ രാഷ്ട്രീയത്തെ  തുറന്നുകാട്ടാനും ഉത്തരേന്ത്യയിലെ ബീഫ് രാഷ്ട്രീയം കേരളത്തിൽ പ്രചാരണവിഷയമാക്കാനും 
മുന്നിട്ടിറങ്ങിയത് സി.പി.എമ്മും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനുമായിരുന്നു

ഈ തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായിരുന്നുവെങ്കിൽ അത് ഇടതുമുന്നണിയിലും സി.പി.എമ്മിലും ഒരുപോലെ പ്രശ്നങ്ങൾക്ക് വഴിതെളിക്കുമായിരുന്നു. അടുത്ത അഞ്ചു വർഷത്തേക്കുകൂടി സംസ്ഥാനഭരണം അകന്നു പോകുന്നുവെന്ന സ്ഥിതി സി.പി.എമ്മിന്റെ അഭ്യന്തരരാഷ്ട്രീയം കലുഷിതമാക്കും. എൽ.ഡി.എഫിൽ അനൈക്യം സൃഷ്ടിക്കും. ഇടതുമുന്നണിയുടെ പരാജയം മുന്നണിയെ നയിച്ച സി.പി.എം. നേതൃത്വത്തിന്റെ പരാജയമായി വിലയിരുത്തപ്പെടുമായിരുന്നുവെന്ന കാര്യം ഉറപ്പാണ്. നിയമസഭാതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ നായകനെച്ചൊല്ലിയുള്ള ഒരു വിവാദത്തിന് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സി.പി.ഐ. നേതാവ് സി. ദിവാകരൻ തിരികൊളുത്തിയിരുന്നു. എന്നാൽ, സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ ഇടപെടലോടെ ഈ വിവാദം കെട്ടടങ്ങി. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പരാജയപ്പെട്ടിരുന്നുവെങ്കിൽ ഈ വിവാദത്തിന് വീണ്ടും ജീവൻെവക്കുമായിരുന്നു.
%തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിൽ പ്രചാരണം മൂർധന്യാവസ്ഥയിലെത്തിയ ഘട്ടത്തിലാണ് മന്ത്രി കെ.എം. മാണിക്കെതിരായ വിജിലൻസ് കോടതി പരാമർശം ഉണ്ടായത്. ഇത്‌ സമർഥമായി പ്രയോജനപ്പെടുത്താനായതാണ് എൽ.ഡി.എഫിനു നേട്ടമായത്. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ഘട്ടത്തിൽ സർക്കാറിനെതിരായ ആരോപണങ്ങളോ ഭരണപരാജയങ്ങളോ പ്രചാരണവിഷയമാക്കാൻ എൽ.ഡി.എഫിനു കഴിഞ്ഞിരുന്നില്ല. സർക്കാറിനെതിരെ പ്രതിപക്ഷം തന്നെ നേരത്തേ ഉന്നയിച്ച വിഷയങ്ങൾ പോലും ഉയർത്തിക്കൊണ്ടുവരാൻ കഴിയാതെ പ്രാദേശിക വിഷയങ്ങളിൽ പ്രചാരണം ചുറ്റിത്തിരിയുന്ന വേളയിലുണ്ടായ കോടതി പരാമർശം സ്വാഭാവികമായും ഇടതുമുന്നണിക്ക്‌ നല്ലൊരു ആയുധമാകുകയായിരുന്നു. ഇതോടെ ആക്രമണത്തിന്റെ കുന്തമുന മാണിക്കെതിരെ തിരിക്കാനും വികസനത്തിന്റെ പേരിൽ വോട്ടുചോദിച്ച  സർക്കാറിനെ അഴിമതിയാരോപണത്തിന്റെ പത്മവ്യൂഹത്തിൽ കുടുക്കാനും ഇടതുമുന്നണിക്കായി. അതേസമയം, പ്രചാരണരംഗത്ത് മന്ത്രി കെ.എം. മാണിയെ പ്രതിരോധിക്കാൻ യു.ഡി.എഫ്. ഒറ്റക്കെട്ടായി രംഗത്തുവരാഞ്ഞതും എൽ.ഡി.എഫിന് അനുഗ്രഹമായി.

%ഒരർഥത്തിൽ അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം കേരളത്തിലുണ്ടാക്കിയ ബോധ്യമാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന് അനുകൂലമായ വിധിയെഴുത്തിന് കളമൊരുക്കിയത്. കേരളത്തിൽ ബി.ജെ.പി. ശക്തിപ്പെടുന്നുവെന്ന പ്രതീതിയാണ് അരുവിക്കരയിൽ ബി.ജെ.പി. സ്ഥാനാർഥി ഒ. രാജഗോപാലിന്റെ വോട്ടുവിഹിതത്തിലുണ്ടായ വൻവർധന സൃഷ്ടിച്ചത്. ബി.ജെ.പി.യുടെ വളർച്ചയിൽ മതന്യൂനപക്ഷങ്ങൾക്കിടയിലുണ്ടായ ആശങ്ക സമർഥമായി പ്രയോജനപ്പെടുത്താൻ പര്യാപ്തമായ രാഷ്ട്രീയം മുന്നോട്ടുവെക്കാൻ കഴിഞ്ഞത് എൽ.ഡി.എഫിനാണ്. അതാണ് എസ്.എൻ.ഡി.പി.യോഗവും ബി.ജെ.പി.യും തമ്മിലുണ്ടായ സഹകരണം വഴിയുണ്ടായ നഷ്ടം പരിഹരിക്കാൻ എൽ.ഡി.എഫിന് തുണയായതെന്നുതന്നെ കരുതണം. എസ്.എൻ.ഡി.പി.യോഗവും ബി.ജെ.പി.യും തമ്മിലുള്ള കൂട്ടുകെട്ടിന്റെ പിന്നിലെ രാഷ്ട്രീയത്തെ  തുറന്നുകാട്ടാനും ഉത്തരേന്ത്യയിലെ ബീഫ് രാഷ്ട്രീയം കേരളത്തിൽ പ്രചാരണവിഷയമാക്കാനും  മുന്നിട്ടിറങ്ങിയത് സി.പി.എമ്മും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനുമായിരുന്നു.
മുൻകാലങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി സി.പി.എം. ഔദ്യോഗിക നേതൃത്വവും പ്രതിപക്ഷനേതാവ് വി.എസ്‌. അച്യുതാനന്ദനും വളരെ ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ടുവെന്നത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ സഹായിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പായതിനാൽ പാർട്ടി നേതൃനിരയിലെ വിഭാഗീയതയും പ്രതിഫലിക്കപ്പെട്ടില്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ്  വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ആ നിലയ്ക്ക് ഈ തിരഞ്ഞെടുപ്പ് നൽകിയ ഊർജം എൽ.ഡി.എഫ്. നേതൃനിരയിൽ ദൃശ്യമാണ്. സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാനസർക്കാറിന്റെ രാജി ആവശ്യപ്പെട്ടുകഴിഞ്ഞു. ആ ആവശ്യം അംഗീകരിക്കപ്പെടില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഉടനെ ആരംഭിക്കുമെന്നാണ് സൂചന. യു.ഡി.എഫിലെ ഘടകകക്ഷികളും മുമ്പു എൽ.ഡി.എഫ്. വിട്ടവരുമായ ജനതാദൾ(യു), ആർ.എസ്.പി. എന്നീ പാർട്ടികളെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചുകൊണ്ട് എൽ.ഡി.എഫ്‌. കൺവീനർ വൈക്കം വിശ്വനും സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനംരാജേന്ദ്രനും പരസ്യമായി രംഗത്തുവന്നതും ശ്രദ്ധേയമാണ്.